18 വട്ടമാണ് പോര്‍ച്ചുഗല്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ത്തത്
യുവേഫ നാഷന്‍സ് ലീഗില്‍ നെതര്‍ലാന്റ്‌സിനെ ഒരു ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീട ജേതാക്കളായി. ഗോണ്‍സാലോ ഗ്വെഡെസിന്റേതാണ് വിജയ ഗോള്‍. അറുപതാം മിനിറ്റിലായിരുന്നു നെതര്‍ലാന്റ്‌സിനെ എതിരില്ലാതെ തോല്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍. ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ പോര്‍ച്ചുഗല്‍ സൃഷ്ടിച്ചു. പക്ഷേ അതൊന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. നെതര്‍ലാന്റ്‌സിന്റേതാകട്ടെ കളിയിലുടനീളം മോശം പ്രകടനവും.
നെതര്‍ലാന്‍ഡ്സിന്റെ ബാഴ്സ ഗോള്‍കീപ്പര്‍ കോപ്പീര്‍ ജസ്പെര്‍ സില്ലിസനാണ് പോര്‍ച്ചുഗലിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിച്ചത്. 18 വട്ടമാണ് പോര്‍ച്ചുഗല്‍ താരങ്ങള്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ത്തത്. പക്ഷേ സില്ലിസനെ കടന്ന് പന്ത് ഗോള്‍ വല തൊട്ടത് ഒരേയൊരു വട്ടം മാത്രം.
ബെര്‍നാഡോ സില്‍വ കട്ട് ചെയ്ത് നല്‍കിയ പന്ത് ഗോള്‍വലയിലേക്ക് അടിച്ചിടാന്‍ ഗുഡസണിന് പിഴച്ചില്ല. ഗോള്‍ മടക്കാന്‍ നെതര്‍ലാന്‍ഡ്സ് ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.ജോസ് ഫോന്റേയും, റബന്‍ ഡയസും ചേര്‍ന്നാണ് പോര്‍ച്ചുഗലിന് വേണ്ടി പ്രതിരോധ കോട്ട തീര്‍ത്തത്. ബെര്‍ണാഡോ സില്‍വയാണ് ടൂര്‍ണമെന്റിലെ താരം .