UPDATES

കായികം

സീസണിലെ ആദ്യ ജയം നേടി പൂനെ സിറ്റി :ജംഷഡ്പുരിനെ തോല്‍പിച്ചത് 2 – 1 ന്

പൂനെയ്ക്കു വേണ്ടി ഡിയേഗോ ഒലിവേറ (അഞ്ചാം മിനിറ്റ്), മാറ്റ് മില്‍സ് (86 മിനിറ്റ് ) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(ഐഎസ്എല്‍) സീസണിലെ ആദ്യ ജയം നേടി പൂനെ സിറ്റി. പൂനെയിലെ ബലെവാഡി സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെയാണ് പൂനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി തിരച്ചു വരവ് നടത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാന സഥാനത്തായിരുന്ന പൂനെ രണ്ട് പോയിന്റുകള്‍ കയറി എട്ടാമതെത്തി.

പൂനെയ്ക്കു വേണ്ടി ഡിയേഗോ ഒലിവേറ (അഞ്ചാം മിനിറ്റ്), മാറ്റ് മില്‍സ് (86 മിനിറ്റ് ) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. 10ാം മിനിറ്റില്‍ ജംഷഡ്പൂരിനായി സുമീത് പാസ്സി ഗോള്‍ മടക്കിയെങ്കിലും കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ പൂനെയുടെ രണ്ടാം ഗോളിന് പകരമടിക്കാന്‍ ജംഷഡ്പുരിനായില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു തുടരുകയാണ് ജംഷഡ്പുര്‍.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ജംഷഡ്പൂരിനെതിരേ ആക്രമണാത്മക ഫുട്ബോളാണ് തുടക്കം മുതല്‍ പൂനെ കാഴ്ചവച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. ഇടതുവിങിലൂടെ ജംഷഡ്പുര്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഓടിക്കയറി ഡിയേഗോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ജംഷഡ്പുര്‍ ഗോള്‍ മടക്കി. ഇടതു മൂലയില്‍ നിന്നും ബോക്സിനു കുറുകെ കാര്‍ലോസ് സൊബ്രാഡോ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പാസ്സി ഹെഡ്ഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

മല്‍സരം 1-1ന് സമനിലയില്‍ കലാശിക്കുമെന്നിരിക്കവെ നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു മില്‍സ് പൂനെയുടെ വിജയഗോള്‍. വലതു മൂലയില്‍ നിന്നുള്ള മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ മില്‍സ് വലയ്ക്കുള്ളിലാക്കുകയായിരുന്നു. അതേസമയം സീസണിലെ ആദ്യ പരാജയമാണ് ജംഷഡ്പുര്‍
ഇന്നലെ ഏറ്റുവാങ്ങിയത്. ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ രണ്ടാംസ്ഥാനത്തേക്കു കുതിക്കാമായിരുന്നു ടീമിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍