UPDATES

കായികം

‘ഇത് പഴയ സ്പെയിൻ അല്ല’: ക്രൊയേഷ്യയെ ആറു ഗോളുകൾക്ക് തകർത്ത് സ്പാനിഷ് പട

ലോകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മോഡ്രിചും റാകിറ്റിചും പെരിസിചും ഒക്കെ അടങ്ങിയ ക്രൊയേഷ്യയെ തന്നെയാണ് സ്‌പെയിന്‍ ഇത്ര വലിയ സ്‌കോറിന് തകര്‍ത്തത്

മാസങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് മത്സരത്തിലെ പ്രകടനമല്ലായിരുന്നു ഇന്നലെ സ്‌പെയിനിന്റേത്, ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യന്‍ പടയെ അവരുടെ ചരിത്രത്തിലെ വലിയ പരാജയത്തിലേക്കാണ് സ്പാനിഷ് പട തള്ളിവിട്ടത്. മത്സരത്തിലുട നീളം സ്‌പെയിനു മുന്നില്‍ പൂര്‍ണമായും കീഴടങ്ങി ക്രൊയേഷ്യ പരാജയപ്പെട്ടത് മറുപടിയില്ലാത്ത ആറു ഗോളുകൾക്ക്.

യുവേഫ നാഷണ്‍സ് ലീഗില്‍ തങ്ങളുടെ ഹോം മത്സരത്തിലാണ് സ്‌പെയിന്‍ എതിരാളികളെ തൂത്തെറിഞ്ഞത്. ലോകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മോഡ്രിചും, റാകിറ്റിചും,  പെരിസിചും ഒക്കെ അടങ്ങിയ ക്രൊയേഷ്യയെ തന്നെയാണ് സ്‌പെയിന്‍  ഇത്ര വലിയ സ്‌കോറിന് തകര്‍ത്തത്. മത്സരം തുടങ്ങി 24 ാം മിനിറ്റില്‍ തന്നെ സ്പെയിൻ ക്രൊയേഷ്യന്‍ വല ചലിപ്പിച്ചു. സോള്‍ നേടിയ ഗോളിലൂടെയാണ് സ്‌പെയിന്‍ ആദ്യ ലീഡ് ഉയര്‍ത്തിയത്. പിന്നീട് 33 ാം മിനിറ്റില്‍ അലെന്‍സിയോ വീണ്ടും ക്രൊയേഷ്യന്‍ വല ചലിപ്പിച്ചു. 2- 0 യിലായിരുന്ന മത്സരത്തില്‍ അമിത സമ്മര്‍ദത്തിലായ ക്രെയേഷ്യന്‍ ടീം പിന്നീട് ഒരു സെല്‍ഫ് ഗോള്‍ വഴങ്ങുകയായിരുന്നു. രണ്ടാം ഗോള്‍ പിറന്ന് മിനിറ്റുകള്‍ക്കകം ക്രെയേഷ്യന്‍ ഗോളി കാലിനിച്ചാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റോഡ്രിഗോ, റാമോസ്, ഇസ്‌കോ എന്നിവരും സ്‌പെയിനു വേണ്ടി ഗോള്‍ നേടി. സ്‌പെയിന്‍ തങ്ങളുടെ കോമ്പറ്റിറ്റീവ് മത്സരങ്ങളിലെ ഹോം റെക്കോര്‍ഡ് തുടരുന്ന കാഴ്ചയാണ് ഈ മത്സരത്തില്‍ കാണാനായത്. കോമ്പറ്റിറ്റീവ് മത്സരത്തില്‍ അവസാനമായി സ്‌പെയിന്‍ ഹോം  ഗ്രൗണ്ടില്‍ പരാജയപ്പെട്ടത് 2003ല്‍ ആയിരുന്നു. അവസാന 38 ഹോം മത്സരങ്ങളിലും സ്‌പെയിന്‍ പരാജയം അറിഞ്ഞിട്ടില്ല. പുതിയ പരിശീലകന്‍ ലൂയിസ് എന്റികെയുടെ മികച്ച തുടക്കം കൂടിയായി ഇത്. എന്റികെയുടെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സ്‌പെയിന്‍ എ ഗ്രൂപ്പില്‍ ഒന്നാമതായി.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടിമിന് സ്‌പെയിനോട് ഏല്‍ക്കേണ്ടി വന്ന പരാജയത്തെ തുടര്‍ന്ന് സ്പാനിഷ് പടയെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ഹെന്‍ഡേഴ്‌സണ്‍ രംഗത്തു വന്നിരുന്നു. സ്‌പെയിനെ നേരിട്ടപ്പോള്‍ അവരുടെ മധ്യനിരയെ പിടിച്ചു നിര്‍ത്താന്‍ തങ്ങള്‍ ഏറെ ബുദ്ധിലമുട്ടിയെന്നാണ് താരം പറഞ്ഞത്. എന്റിക്വയുടെ കീഴില്‍ ആദ്യ മത്സരമായിരുന്നെങ്കിലും മത്സരത്തില്‍ ഒഴുക്കുള്ള കളിയാണ് സ്‌പെയിന്‍ കാഴ്ച വെച്ചത്.

ഇംഗ്ലണ്ടിന്റെ കേളീ ശൈലിയില്‍ ഹെന്‍ഡേഴ്‌സണ്‍ മാത്രമാണ് മധ്യനിരയിലെ പ്രധാന താരം. ഡെലെ അലി, ലിംഗാര്‍ഡ് എന്നിവര്‍ മധ്യനിരയിലാണ് പൊസിഷനെങ്കിലും മുന്നേറ്റനിരയോട് വളരെ അടുത്താണ് ഇവര്‍ കളിക്കുക. അതു കൊണ്ടു തന്നെ സ്പെയിനിന്റെ കരുത്തുറ്റ മധ്യനിരയിൽ വിള്ളലുകളുണ്ടാക്കാന്‍ താന്‍ ശരിക്കും ബുദ്ധിമുട്ടിയെന്നാണ് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍