UPDATES

കായികം

‘ബ്ലാസ്‌റ്റേഴ്‌സ് എപ്പോഴും ഹൃദയത്തിലുണ്ടാകും’ ടീമിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിന്മാറുകയാണെന്ന വാർത്ത സ്ഥിരീകരിച്ച് സച്ചിൻ

” ക്രിക്കറ്റ് ദൈവം ഇനി ഐഎസ്എലില്‍ ഇല്ല ” നിരാശ അറിയിച്ച് ആരാധകര്‍

നാലുവര്‍ഷമായി കേരള ബ്ലാസ്‌റ്റേഴസ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മനസറിഞ്ഞ വ്യക്തിയാണ് താനെന്നും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.  ടീം വിട്ടാലും തന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ടീമിനും ആരാധകര്‍ക്കും സ്ഥാനമുണ്ടായരിക്കുമെന്നും ബ്ലാസ്‌റ്റേഴസിന്റെ സഹപ്രമോട്ടര്‍ സ്ഥാനത്തു നിന്ന് പിന്‍വാങ്ങിയ സച്ചിന്‍ പ്രതികരിച്ചു. ബ്ലാസ്‌റ്റേഴ്‌സില്‍ സച്ചിനുണ്ടായിരുന്ന 20 ശതമാനം ഓഹരികള്‍ കൈമാറിയതായി ബ്ലാസ്‌റ്റേഴ്‌സ് അധികൃതരും സച്ചിനും അറിയിച്ചു.

കേരളത്തിന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയതില്‍ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്‌സിനും വലിയ പങ്കാണുള്ളത്. മഞ്ഞപ്പടയെ കേരളം നെഞ്ചേറ്റാന്‍ ഫുട്‌ബോളിന് പുറമെ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു അത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള ആരാധന തന്നെയായിരുന്നു.

ഇന്ത്യയില്‍ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിന്നില്ലെന്ന പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വഴി ബ്ലാസ്‌റ്റേഴ്‌സിനും, ഇന്ത്യന്‍ ഫുട്‌ബോളിനും പ്രൊമോഷന്‍ നല്‍കാനെത്തിയത്. ഇന്ത്യയില്‍ കാല്‍പന്തുകളിയില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള കേരളത്തിന്റെ സ്വന്തം ടീം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരാനായിരുന്നു സച്ചിന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ക്രിക്കറ്റിനെയും സച്ചിനെയും ഇഷ്ടപ്പെടുന്നവര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെയും ആരാധകരായി മാറി. ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ കളി കാണാന്‍ സച്ചിനും കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഗാലറിയില്‍ എത്തിയിരുന്നത്. ടീമിനെ ഏറ്റെടുത്തപ്പോള്‍ സച്ചിനോടുള്ള ആരാധകരുടെ സ്‌നേഹം ഇരട്ടിയായി. കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ എത്തുന്ന സച്ചിന്‍ കൊച്ചിയുടെ കേരളത്തിന്റെയും സ്ഥിരം അതിഥിയായി മാറി. പിന്നെ പിന്നെ സച്ചിന്‍ കൊച്ചിക്ക് സ്വന്തമാണെന്ന തരത്തിലായി.

സൂപ്പര്‍ ലീഗിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ എല്ലാ കായിക ഇനങ്ങളും വളരണമെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റിലാണ് ആരാധകര്‍ കൂടുതലെങ്കിലും കൊച്ചിയോടും കേരളത്തോടും സച്ചിന് കുടുതല്‍ ഇഷ്ടമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ വാക്കുകള്‍. അതേസമയം സച്ചിന്‍ ബ്ലാസ്‌റ്റേഴസ് വിട്ടതില്‍ ഏറെ നിരാശയുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പ്രതികരിച്ചത്. ഐ.എസ്.എലിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്സ് ടീമിനേയും ആരാധകരേയും നിരാശരാക്കിയിട്ടുണ്ട്. ഗാലറിയില്‍ ഇരുന്നു ബ്ലാസ്‌റ്റേഴസ് കളി കാണുന്ന സച്ചിന്റെ ഫോട്ടോ അടക്കം ചേര്‍ത്ത് ക്രിക്കറ്റ് ദൈവം ഇനി ഐഎസ്എലില്‍ ഇല്ല എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ആരാധകര്‍ നിരാശ അറിയിച്ചത്.

ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇതിഹാസ താരവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിൻ ടെണ്ടുൽക്കർ ടീമിന്റെ ഓഹരികൾ വിൽക്കും എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. സച്ചിന്റെ വാക്കുകളോട് റിപ്പോട്ടിനു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ലുലു ഗ്രൂപ് ഏറ്റെടുത്തേക്കുമെന്നും വാർത്തകൾ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍