UPDATES

ജോലിക്ക് പോകണോ കളിക്കണോ? സി.കെ വിനീത് എന്ന ഫുട്ബോള്‍ താരത്തിന്റെ പ്രതിസന്ധികള്‍

‘ഒരു പ്രൊഫഷണല്‍ കളിക്കാരനാകുമ്പോള്‍ ജോലിക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല’- ഐഎം വിജയന്‍

പ്രതിഭയുള്ള താരമാണ് സി കെ വിനീത്. ഈ മലയാളി താരത്തിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സമ്മാനിച്ച മൈലേജ് ചെറുതൊന്നുമല്ല. ഇന്ത്യന്‍ ടീമിലെ എണ്ണം പറഞ്ഞ സ്‌ട്രൈക്കറായ വിനീത് ഇപ്പോള്‍ വാര്‍ത്തയാകുന്നത് കളിക്കളത്തിലെ പ്രകടനം കൊണ്ടല്ല. കളിച്ചു നേടിയ ജോലി അതേ കളി കൊണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയിലായ ഒരു താരമാണ് ഇപ്പോള്‍ വിനീത്. ഏജീസ് ഫുട്ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ മതിയായ ഹാജരില്ല എന്ന കാരണം കൊണ്ട് പുറത്താക്കുന്നു എന്നാണ് വിവരം. ഹാജരില്ലാത്തതിന് കാരണം മറ്റ് ടീമുകള്‍ക്ക് വേണ്ടി കളിക്കാന്‍ പോയതാണ്.

കണ്ണൂര്‍ സ്വദേശിയായ സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടില്‍ വിനീത് ഐ-ലീഗില്‍ ബംഗളൂരു എഫ്. സിയുടെ താരമാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കറുമാണ്. വിങ്ങിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 2010 മുതലാണ് വിനീത് എന്ന ഫുട്‌ബോള്‍ താരം ദേശീയ തലത്തിലൊക്കെ ശരിക്കും ശ്രദ്ധിക്കപ്പെടുന്നത്. ജൂനിയര്‍ ലെവലില്‍ ചെന്നൈ കസ്റ്റംസിലെയും, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെയും ടീമുകള്‍ക്കായി കളിച്ച വിനീത് 2010-ന് ശേഷം സീനിയര്‍ ലെവലില്‍ ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള, യുണൈറ്റഡ് എസ്‌സി ടീമുകള്‍ക്കായി കളിച്ചു. അതിന് ശേഷം ബംഗളൂരു എഫ്‌സിയുടെ താരമായി വിനീത്. ഇവിടെ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിനീതിനെ കടമെടുത്താണ് കളിപ്പിക്കുന്നത്. 2013-ലായിരുന്നു ദേശിയ ടീമില്‍ വിനീത് എത്തിയത്.

2012-ലായിരുന്നു സ്‌പോര്‍ട്ട് ക്വോട്ടയില്‍ അക്കൗണ്ട് ജനറല്‍ ഓഫീസില്‍ (ഏജീസ്) ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഏജീസ് ടീമിലും കളിച്ച വിനീത് ബംഗളൂരു എഫ്സിയിലും ദേശീയ ടീമിലും കളിക്കാനായി രണ്ട് വര്‍ഷത്തെ ലീവ് എടുക്കുകയായിരുന്നു. എന്നാല്‍ അവധി പൂര്‍ത്തിയായതിന് ശേഷവും വിനീത് ഓഫീസില്‍ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ പറയുന്നത്. സ്‌പോര്‍ട്ട് ക്വോട്ടയില്‍ ജോലി നേടിയ താരങ്ങള്‍ ആറ് മാസം ജോലിക്ക് ഹാജരാകണം എന്നതാണ് ഏജീസിന്റെ നിയമം. എന്നാല്‍ കളിയുടെ തിരക്കുകള്‍ കാരണം ഓഫീസില്‍ കൃത്യമായി എത്താന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച പേപ്പറുകള്‍ താന്‍ ഓഫീസിന് നല്‍കിയിരുന്നുവെന്നും അവര്‍ അത് സ്വീകരിക്കാതെ വന്നതോടെയാണ് തുടര്‍ന്ന് പേപ്പറുകള്‍ നല്‍കാതിരുന്നതെന്നും വിനീത് പറയുന്നു.


ഇത് സംബന്ധിച്ച് വിനീത് അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു- ‘എന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. പിന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും മുഴുവന്‍ സമയം ഉണ്ടാവണമെന്നും പറഞ്ഞിരുന്നു. കളിക്കാനായി പുറത്ത് പോകുവാന്‍ പാടില്ല, ജോലിക്കായി മുഴുവന്‍ സമയവും ഉണ്ടാകണമെന്നുമാണ് അറിയിച്ചത്. എന്റെ പ്രൊബേഷന്‍ കലാവധി പൂര്‍ത്തിയായിവരുന്നു. പക്ഷെ ഡിക്ലയര്‍ ചെയ്തിട്ടില്ല. പരീക്ഷയൊക്കെ പാസ്സായിട്ടുണ്ട്. ജോലിയേക്കാള്‍ പ്രധാനം ഫുട്‌ബോള്‍ തന്നെയാണ്. ഫുട്ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ ഒന്നും താത്പര്യമില്ല. ഔദ്യോഗികമായി ഒരു വിവരവും ഓഫീസില്‍ നിന്ന് അറിയിക്കാത്തിടത്തോളം കാലം അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല. കായിക മന്ത്രി എ സി മൊയ്തീന്‍ ഇത് സംബന്ധിച്ച് കണ്‍ട്രോള്‍ ഓഫ് ഓഡിറ്റര്‍ ജനറലിന് കത്ത് അയച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞിരുന്നു. എന്തായാലും ഫുട്‌ബോളിന് തന്നെയാണ് പരിഗണന’. 

വിനീതിനെ പുറത്താക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീന്‍, വിനീതിനെതിരെ നടപടി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കണ്‍ട്രോള്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മയ്ക്ക് ചൊവ്വാഴ്ച്ച കത്തയച്ചിരുന്നു. ‘രാജ്യത്തെ പ്രഗത്ഭനായ ഫുട്‌ബോള്‍ താരമാണ് സികെ വിനീത്. തിരക്കേറിയ പരിശീലനവും മത്സരങ്ങളും കാരണം വിനീതിന് ഓഫീസില്‍ സ്ഥിരമായി ഹാജരാകുവാന്‍ കഴിഞ്ഞിട്ടില്ല. ഈ കാരണം കൊണ്ട് വിനീതിനെതിരെ നടപടിയെടുത്താല്‍ രാജ്യത്തെ കായിക രംഗത്തുള്ള പ്രഗല്‍ഭരായ യുവാക്കള്‍ക്ക് തെറ്റായ സന്ദേശമായിരിക്കും സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഞാന്‍ ഭയക്കുന്നു. വിനീതിന്റെ കഴിവുകള്‍ പൂര്‍ണമായും ഇന്ത്യന്‍ ഫുട്‌ബോളിനു വേണ്ടി ചിലവഴിക്കേണ്ടതാണ്. അതിനാല്‍ വിനീതിനെതിരെ നടപടികളെടുക്കരുത് എന്ന് കേരള സര്‍ക്കാരിന്റെ പ്രതിനിധിയായും അഭ്യര്‍ത്ഥിക്കുകയാണ് ‘ എന്നായിരുന്നു മന്ത്രി അയച്ച കത്തില്‍ പറഞ്ഞിരുന്നത്.

എ സി മൊയ്തീന്‍ കണ്‍ട്രോള്‍ ഓഫ് ഓഡിറ്റര്‍ ജനറലിന് അയച്ച കത്ത്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും മലായാളിയുമായ ഐഎം വിജയന്‍ ഇത് സംബന്ധിച്ച അഴിമുഖത്തോട് പറഞ്ഞത്- ‘പ്രൊഫഷണല്‍ കളിക്കുന്നവന്‍ ഒരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഇന്ത്യന്‍ ടീമിന് ആവശ്യമുള്ള താരമാണ്, പിന്നെ ഐഎസ്എല്ലില്‍ മികച്ച പ്രകടനമായിരുന്നു അവന്‍ കാഴ്ചവെച്ചത്. തീര്‍ച്ചയായും അവന്‍ പ്രൊഫഷണല്‍ കളിക്കണമെന്നാണ് ഞങ്ങളുടെ ചിന്താഗതി. ജോലിയൊക്കെ എപ്പോള്‍ വേണമെങ്കിലും കിട്ടാമെല്ലോ? നമ്മളും ഇങ്ങനെയൊക്കെയായിരുന്നു കളിച്ചത്. മോഹന്‍ബഗാന് വേണ്ടി കളിക്കാന്‍ പോയപ്പോള്‍ ജോലി ഉപേക്ഷിച്ചിരുന്നു. പിന്നെ തിരിച്ചുവന്നിട്ട് കയറിയതാണ്. സര്‍ക്കാരിന്റെ ജോലിയാകുമ്പോള്‍ അവരുടേതായ കുറെ നിയമങ്ങള്‍ ഉണ്ടാവില്ലേ? പിന്നെ വിനീത് ജോലി ചെയ്യുന്ന ഏജീസിന് സ്വന്തമായി ടീമുള്ളതല്ലേ. അവര്‍ ജോലി കൊടുത്തത് ആ ടീമിന് വേണ്ടിയും കളിക്കാന്‍ കൂടിയല്ലേ. അപ്പോള്‍ അവന്‍ ജോലി വേണ്ടാന്ന് വെച്ച് പ്രൊഫഷണല്‍ കളിക്കണം എന്നു തന്നെയാണ് അഭിപ്രായം. ഇന്ത്യന്‍ ടീമിനും എല്ലാ ടീമിനും ആവശ്യമുള്ള ഒരു താരം തന്നെയാണ് അവന്‍.

ജോ പോള്‍ അഞ്ചേരിയൊക്കെ മോഹന്‍ബഗാന് വേണ്ടി കളിച്ചത് എസ്ബിടി ജോലി കളഞ്ഞിട്ടാണ്. ഓരോ ജോലിക്കും അതിന്റെതായ നിയമങ്ങളുണ്ടല്ലോ? അത് പാലിക്കാതെ സ്‌പോര്‍ട്ട്‌സ ക്വോട്ടയില്‍ വരുന്ന താരങ്ങളെല്ലാം കളിക്കാന്‍ പോയാല്‍ ജോലി നടക്കില്ലല്ലോ. നല്ല കളിക്കാര്‍ക്ക് പോകാന്‍ സാധിക്കും. ഞാന്‍ ജോലിക്ക് കയറിയത് സ്‌പോര്‍ട്ട്‌സ് ക്വോട്ടയിലാണ്. പിന്നെ മോഹന്‍ബഗാനും ഇന്ത്യന്‍ ടീമിനും കളിക്കാന്‍ വേണ്ടി ഉപേക്ഷിച്ചു. എന്റെ അഭിപ്രായത്തില്‍ നല്ല കളിക്കാരനാണ് അവന്‍. അതുകൊണ്ട് തന്നെ എല്ലാ ടീമിലും നല്ല പ്രകടനമാണ് നടത്തിയത്. തീര്‍ച്ചയായും ഈ ജോലി വേണ്ടന്ന് വെച്ച് പോകുന്നതുകൊണ്ട് കുഴപ്പമൊന്നുള്ള കാര്യമല്ല. കളിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ജോലിക്ക് എടുത്തത്. നമ്മള്‍ ടീമിലുണ്ടാവുമ്പോള്‍ വേറെയൊരു ടീമില്‍ കളിക്കാന്‍ പോകുന്നത് ശരിയല്ലല്ലോ. ജോലിയും കളിയും ഒരുമിച്ച് പറ്റില്ല. ഒരു പ്രൊഫഷണല്‍ കളിക്കാരനാകുമ്പോള്‍ ജോലിക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.’

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍