UPDATES

കായികം

യൂറോപ്പ ലീഗില്‍ ആഴ്‌സണല്‍ – ചെല്‍സി ഫൈനല്‍; ചരിത്രം തിരുത്തി ഇംഗ്ലീഷ് ടീമുകള്‍

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പെനാല്‍റ്റിയലൂടെയാണ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ചെല്‍സി യൂറോപ്പ ലീഗ് ഫൈനലില്‍ കടന്നത്.

ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പേരാട്ടത്തിനൊടുവില്‍ ടോട്ടെന്‍ഹാം ഹോട്ട്‌ സ്പര്‍സ്- ലിവര്‍പൂള്‍ ടീമുകള്‍ കലാശ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ യൂറോപ്പ ലീഗില്‍ ആഴ്‌സണല്‍ – ചെല്‍സി ഫൈനല്‍. രണ്ട് യൂറോപ്യന്‍ ചാമ്പ്യഷിപ്പുകളിലും ഒരു രാജ്യത്ത് നിന്നുള്ള ടീമുകള്‍ കളിക്കുന്നെന്ന അത്യപൂര്‍വ്വമായ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

വലന്‍സിയയെ പരാജയപ്പെടുത്തി ആഴ്‌സണല്‍ യൂറോപ്പ ഫൈനലില്‍ കടന്നപ്പോള്‍ പെനാല്‍റ്റിയില്‍ ജര്‍മ്മന്‍ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചാണ് ചെല്‍സി ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് യൂറോപ്യന്‍ ഫൈനലുകളിലും ഇംഗ്ലീഷ് ടീമുകള്‍ ആയതിനാല്‍ സൂപ്പര്‍ കപ്പ് ഇംഗ്ലണ്ടിലേക്ക് തന്നെയാണ് എത്തുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു രാജ്യത്തു നിന്നുള്ള ടീമുകള്‍ രണ്ട് ഫൈനലുകളില്‍ കളിക്കുന്നത്. അവസാനമായി ഒരു ഇംഗ്ലണ്ട് ടീം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത് 2012ല്‍ ചെല്‍സിയാണ്. 2017ല്‍ യൂറോപ്പ സ്വന്തമാക്കാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റെഡിനും കഴിഞ്ഞിരുന്നു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പെനാല്‍റ്റിയലൂടെയാണ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ചെല്‍സി യൂറോപ്പ ലീഗ് ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ എത്തിയത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ രണ്ടു പെനാല്‍റ്റി രക്ഷപ്പെടുത്തിയ കെപയാണ് ചെല്‍സിയുടെ ഹീറോ. മത്സരത്തിന്റെ തുടക്കത്തില്‍ ചെല്‍സിയുടെ ആധിപത്യമാണ് കണ്ടത്. അതിനു പ്രതിഫലമെന്നോണം ലോഫ്റ്റസ് ചീകിലൂടെ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ഫ്രാങ്ക്ഫര്‍ട്ട് ജോവിച്ചിലൂടെ മത്സരത്തില്‍ സമനില പിടിക്കുകയായിരുന്നു. പിന്നീട് രണ്ടു തവണ ഫ്രാങ്ക്ഫര്‍ട്ടിന്റെ ശ്രമം ഗോള്‍ ലൈനില്‍ വെച്ച് അവസാനിച്ചു. തുടര്‍ന്ന് പെനാല്‍റ്റിയില്‍ ചെല്‍സി ജയിച്ചു കയറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍