UPDATES

കായികം

ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂളിന്റെ വിജയ കുതിപ്പ്; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ തിരിച്ച് വരവ്

പത്ത് പേരായി ചുരുങ്ങിയിട്ടും, ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും ആഴ്സണല്‍ തിരിച്ചുവരികയായിരുന്നു.

ചെല്‍സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആസ്റ്റണ്‍ വില്ലയെ 3 ന് എതിരെ 2 ഗോളുകള്‍ക്ക് മറികടന്ന് ആഴ്‌സണലും ആവേശ വിജയം നേടി. രണ്ട് തവണ പിന്നില്‍ പോയ ശേഷമായിരുന്നു എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആഴ്‌സണലിന്റെ തിരിച്ച് വരവ്.

ലിവര്‍പൂളിനെതിരെ ആദ്യ പകുതിയിലെ പിഴവുകള്‍ രണ്ടാം പകുതിയില്‍ തീര്‍ത്ത് ചെല്‍സി തിരിച്ചുവന്നെങ്കിലും മികച്ച ഫോമില്‍ കളിച്ച ലിവര്‍പൂളിനെ വീഴ്ത്താനായില്ല. മത്സരത്തിന്റെ 14 ാം മിനിറ്റില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. മുഹമ്മദ് സലാ എടുത്ത ഫ്രീ ക്രിക്കില്‍ നിന്ന് ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ആണ് ലക്ഷ്യം കണ്ടത്. 28-ാം മിനിറ്റില്‍ ആസ്പിലിക്വറ്റ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിധിക്കുകയായിരുന്നു.

പിന്നീട് 30-ാം മിനിറ്റില്‍ റോബര്‍ട്ടൊ ഫിര്‍മിന്യോയുടെ ഹെഡറിലൂടെ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയില്‍ താളം വീണ്ടെടുത്ത ചെല്‍സി 71-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ആസ്പിലിക്വെറ്റയുടെ പാസ് സ്വീകരിച്ച കാന്റെ ലിവര്‍പൂള്‍ പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലെത്തിച്ചു. പിന്നീട് സമനില ഗോളിന് ചെല്‍സി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. ഒരു മണിക്കൂറില്‍ അധികം 10 പേരുമായി കളിച്ചിട്ടും ആഴ്‌സണല്‍ വിജയം സ്വന്തമാക്കി. വില്ലയെ 3 ന് എതിരെ 2 ഗോളുകള്‍ക്ക് മറികടന്നാണ് ആഴ്‌സണല്‍ ആശ്വാസ ജയം കുറിച്ചത്. 20-ാം മിനിറ്റില്‍ ജോണ്‍ മക്ഗിനിലൂടെ ലീഡെടുത്ത ആസ്റ്റണ്‍ വില്ലയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 41-ാം മിനിറ്റില്‍ എയ്ന്‍സ്ലി മെയ്റ്റ്ലാന്‍ഡ് നൈല്‍സ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതോടെ ആഴ്സണല്‍ കൂടുതല്‍ പ്രതിരോധത്തിലായി.

പത്ത് പേരായി ചുരുങ്ങിയിട്ടും, ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും ആഴ്സണല്‍ തിരിച്ചുവരികയായിരുന്നു. കളിയുടെ 59 ആം മിനുട്ടില്‍ പെനാല്‍റ്റി ആഴ്‌സണലിന്റെ രക്ഷക്ക് എത്തി. ഗ്വെന്‍ഡൂസിയെ ബോക്‌സില്‍ വീഴ്ത്തിയത്തിന് ആണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത പെപെ തന്റെ ആദ്യ ആഴ്‌സണല്‍ ഗോള്‍ നേടി സ്‌കോര്‍ തുല്യമാക്കി. പക്ഷെ ഒരു മിനിട്ടിനുള്ളില്‍ വില്ല ലീഡ് പുനസ്ഥാപിച്ചു. ഗ്രിലിഷിന്റെ പാസില്‍ നിന്ന് വെസ്ലിയാണ് ഗോള്‍ നേടിയത്. എന്നാല്‍ 80-ാം മിനിറ്റിന് ശേഷം കളി ആഴ്സണലിന് അനുകൂലമായി. 81-ാം മിനിറ്റില്‍ കാലും ചേംബേഴ്സിലൂടെ ആസ്റ്റണ്‍ വില്ലയെ ഒപ്പം പിടിച്ച ആഴ്സണല്‍ മൂന്നു മിനിറ്റിനുള്ളില്‍ വീണ്ടും വല ചലിപ്പിച്ചു. സ്ട്രൈക്കര്‍ ഒബമയാങ്ങാണ് ഗോള്‍ നേടിയത്. ജയത്തോടെ ലീഗ് ടേബിളില്‍ ടോപ്പ് 4 ല്‍ എത്താനും ആഴ്‌സണലിനായി. 11 പോയിന്റുള്ള അവര്‍ നിലവില്‍ നാലാം സ്ഥാനത്താണ്. 4 പോയിന്റ് മാത്രമുള്ള വില്ല 18 ആം സ്ഥാനത്ത് തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍