UPDATES

കായികം

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്; ധീരജ് സിങിന് പ്ലെയര്‍ ഓഫ് ദി മാച്ച്

പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇനി മുന്നോട്ടുള്ള യാത്ര കഠിനമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയ്ക്കെതിരായ നിര്‍ണായക മത്സരത്തിലും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍ രഹിത സമനിലയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്നത് ചെന്നൈയായിരുന്നു. ചെന്നൈയുടെ നിരവധി ഗോള്‍ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് സിങില്‍ തട്ടി പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായ ധീരജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നിരവധി അവസരങ്ങളായിരുന്നു ചെന്നൈ ആദ്യപകുതിയില്‍ ഒരുക്കിയെടുത്തത്. ധീരജിന്റെ തകര്‍പ്പന്‍ സേവുകള്‍ക്കൊപ്പം ഫിനിഷിങിലെ പിഴവും ചെന്നൈയ്ക്കു തിരിച്ചടിയായി. ചെന്നൈയിന്‍ ആദ്യ പകുതിയില്‍ ആറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു.

ആദ്യപകുതിയിലെ നിരാശകരമായ പ്രകടനങ്ങളില്‍ മാറി രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും പന്ത് വലയില്‍ എത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ഡേവിഡ് ജയിംസിന്റെ സംഘത്തിന് ജയം അനിവാര്യമായിരുന്നു.

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുന്നത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് എട്ട് പോയിന്റ് മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന് അഞ്ച് പോയിന്റ് മാത്രമാണുള്ളത്.

പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇനി മുന്നോട്ടുള്ള യാത്ര കഠിനമാണ്. ഡിസംബര്‍ നാലിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്‌സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍