UPDATES

കായികം

ലോകകപ്പ് യോഗ്യത; അട്ടിമറി ജയം സ്വപ്‌നം കണ്ട ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?

ഇന്ത്യയ്ക്ക് വിനയായത് നിസാരമായ ചില പിഴുവുകളാണ്

2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ ഫുട്‌ബോളില്‍ ഒമാനെതിരെ അട്ടിമറി വിജയം പ്രതീക്ഷച്ച ഇന്ത്യക്ക് തിരിച്ചടി. ലോകകപ്പിന്റെ യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആദ്യ പകുതിയില്‍ ലീഡ് നേടിയശേഷം ഒമാനോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇരുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് ലീഡ് നേടിത്തന്നത്. എന്നാല്‍, അവസാന എട്ട് മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. ഒമാനു വേണ്ടി ഇരട്ട ഗോള്‍ നേടിയ റാബിയ അലാവി അല്‍ മന്ദാര്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

ആദ്യ പകുതിയില്‍ ഇന്ത്യ കളിച്ച ഫുട്‌ബോള്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ശക്തരായ ഒമാനെതിരെ ഒരു ഗോളിന് മുന്നില്‍. ഒപ്പം നിരവധി അവസരങ്ങളും. ഒടുവില്‍ പടിക്കല്‍ ഇന്ത്യ വീണു. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ടീമിന് വേഗതയും താളവും നഷ്ടപ്പെട്ടു. ഇന്ത്യയുടെ തളര്‍ച്ച മുതലെടുത്ത് ഒമാന്‍ രണ്ടു ഗോളുകള്‍ അടിച്ച് കളി വിജയിക്കുകയും ചെയ്തു. 90മിനുട്ടും ഊര്‍ജ്ജം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യ ടീം. ഫിറ്റ്‌നെസ് ലെവലില്‍ ഇന്ത്യ പിറകിലാണെന്നത് പരിശീലകരും കളിക്കാരും ഒരു പോലെ സമ്മതിക്കുന്നതാണ്.

മത്സരത്തില്‍ രണ്ടു തവണ ഇന്ത്യയ്ക്ക് ലക്ഷ്യം തെറ്റി

മത്സരത്തില്‍ രണ്ടു തവണ ഇന്ത്യയ്ക്ക് ലക്ഷ്യം തെറ്റി. ഉദാന്ത സിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയത് കൂടാതെ ജിംഗന്റെ ഹെഡ്ഡറും ബാറില്‍ ഉരസി പുറത്തേയ്ക്ക് പോയി.

ബോക്‌സിന് ലംബമായി പാഞ്ഞ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഒരു ക്രോസ് ഞെട്ടിക്കുന്നൊരു ഷോട്ടിലൂടെ വലയിലേയ്ക്ക് പതിച്ചു. ഒമാന്‍ പ്രതിരോധത്തെ മറികടന്ന ഈ ഗോള്‍ ഇന്ത്യയ്ക്കുവേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഛേത്രിയുടെ എഴുപത്തിമൂന്നാം ഗോളായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍
ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു റാബിയുടെ സമനില ഗോള്‍. മധ്യനിരയില്‍ നിന്നു വന്ന പന്ത് ഓടി പിടിക്കുമ്പോള്‍ ബോക്‌സില്‍ ഗോളിയും രാഹുല്‍ ബെക്കെയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഡ്വാന്‍സ് ചെയ്തു വന്ന ഗുര്‍പ്രീതിന് റാബിയെ തടയാനായില്ല. ഉടന്‍ തന്നെ വീണ്ടും ഒമാന്‍ മന്ദാര്‍ തന്നെയായിരുന്നു സ്‌കോറര്‍.

പുതിയ കോച്ച് സ്റ്റിമാക്ക് പകര്‍ന്ന അതിവേഗ പാസുകളുമായി പലപ്പോഴും മേധാവിത്വം പുലര്‍ത്തുകയും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ഇന്ത്യയ്ക്ക് വിനയായത് നിസാരമായ ചില പിഴുവുകളാണ്. രണ്ടാം പകുതിയുടെ ഒടുക്കം തളര്‍ന്നുപോയ താരങ്ങളാണ്, പ്രത്യേകിച്ച് പ്രതിരോധനിര തോല്‍വിക്ക് വഴിവച്ചത്. രാഹുല്‍ ബെക്കെയുടെ ഇത്തരം രണ്ട് പിഴവുകളുടെ ശിക്ഷയാണ് റാബി അടിച്ചുകയറ്റിയ ഗോളുകള്‍ രണ്ടും. ഇതിന് മുന്‍പ് മൂന്ന് തവണയെങ്കിലും ഇന്ത്യയെ രക്ഷിച്ചത് ഗുര്‍പ്രീതാണ്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള മൂന്ന് ഹെഡ്ഡറുകളാണ് അവിശ്വസനീയമായി ഗുര്‍പ്രീത് രക്ഷപ്പെടുത്തിയത്. ഒരിക്കല്‍ ഥാപ്പയുടെ ഒരു സെല്‍ഫ് ഗോളില്‍ നിന്നും ഇന്ത്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മറുഭാഗത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു ഇന്ത്യയ്ക്ക്. ഒന്നാം പകുതിയില്‍ തന്നെ ഉദാന്തയുടെ ഒരു ഷോട്ടിന് മുന്നില്‍ ക്രോസ് ബാര്‍ വില്ലനായി. ഏറെ വൈകാതെ ജിംഗാന്റെ ഒരു ഹെഡ്ഡര്‍ ഇതേ ക്രോസ് ബാറിനോട് ചേര്‍ന്ന് പുറത്തേയ്ക്ക് പറന്നു. രണ്ടാം പകുതിയില്‍ ഒരു ഡിഫ്‌ലക്ഷന്‍ കണക്ട് ചെയ്യാന്‍ ബോക്‌സില്‍ കുതിച്ചെത്തിയ മന്‍വീറിന് കഴിഞ്ഞിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.
ഈ ജയത്തോടെ ഒമാന്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. പത്തിന് ദോഹയില്‍ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍