UPDATES

കായികം

ചാമ്പ്യന്‍സ് ലീഗ് :എ എസ് റോമയെ വീഴ്ത്തി റയൽ മാഡിഡ് ; മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ട്ടിച്ച്‌ രക്ഷപ്പെട്ടു

ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തിയത്

ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ റോമയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് തോല്‍വികളില്‍ നിന്ന് ജയിച്ച് കയറി റയല്‍മാഡ്രിഡ്. ഗ്രൂപ്പ് ജിയിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ വിജയം കൈപിടിയിലാക്കി. റയലിനായി ഗാരത് ബെയ്ല്‍ (47), ലൂക്കാസ് വാസ്‌ക്വസ് (59) എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യപാദത്തില്‍ റയലിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റോമ തോല്‍വി വഴങ്ങിയിരുന്നു.

മറ്റൊരു മത്സരത്തില്‍ സ്‌പെയിനില്‍ നിന്നെത്തിയ വലന്‍സിയയെ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. 59-ാം മിനിറ്റില്‍ മാരിയോ മാന്‍സൂക്കിച്ചാണ് യുവെയുടെ ഏക ഗോള്‍ പേരിലെഴുതിയത്. മത്സരത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മാന്‍സൂക്കിച്ച് നേടിയ ഗോളിന് വഴിയൊരുക്കി കൊടുത്തത് റൊണാള്‍ഡോ ആയിരുന്നു. ബോക്‌സിനുള്ളില്‍ ഇടത് വിംഗില്‍ വലന്‍സിയ പ്രതിരോധത്തെ കബളിപ്പിച്ച റോണോ മാന്‍സൂക്കിച്ചിലേക്ക് പന്തെത്തിച്ചു. ഗോള്‍ കീപ്പറും പ്രതിരോധനിരക്കാരും തടയാനില്ലാതിരുന്ന അവസരം ക്രൊയേഷ്യന്‍ താരം അനായാസം മുതലാക്കി.

ഗ്രൂപ്പ് എച്ചില്‍ യംഗ് ബോയ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന നിമിഷം പിറന്ന ഗോളാണ് മിന്നും ചെറുത്തു നില്‍പ് നടത്തിയ യംഗ് ബോയ്‌സിനെതിരെ വിജയിക്കാനായത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മൗറോ ഫെല്ലാനിയാണ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ യുവന്റസിന് പിന്നില്‍ രണ്ടാമതാണ് മാഞ്ചസ്റ്റര്‍. ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. ആര്യന്‍ റോബന്‍ (13,30), റോബര്‍ട്ട് ലെവന്‍ഡോവസ്‌കി (36,51) ഫ്രാങ്ക് റിബറി (76) എന്നിവരാണ് ഗോളുകള്‍ നേടിയത്. ജെഡ്‌സണ്‍ ഫെര്‍ണാണ്ടസ് (46) ആണ് ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍, ഗ്രൂപ്പ് എഫില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ലയോണ്‍ സമനിലയില്‍ കുരുക്കി. രണ്ട് വട്ടം മുന്നിലെത്തിയ ലയോണ്‍ അട്ടിമറി ഭീഷണികള്‍ മുഴക്കിയെങ്കിലും ഒരുവിധം സമനിലയുമായി ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ തടിതപ്പി.

ഇന്നു പ്രമുഖ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍, ഫ്രഞ്ച് സംഘം പിഎസ്ജിയെ നേരിടും.  മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് പിഎസ്‌വി ഐന്തോവനാണ് എതിരാളികള്‍. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാന്‍  ടോട്ടനത്തെ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍