UPDATES

കായികം

കോപ്പ അമേരിക്കയ്ക്ക് കാത്തിരിപ്പ്; ഗ്രൂപ്പുകളായി, അര്‍ജന്റീനയ്ക്ക് പോരാട്ടം കടുക്കും

കഴിഞ്ഞ രണ്ടു തവണയും ജേതാക്കളായ ചിലി, ഗ്രൂപ്പ് സിയിലാണ്.

ലാറ്റിന്‍ ഫുട്ബോളിന്റെ മനോഹാര്യതയുമായി കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് എത്തുന്നു. ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോപ്പ മത്സരങ്ങളില്‍ ടീമുകളുടെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്കൊപ്പം അതിഥികളായി ഏഷ്യയില്‍ നിന്നും ജപ്പാന്‍, ഖത്തര്‍ എന്നിവരും കൂടി ടൂര്‍ണമെന്റില്‍ അണിനിരക്കും.  ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പായ കോപ്പയുടെ വിസില്‍ ജൂണ്‍ 14 ന് മുഴങ്ങും. ജൂലൈ ഏഴിന് ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.

ആതിഥേയരും മുന്‍ ജേതാക്കളുമായ ബ്രസീലും ബൊളീവിയയും തമ്മില്‍ സാവോപോളോയിലാണ് കോപ്പയുടെ ഉദ്ഘാടന മല്‍സരം. ഏറ്റവും അനായാസ ഗ്രൂപ്പായ എ യിലാണ് ബ്രസീല്‍ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ തന്നെ ബൊളീവിയ, വെനിസ്വേല, പെറു എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോട് 1-7ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ മഞ്ഞപ്പട കോപ്പയില്‍ കിരീടവിജയത്തോടെ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. കോച്ച് ടിറ്റെയ്ക്കു കീഴില്‍ തെറ്റുകള്‍ പാഠമാക്കി കഠിന പരിശീലനത്തിലാണ് ടിം.

കോപ്പയുടെ 100ാം വാര്‍ഷികത്തില്‍ 2016ല്‍ അമേരിക്കയില്‍ നടന്ന പ്രത്യേക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. കോപ്പയില്‍ നിലവലെ റണ്ണറപ്പായ അര്‍ജന്റീന ഗ്രൂപ്പ് ബിയിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ മറ്റു മുന്‍നിര ടീമുകളായ കൊളംബിയ, പരാഗ്വേ എന്നിവരും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. ഖത്തറാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

കൊളംബിയ, പരാഗ്വേ എന്നിവരില്‍ നിന്നും അര്‍ജന്റീനയ്ക്കു ശക്തമായ വെല്ലുവിളി തന്നെ നേരിട്ടേക്കും. അവസാനത്തെ രണ്ടു കോപ്പയുടെയും ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവിന് അടുത്ത കോപ്പ വേദിയായേക്കും.

കഴിഞ്ഞ രണ്ടു തവണയും ജേതാക്കളായ ചിലി ഗ്രൂപ്പ് സിയിലാണ്. ഉറുഗ്വേ, ഇക്വഡോര്‍, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകള്‍. ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ ചിലിയും ഉറുഗ്വേയും തമ്മിലാവും പ്രധാന അങ്കം. ഹാട്രിക്ക് കിരീടം തേടിയാണ് ചിലി ഇത്തവണ എത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍