UPDATES

കായികം

ഞങ്ങള്‍ ആരും മികച്ച താരങ്ങളല്ലെന്നു ഫിഫ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്: ഗ്രീസ്മാന്‍

അവാര്‍ഡില്‍ നിന്നും തഴയപ്പെട്ടതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ഫിഫ ലോകകപ്പ് നേടിയത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും അതിലും വലിയ പുരസ്‌കാരം നേടാനില്ലെന്നും ഗ്രീസ്മന്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ടീമിലെ ഒരു താരത്തെപോലും ഫിഫയുടെ മികച്ച താര പട്ടികയുടെ അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനവുമായി അന്റോണിയോ ഗ്രീസ്മാന്‍. ഫിഫ അവാര്‍ഡിനുള്ള അവസാന മൂന്നു പേരെ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂകാ മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവരാണ് ഇടം പിടിച്ചത്. ഫിഫയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആരാധകര്‍ രംഗത്തു വന്നിരുന്നു. ഗ്രീസ്മനെ പോലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ താരത്തെ ഒഴിവാക്കി കഴിഞ്ഞ സീസണില്‍ ഒരു കിരീടവും നേടാത്ത സലാ ടീമിലിടം നേടിയതിലായിരുന്നു ആരാധകര്‍ക്ക് അത്ഭുതം.

ഫിഫ അവാര്‍ഡ്മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് ആരാധകര്‍ വിമര്‍ശനമുന്നയിച്ചത്. ഫിഫയ്ക്കെതിരെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനു മുമ്പാണ് ഗ്രീസ്മാന്‍ പ്രതികരിച്ചത്. ലോകകപ്പ് വിജയിച്ച ടീമില്‍ നിന്നും ഒരു താരത്തെ പോലും ഉള്‍പ്പെടുത്താത്ത ഫിഫ മികച്ച താരങ്ങളെ കണ്ടെത്താന്‍ എന്തു മാനദണ്ഡമാണു പാലിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ഫ്രഞ്ച് താരം ഗ്രീസ്മന്‍ വെളിപ്പെടുത്തി. ലോകകപ്പ് ടൂര്‍ണമെന്റ് നടത്തുന്ന ഫിഫ തന്നെയാണ് മികച്ച താരത്തിനുള്ള അവാര്‍ഡും നല്‍കുന്നതെന്നത് ഇതിലെ രസകരമായ കാര്യമാണെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

അവാര്‍ഡില്‍ നിന്നും തഴയപ്പെട്ടതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ഫിഫ ലോകകപ്പ് നേടിയത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും അതിലും വലിയ പുരസ്‌കാരം നേടാനില്ലെന്നും ഗ്രീസ്മന്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. ഒടുവില്‍ ലോകകിരീടം നേടിയ തങ്ങളില്‍ ആരും മികച്ച താരങ്ങളല്ലെന്നു ഫിഫ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും കളിയാക്കിയാണ് ഗ്രീസ്മാന്‍ മടങ്ങിയത്. ഈ മാസം ഇരുപത്തിനാലിന് ലണ്ടനില്‍ വെച്ചാണ് ഫിഫയുടെ മികച്ച താരത്തെ പ്രഖ്യാപിക്കുന്നത്. താരങ്ങളും മാധ്യമ പ്രവര്‍ത്തകരും പരിശീലകരും ആരാധകരുമെല്ലാം ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തിരഞ്ഞെടുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍