UPDATES

കായികം

കൊച്ചിയിലെ ആദ്യ ജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

എടി.കെ യോട് പരാജയപ്പെട്ടാണ് ഡല്‍ഹി ബ്ലാസ്‌റ്റേഴ്‌സിനെ എതിരിടാന്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഡല്‍ഹി ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(ഐഎസ്എല്‍) കൊച്ചിയില്‍ കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സീസണിലെ മൂന്നാം അങ്കത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിലെ ആദ്യ ജയം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. സീസണിലെ രണ്ടാം ഹോം മത്സരത്തിനിറങ്ങുന്ന ടീമിന് ആദ്യ ഹോം മത്സരത്തിലെ പ്രകടനം അതേ പടി പകര്‍ത്താനായാല്‍ ഡല്‍ഹിക്കെതിരെ അനായാസ ജയം സ്വന്തമാക്കാം.

ഇരു ടീമുകള്‍ തമ്മില്‍ ഏറ്റു മുട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് തന്നെയാണ് ജയ സാധ്യത. ഐഎസ്എലില്‍ പത്ത് തവണയാണ് ഇരുടീമുകളും നേര്‍ക്കു നേര്‍ വന്നത്. ഇതില്‍ അഞ്ചെണ്ണത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ജയം കണ്ടപ്പോള്‍ രണ്ട് മത്സരത്തില്‍ ജയം കണ്ടെത്താനേ ഡല്‍ഹിക്കു കഴിഞ്ഞുള്ളു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ ആയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ഇലവനില്‍ മാറ്റം വരുത്താതെയാകും ബ്ലസ്‌റ്റേഴ്‌സ് ഇന്നിറങ്ങുകയെന്നാണ് ടീം ക്യമ്പില്‍ നിന്നുള്ള സൂചനകള്‍. മലയാളിയായ സി.കെ വിനീതിനെ ഈ മത്സരത്തിലും പകരക്കാരനായി തന്നെ പ്രതീക്ഷിക്കാം. എടിക്കെതിരെ നടന്ന മത്സരത്തിലും മുംബെക്കെതിരെ നടന്ന മത്സരത്തിലും രണ്ടാം പകുതിയിലാണ് വിനീത് ഇറങ്ങിയത്. ചൈനക്കെതിരെ അവരുടെ നാട്ടില്‍ സമനില നേടിയ ഇന്ത്യന്‍ നായകന്‍ സന്തേഷ് ജിങ്കന്റെ കരുത്ത്. മറ്റൊന്ന് ഹോം ഗ്രൗണ്ടില്‍ നിന്ന് ലഭിക്കുന്ന ആരവവും പിന്തുണയും. മറ്റൊരു ഐ.എസ്.എല്‍ ടീമിനും ഇങ്ങനെയൊന്ന് അവകാശപ്പെടാനില്ല. പ്രതിരോധ നിരയുടെയും മധ്യനിരയുടെയും ഒത്തൊരുമ, മുന്നേറ്റനിരയുടെ കൃത്യത എന്നിവയാണ് ടീമിന്റെ കരുത്ത്. കൂട്ടിന് ഗോളിയുടെ തകര്‍പ്പന്‍ പ്രകടനവും. അതുകൊണ്ട് തന്റെ ടീമില്‍ പൂര്‍ണ വിശ്വാസമാണ് കോച്ച് ഡേവിഡ് ജയിംസിനുള്ളത്. അറ്റാക്കിംഗും മിഡ്ഫീല്‍ഡും ഡിഫന്‍സും മികവോടെ കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

എടി.കെ യോട് പരാജയപ്പെട്ടാണ് ഡല്‍ഹി ബ്ലാസ്‌റ്റേഴ്‌സിനെ എതിരിടാന്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഡല്‍ഹി ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമെ ഡല്‍ഹി ഡൈനാമോസിന് ഉള്ളു. ഇത് ഡല്‍ഹി ക്യാമ്പിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. അതേസമയം ഡല്‍ഹിയുടെ ലാല്‍സിയന്‍ സുവാങ് ചാങ്‌തെ, പ്രിതം കോട്ടാല്‍, റോമിയോ ഫെര്‍ണാണ്ടസ് എന്നീ താരങ്ങളെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പിക്കാമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ പറഞ്ഞു. ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍