വെള്ളം നിറഞ്ഞ മൈതാനത്ത് നാല് പേരെ മറികടന്നാണ് താരം ഗോള്‍ അവസരം ഒരുക്കിയത്.
ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശ്രദ്ധ നേടുകയാണ് കാസര്കോഡ്കാരനായ പന്ത്രണ്ടു വയസ്സുകാരന് മെഹ്റൂഫ്. മഴയത്ത് ചെളിവെള്ളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന മെഹ്റൂഫിന്റെ വീഡിയോ ഹിറ്റാകുകയായിരുന്നു. കേരളത്തിന്റെ മെസിയെന്നാണ് താരത്തിന്റെ ഡ്രിബിളിങ്ങും കളി മികവും കണ്ടാല്‍ തോന്നുക. വെള്ളം നിറഞ്ഞ മൈതാനത്ത് നാല് പേരെ മറികടന്നാണ് താരം ഗോള്‍ അവസരം ഒരുക്കിയത്.
ഒരു ഒഴിവുദിവസം കൂട്ടുകാരോടൊപ്പം വെറുതേ മഴയത്ത് ഫുട്ബോള്‍ കളിക്കാനിറങ്ങിയതാണ് മെഹ്റൂഫ്. എന്നാല്‍ ആ കളി കാസര്‍കോടു കടന്ന് കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇയാന്‍ ഹ്യൂമിന്റെ അടുത്ത് വരെയെത്തി. ഡച്ച്-സ്പാനിഷ് ഫുട്ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മെഹ്റൂഫിന്റെ ഈ കളി കണ്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍ ഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ മെഹ്റൂഫിന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഇയാന്‍ ഹ്യൂമിന്റെ കണ്ണില്പെട്ടത്. ഈ കുഞ്ഞിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കൂ എന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടു താരം.
ഫുട്ബോള്ഇന്ത്യ.കോ.ഇന്‍ എന്ന ഇന്‍സ്റ്റാ പേജ് വഴിയാണ് ഹാന്‍സ് മള്‍ഡര്‍ ഈ കുഞ്ഞുതാരത്തെ അറിയുന്നത്. ഇവന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ എന്നായിരുന്നു മള്‍ഡറുടെ ചോദ്യം. ഒട്ടും വൈകാതെ കൂട്ടുകാര്‍ മെഹ്റൂഫിനായി പുതിയ ഇന്‍സ്റ്റഗ്രാം പേജും തുടങ്ങി. മഹ്റൂഫ് പരപ്പ എന്ന പേരിലുള്ള ഈ പേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോളോവേഴ്സിന്റെ എണ്ണം അഞ്ഞൂറ് കടന്നു.