UPDATES

കായികം

‘ഖത്തറിന് ഏഷ്യന്‍ കപ്പ് കിരീടം’ സാവിയുടെ പ്രവചനം ഫലിച്ചു; ഇനിയും ഭാവിയെക്കുറിച്ച് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് സാഞ്ചസ്

തങ്ങള്‍ക്കു പിന്തുണയേകിയ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതായും സാഞ്ചസ് പറഞ്ഞു.

ചരിത്രത്തിലാദ്യമായി ഖത്തര്‍ ഏഷ്യന്‍ കപ്പ് കിരീടം സ്വന്തമാക്കിയതിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം. ഏഷ്യന്‍ കപ്പ് മൈതാനത്ത് തങ്ങള്‍ക്കെതിരെ ഇറങ്ങിയ ശക്തരെ വരെ അട്ടിമറിയിലൂടെ മൂട്ടുകുത്തിച്ചു ഖത്തര്‍. ഫൈനല്‍ മത്സരം വരെ ഇതാവര്‍ത്തിക്കുകയായിരുന്നു ഖത്തര്‍. ഇപ്പോഴിത തങ്ങളുടെ ചരിത്ര നേട്ടത്തിന് ശേഷം ബാഴ്സലോണയുടെ മുന്‍ മിഡ്ഫീല്‍ഡ് ഇതിഹാസം സാവിക്കു നന്ദി അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് ഖത്തര്‍ കോച്ച് ഫെലിക്സ് സാഞ്ചസ്. നാലു തവണ ജേതാക്കളായ ജപ്പാനെ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു മുക്കിയാണ് ഖത്തര്‍ കന്നി ഏഷ്യന്‍ കപ്പില്‍ മുത്തമിട്ടത്. എന്നാല്‍ ഖത്തറിന്റെ ഈ കിരീടവിജയത്തെക്കുറിച്ച് സാവി നേരത്തേ തന്നെ പ്രവചിച്ചിരുന്നുവെന്നതാണ് അത്്ഭുതകരം. ഇതേ തുടര്‍ന്നാണ് താരത്തിന് കോച്ച് സാഞ്ചസ് നന്ദി അറിയിച്ചത്. ബാഴ്സയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശേഷം സാവി ഇപ്പോള്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദിനു വേണ്ടിയാണ് കളിക്കുന്നത്.

39 കാരനായ സാവി തങ്ങളുടെ ഭാഗ്യതാരമാണെന്ന് ബാഴ്സയുടെ മുന്‍ യൂത്ത് കോച്ച് കൂടിയായ സാഞ്ചസ് പറഞ്ഞത്. ഫൈനലില്‍ ഖത്തറിന്റെ കിരീടവിജയത്തിനു പിന്നാലെയാണ് സാവിയുടെ പ്രവചനത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. സാവിയെ വിളിച്ച് അടുത്ത മല്‍സരങ്ങളിലെ ഫലങ്ങള്‍ കൂടി പ്രവചിക്കുമോയെന്നു ചോദിക്കണം. കാരണം ഭാവിയെക്കുറിച്ച് അറിയാന്‍ ആകാംക്ഷയുണ്ടെന്നും സാഞ്ചസ് വ്യക്തമാക്കി. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് സാവി. ഖത്തര്‍ ടീമിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും കോച്ച് പറഞ്ഞു.

ഖത്തറിന്റെ വിജയത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് ടീമിന്റെ ചരിത്ര വിജയത്തിന് ശേഷം സാഞ്ചസ് പ്രതികരിച്ചത്. കരുത്തരായ ജപ്പാനെയാണ് തങ്ങള്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഖത്തര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ വളരെയേറെ പ്രതിരോധിച്ചു കളിക്കേണ്ടിവന്നു. കാരണം ജപ്പാന്‍ കിരീടത്തിനു വേണ്ടി മികച്ച പോരാട്ടം തന്നെ നടത്തി. ടീമിന്റെ പ്രകടനത്തില്‍ സന്തോഷിക്കുന്നു. തങ്ങള്‍ക്കു പിന്തുണയേകിയ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതായും സാഞ്ചസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍