UPDATES

കായികം

ഫിഫ പുരസ്കാരം മോഡ്രിച് ഉറപ്പിച്ചോ ? ചടങ്ങിൽ റൊണാൾഡോ പങ്കെടുക്കില്ലെന്ന് റിപ്പോട്ടുകൾ

റൊണാള്‍ഡോയും മോഡ്രിച്ചും ആണു പുരസ്‌കാര നേട്ടത്തിന് സാധ്യത കല്‍പിക്കുന്ന താരങ്ങള്‍.

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങിന് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ സാനിധ്യം ഉണ്ടാകില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന്റെ അവസാന ലിസ്റ്റില്‍ ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവരോടൊപ്പം റൊണാള്‍ഡോയും ഉണ്ട്. എന്നാല്‍ തന്നെ പിന്നിലാക്കി മോഡ്രിച്ച് പുരസ്‌കാരത്തിന് അര്‍ഹനായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ചടങ്ങില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അഭ്യൂഹം. നേരത്തെ യുവേഫയുടെ മികച്ച താരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് റൊണാള്‍ഡോ അവസാന നിമിഷം പിന്മാറിയിരുന്നു. റൊണാള്‍ഡോ ഫിഫയുടെ ചടങ്ങിനെത്താത്തതു കൊണ്ട് മോഡ്രിച്ചിന് തന്നെയാകും പുരസ്‌കാരവുമെന്നാണ് ആരാധകരും കരുതുന്നത്.

അതേ സമയം റൊണാള്‍ഡോ ചടങ്ങിനെത്താത്തത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ നടന്ന സീരി എ മത്സരത്തിനു പുറമേ ബുധനാഴ്ച രാത്രിയും യുവന്റസിനു ഇറ്റാലിയന്‍ ലീഗ് മത്സരമുണ്ട്. ഇതിനിടയില്‍ ഫിഫയുടെ ചടങ്ങില്‍ പങ്കെടുത്താല്‍ അത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നതു കൊണ്ടാണ് താരം വിട്ടു നില്‍ക്കുന്നതെന്നാണ് മറ്റൊരു വിവരം. യുവേഫയുടെ അവാര്‍ഡ് ചടങ്ങിനെത്തില്ലെന്ന് റൊണാള്‍ഡോ അധികൃതരെ അറിയിച്ചിരുന്നില്ലെങ്കിലും ഫിഫയുടെ ചടങ്ങിനെത്തില്ലെന്ന കാര്യം താരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് താരവുമായി അടുത്ത് ബന്ധമുളളവര്‍ പറയുന്നത്.

റൊണാള്‍ഡോക്കു പുറമേ ബാഴ്‌സ സൂപ്പര്‍ താരം മെസിയും ചടങ്ങിനെത്തില്ലെന്നാണ് സൂചനകള്‍. മികച്ച താരത്തിനുള്ള ലിസ്റ്റില്‍ മെസിയില്ലെങ്കിലും മികച്ച ഗോളിനുള്ളവരുടെ പട്ടികയില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നു രാത്രിയാണ് ഫിഫ ഈ വര്‍ഷത്തെ മികച്ച താരത്തെ പ്രഖ്യാപിക്കുന്നത്. റൊണാള്‍ഡോയോ മോഡ്രിച്ചോ ആണു പുരസ്‌കാരം നേട്ടത്തിന് സാധ്യത കല്‍പിക്കുന്ന താരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍