ഫെല്ലെയ്നി നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാഡോങ് ലുനെങ് ടൈഷാന്‍ എഫ്.സിക്കുവേണ്ടിയാണ് കളിക്കുന്നത്.
ഫുട്ബോള്‍ ലോകം ചുവന്ന ചെകുത്താന്മാര് എന്ന് ഓമന പേരിട്ട് വിളിക്കുന്ന ബെല്‍ജിയം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച സംഘമാണ് ബെല്‍ജിയം. എന്നാല്‍ ഈ ടീമിനൊപ്പം 87 മത്സരം കളിച്ച മൗറെയ്ന്‍ ഫെല്ലെയ്നി ഇനി ദേശീയ ജഴ്സി അണിയില്ല. ബെല്‍ജിയം ടീമില്‍ നിന്ന് വിരമിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് താരം.
ടീമിനൊപ്പം രണ്ട് ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുള്ള ഫെല്ലെയ്നി 18 ഗോളും നേടിയിട്ടുണ്ട്. 2018 റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ ഫെല്ലെയ്നിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഇപ്പോഴിത 12 വര്‍ഷത്തെ കരിയറിന് ശേഷം താരം പടിയിറങ്ങുന്നു.
റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച് ബെല്‍ജിയം ടീം റെക്കോര്‍ഡിട്ടപ്പോള്‍ ഈ നേട്ടത്തിന് ഫെല്ലെയ്നിയുടെ പ്രകടനവും നിര്‍ണായകമായി. ഇതിനു മുന്‍പ് 2006 ല്‍ ഇറ്റലിക്കും 1982 ഫ്രാന്‍സിനും മാത്രമാണ് ഇതിലധികം ഗോള്‍ സ്കോറര്‍മാര്‍ ഉണ്ടായിരുന്നത്(10 ഗോള്‍ വീതം). ബെല്‍ജിയം ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഗോളുകള്‍ നേടിയത്. മെര്‍ട്ടന്‍സ്, ലുകാകു, ഹസാര്‍ഡ്, ബത്സുവായി, അദ്നാന് യൂനസി ,വെര്‍ട്ടോങ്ങന്‍, ചാഡില്‍, ഡു ബ്രെയ്ന്‍ എന്നിവര്‍ക്കൊപ്പം ഫെല്ലെയ്നിയും ബെല്‍ജിയത്തിന്റെ ലോകകപ്പ് ഗോള്‍ സ്കോറര്‍മാരില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റര്‍ യുണൈറ്റഡ് താരമായ ഫെല്ലെയ്നി തന്നെയായിരുന്നു ബെല്‍ജിയത്തിന്റെ മധ്യനിരയിലെ ഡോണ്‍. തലമുടി കിരീടമാക്കിയ താരം ടീമിന്റെ അവശ്യഘട്ടങ്ങളില്‍ പൊരുതി ജയമൊരുക്കിയിട്ടുണ്ട്.
— Marouane Fellaini (@Fellaini) March 7, 2019
31കാരനായ താരം ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ബെല്‍ജിയത്തിനുവേണ്ടി 87 മത്സരം കളിക്കാനായത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് ഫെല്ലയ്നി കുറിച്ചു. ‘ബെല്‍ജിയത്തിനൊപ്പം മനോഹരമായ ഓര്‍മ്മകളാണുള്ളത്. ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാമതെത്തിയപ്പോള്‍ അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞു. അന്താരാഷ്ട്ര കരിയറില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി. സഹതാരങ്ങളെയും പരിശീലകരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ബെല്‍ജിയം ആരാധകരോട് കടപ്പാട് അറിയിറിക്കുന്നു. ഭാവിയില്‍ ബെല്‍ജിയത്തിന് കൂടുതല്‍ മികച്ച വിജയം നേടാനാവട്ടെയെന്ന് ആശംസിക്കുന്നു. ബെല്‍ജിയത്തിന് നന്ദി” ഫെല്ലെയ്നി ട്വിറ്ററില്‍ പറഞ്ഞു. 2004 ല്‍ ബെല്‍ജിയം അണ്ടര്‍ 18 ടീമില്‍ ഇടം പിടിച്ച ഫെല്ലെയ്നി 2007ലാണ് സീനിയര്‍ ടീമില്‍ അവസരം നേടിയത്.
ക്ലബ്ബ് ഫുട്ബോളില്‍ എവര്ട്ടനുവേണ്ടിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും കളിച്ചിട്ടുള്ള ഫെല്ലെയ്നി നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാഡോങ് ലുനെങ് ടൈഷാന്‍ എഫ്.സിക്കുവേണ്ടിയാണ് കളിക്കുന്നത്.