UPDATES

കായികം

ഏഷ്യന്‍ ഫുട്ബോള്‍ ശക്തികളുടെ പോരാട്ടത്തിന് നാളെ തുടക്കം; ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ഏഷ്യകപ്പിനെ കുറിച്ചറിയാം

ജനുവരി അഞ്ചിന് ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍കപ്പിന്റെ ഫൈനല്‍ പോരാട്ടം ഫെബ്രുവരി ഒന്നിനാണ്.

ഏഷ്യയിലെ ഫുട്‌ബോള്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന എഎഫ്‌സി ഏഷ്യന്‍കപ്പിന് നാളെയാണ് തുടക്കമാകുന്നത്. യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയരാകുന്നത്. 1996 ലാണ് യുഎഇ ഇതിന് മുമ്പ് ആതിഥേയത്വം വഹിച്ചത്.

ഏഷ്യ കപ്പിന്റൈ പതിനേഴാം പതിപ്പായ ഇത്തവണ ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ മാറ്റുരക്കും. 16 ടീമുകളില്‍ നിന്ന് 24 ടീമുകളായി മത്സരാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഏഷ്യന്‍കപ്പ് കൂടിയാണിത്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍. കിരീടജേതാക്കള്‍ 2021ല്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിനും യോഗ്യത നേടും.

ഇതിന് മുമ്പ് മൂന്ന് തവണ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 1964, 1984, 2011. 2015 ല്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യ മത്സരിച്ചിരുന്നില്ല. 1964ല്‍ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 1984ലും 2011ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇക്കൊല്ലം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യക്ക് പുറമെ ബഹ്‌റൈന്‍, തായ്‌ലന്‍ഡ്, ആതിഥേയരായ യുഎഇ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ജനുവരി ആറിന് തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

ഏഷ്യന്‍കപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം ഇങ്ങനെ

ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്.

പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്. മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി സിങ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്തേ.

മുന്നേറ്റനിര- സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖല്വ, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

ഇന്ത്യയുടെ മത്സരങ്ങള്‍
ജനുവരി 06 – ഇന്ത്യ തായ്‌ലന്‍ഡ്
ജനുവരി 10 – ഇന്ത്യ യുഎഇ
ജനുവരി 10 – ഇന്ത്യ  ബഹ്‌റൈന്‍

ജനുവരി അഞ്ചിന് ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍കപ്പിന്റെ ഫൈനല്‍ പോരാട്ടം ഫെബ്രുവരി ഒന്നിനാണ്. നാല് ടീമുകളടങ്ങുന്ന ആറ് ഗ്രൂപ്പുകളിലാണ് പ്രാഥമിക പോരാട്ടം. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന 16 ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍, സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്കും ശേഷമാണ് കിരീടജേതാക്കളെ തീരുമാനിക്കുന്ന ഫൈനല്‍ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍