UPDATES

കായികം

ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ; മെസിയില്ലെങ്കിലും അര്‍ജന്റീനയുടെ യുവനിര ശക്തം

105 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 40 തവണ വിജയം ബ്രസീലിനൊപ്പമായിരുന്നു. 38 മത്സരങ്ങളില്‍ അര്‍ജന്റീനയും വിജയം നേടി.

ആരാധകരുടെ കാത്തിരിപ്പിന് മണിക്കൂറുകള്‍ ബാക്കി, അര്‍ജന്റീനയും ബ്രസീലും ഇതാ നേര്‍ക്കുനേര്‍ എത്തുന്നു. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 11.30 നാണ് മത്സരം. സൂപ്പര്‍ ക്ലാസിക്കോ കപ്പിനു വേണ്ടിയുള്ള പോരാട്ടം സമനിലയില്‍ ആയാല്‍ ടൈ ബ്രേക്കറിലൂടെയാകും വിജയികളെ കണ്ടെത്തുന്നത്.

കാനറികളുടെ കരുത്ത് പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ തന്നെയാണ്. ബാഴ്‌സലോണയുടെ കുട്ടിഞ്ഞോ, പി.എസ്.ജിയുടെ നെയ്മര്‍, റയലിന്റെ മാഴ്സെലോ, കസമീറോ തുടങ്ങിയവരുടെ കരുത്തില്‍ തന്നെയാണ് ബ്രസീല്‍ ഇറങ്ങുക. പൗളിഞ്ഞോയ്ക്ക് പകരം മികച്ച ഫോമിലുള്ള ബാര്‍സിലോനയുടെ ആര്‍തറിന് അവസരം ലഭിച്ചേക്കും. ഫോമിലില്ലാത്ത ഫാബിന്യോയ്ക്ക് പകരം ഡാനിലൊയ്ക്കോ ഫ്രെഡിനോ അവസരം നല്‍കിയേക്കാം. യു.എസ്.എ, എല്‍സാല്‍വഡോര്‍, സൗദി അറേബ്യ ടീമുകളെ തോല്‍പിച്ചാണ് ബ്രസീല്‍ അര്‍ജന്റീനയെ നേരിടുന്നത്.

എന്നാല്‍ അര്‍ജന്റീന മെസ്സി ഇല്ലാതെയാണ് ഇന്നിറങ്ങുന്നത്. ലോകകപ്പില്‍ ഫ്രാന്‍സിനോട് തോല്‍വി ഏറ്റുവാങ്ങിയ ശേഷം മെസി അര്‍ജന്റീനയ്ക്ക് വേണ്ടി മൈതാനത്തിറങ്ങിയിട്ടില്ല. അതേസമയം മെസിയുടെ അഭാവത്തിലും ടീം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇറാഖിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മെസിയെ കൂടാതെ അഗ്യൂറോ, ഹിഗ്വെയിന്‍, ഡിമരിയ, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലില്ല. മുഖംമിനുക്കി യുവതലമുറയുടെ കരുത്തുമായാണ് അര്‍ജന്റീനയെത്തുന്നത്.

യുവന്റസ് താരം ഡിബാല, നിക്കോളസ് ഒറ്മെന്‍ഡി, ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമീറോ തുടങ്ങിയവരാണ് ടീമിലെ പരിചയ സമ്പന്നര്‍. കൂടാതെ ഇന്റര്‍ മിലാന്‍ താരം മൗറോ ഇക്കാര്‍ഡിയും ടീമിന് കരുത്താകും. പുതുമുഖങ്ങളായ ലോട്ടറോ മാര്‍ട്ടിനസ്, ജിയോവനി സിമിയോണ, ലിയാന്‍ഡ്രോ പരെഡസ്, എഡ്വേഡോ സാല്‍വിയോ, തുടങ്ങിയ താരങ്ങളെ പരിശീലകന്‍ ബ്രസീലിനെതിരേയും പരീക്ഷിച്ചേക്കും. ഗ്വാട്ടിമാലയേയും ഇറാഖിനേയും കീഴടക്കിയ അര്‍ജനന്റീന കൊളംബിയയോട് സമനില വഴങ്ങിയിരുന്നു. 2019 കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള റിഹേഴ്സലാണ് ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം. 105 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 40 തവണ വിജയം ബ്രസീലിനൊപ്പമായിരുന്നു. 38 മത്സരങ്ങളില്‍ അര്‍ജന്റീനയും വിജയം നേടി. സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍