UPDATES

കായികം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ വീണ്ടും തോല്‍വി; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ ലീഡ് ആറു പോയിന്റാക്കി ഉയര്‍ത്തി. ഹോം മാച്ചില്‍ ന്യൂകാസിലിനെയാണ് റെഡ്സ് 4-0നു തുരത്തിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു തുടര്‍ച്ചയായി രണ്ടാം തോല്‍വി. എവേ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയാണ് മാഞ്ചസ്റ്ററിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയത്. അതേസമയം തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ ലീഡ് ആറു പോയിന്റാക്കി ഉയര്‍ത്തി. ഹോം മാച്ചില്‍ ന്യൂകാസിലിനെയാണ് റെഡ്സ് 4-0നു തുരത്തിയത്. പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോല്‍ഷെറിന്റെ കീഴില്‍ ഫോം വീണ്ടെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയം നേടി. ഹഡേഴ്സ്ഫീല്‍ഡിനെ 3-1ന് റെഡ് ഡെവിള്‍സ് തുരത്തുകയായിരുന്നു. ചെല്‍സി 2-1ന് വാട്ഫോര്‍ഡിനെയും ടോട്ടനം ഹോട്സ്പര്‍ 5-0നു ബോണ്‍മൗത്തിനെയും എവേര്‍ട്ടന്‍ 5-1ന് ബേണ്‍ലിയെയും തോല്‍പ്പിച്ചു. ആഴ്സനലിനെ ബ്രൈറ്റണ്‍ 1-1നു സമനിലയില്‍ കുരുക്കി.

14ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ മുന്നിലെത്തിയ ശേഷമാണ് ലെസ്റ്ററിനെതിരേ സിറ്റി തോല്‍വിയിലേക്കു വീണത്. മാര്‍ക്ക് ആല്‍ബ്രൈറ്റണും റിക്കാര്‍ഡോ പെരേരയുമാണ് ലെസ്റ്ററിന്റെ സ്‌കോറര്‍മാര്‍. 90ാം മിനിറ്റില്‍ സിറ്റിയുടെ ഫാബിയന്‍ ഡെല്‍ഫ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ന്യൂകാസിലിനെതിരേ ദെയാന്‍ ലോവ്റെന്‍, മുഹമ്മദ് സലാ, സെര്‍ദാന്‍ ഷാക്വിരി, ഫാബീഞ്ഞോ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

സൂപ്പര്‍ താരം പോള്‍ പോബ്ഗയുടെ ഇരട്ടഗോളാണ് യുനൈറ്റഡിന് മികച്ച ജയം നേടിക്കൊടുത്തത്. ആദ്യ ഗോള്‍ നെമഞ്ജ മാറ്റിച്ചിന്റെ വകയായിരുന്നു. ബോണ്‍മൗത്തിനെതിരേ സണ്‍ ഹ്യുങ് മിന്‍ ടോട്ടനത്തിനു വേണ്ടി ഇരട്ടഗോളുകള്‍ നേടി. ജയത്തേടെ സിറ്റിയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി ടോട്ടനം ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ടോട്ടനത്തിന് 45ഉം സിറ്റിക്കു 44ഉം പോയിന്റാണുള്ളത്. 51 പോയിന്റോടെയാണ് ലിവര്‍പൂള്‍ തലപ്പത്ത് നില്‍ക്കുന്നത്.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസിനെ അറ്റ്ലാന്റ 2-2നു പിടിച്ചുകെട്ടി. മറ്റു മല്‍സരങ്ങല്‍ ഇന്റര്‍മിലാന്‍ 1-0നു നാപ്പോളിയെയും എഎസ് റോമ 3-1ന് സസ്സുവോലോയെയും തോല്‍പ്പിച്ചപ്പോള്‍ എസി മിലാനെ ഫ്രോസിനോണ്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍