UPDATES

കായികം

‘ബദ്ധവൈരികള്‍’ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലില്‍ ആവേശത്തുടക്കം

ടൂര്‍ണമെന്റിന്റെ നാലു വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടു തവണയാണ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടു തവണയും കൊല്‍ക്കത്തയ്ക്കായിരുന്നു ജയവും.

Avatar

അമീന്‍

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എടികെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ് തുടക്കമാകുന്നു. ടൂര്‍ണമെന്റിലെ ബദ്ധവൈരികളാണ് ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയുടെ ടീമും. ടൂര്‍ണമെന്റിന്റെ നാലു വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടു തവണയാണ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടു തവണയും കൊല്‍ക്കത്തയ്ക്കായിരുന്നു ജയവും. അതിനാല്‍ തന്നെ ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നുറപ്പ്. ഐഎസ്എല്‍ സീസണ് മികച്ച തുടക്കം തന്നെയാകും മത്സരം നല്‍കുകയെന്ന ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകരും.

എടികെയോട് ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ഒട്ടും അനുകൂലമല്ല ടൂര്‍ണമെന്റിലെ മുന്‍കാല പ്രകടനം. ഇതുവരെ പത്തു തവണ എടികെയോട് എതിരിട്ടപ്പോള്‍ വിജയം ബ്ലാസ്റ്റേഴ്‌സിന്റെ വഴിക്ക് വന്നത് ഒരുതവണ മാത്രം. അഞ്ചു തവണ എടികെ ജയിച്ചപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയിലായി. എന്നാല്‍, ടീം അഴിച്ചു പണിതെത്തുന്ന സീസണില്‍ മികച്ച പ്രകടനത്തോടെ കുതിപ്പ് തുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തില്‍ കുറഞ്ഞതൊന്നും എടികെയും പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ സീസണില്‍ ജംഷെഡ്പൂരിനെയും അതിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനെ തന്നെയും പരിശീലിപ്പിച്ച സ്റ്റീവ് കോപ്പലാണ് ഇത്തവണ കൊല്‍ക്കത്തയുടെ കോച്ച്. ഇത് രണ്ടു ടീമുകള്‍ക്കും പുതിയ തുടക്കമാണെന്നും കേരളത്തിനെതിരെ ജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും കോപ്പല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഐഎസ്എല്‍ മുന്‍സീസണുകളില്‍ നിന്നുള്ള മികച്ച താരങ്ങളെ പാളയത്തിലെത്തിച്ച് ടീമിന്റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുമുണ്ട് കോപ്പലാശാന്‍.

ഡല്‍ഹിയുടെ കാലു ഉച്ചേ, മുംബൈയില്‍ നിന്ന് ജേര്‍സോണ്‍ വിയേര, ജംഷഡ്പൂര്‍ എഫ്‌സിയുടെ ആന്ദ്രേ ബി കെ, ഗോവയുടെ താരം മാനുവേല്‍ ലാന്‍സറോട്ട തുടങ്ങിയവരൊക്കെ ഇത്തവണ എടികെയ്ക്കായി അണിനിരക്കും. ഗോവയ്ക്കായി കഴിഞ്ഞ സീസണില്‍ 13 ഗോളുകള്‍ അടിച്ചുകൂട്ടിയ ലാന്‍സറോട്ട തന്നെയാണ് കൊല്‍ക്കത്ത നിരയിലെ ശ്രദ്ധാകേന്ദ്രം. എവര്‍ട്ടണ്‍ സാന്റോസും ബല്‍വന്ദ് സിങും ജോണ്‍ ജോണ്‍സണുമൊക്കെയുള്ള എടികെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ടീമാണെന്ന കാര്യത്തില്‍ സംശയമില്ല.

മറുവശത്ത് ഇത്തവണ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജയിക്കാനുറച്ചാണ് എത്തുന്നത്. തന്റെ ടീം സര്‍വ സജ്ജമാണെന്നും തങ്ങളുടെ നൂറ് ശതമാനവും കളത്തില്‍ പ്രകടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും കോച്ച് ഡേവിഡ് ജെയിംസ് പറയുന്നു. കളിമികവുള്ള ഒരു സംഘത്തെ ഇത്തവണ അണിനിരത്താന്‍ ഡേവിഡ് ജെയിംസിനായിട്ടുണ്ട്. പലപ്പോഴും ദൗര്‍ബല്യമായിരുന്ന മധ്യനിരയിലും കഴിവുള്ള താരങ്ങളെ എത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ഇത്തവണ ശ്രദ്ധിച്ചിട്ടുണ്ട്.

അനസ് എടത്തൊടികയെ ടീമിലെത്തിച്ചതും മാതേജ് പോപ്ലാറ്റിനിക്കിനെയു, സ്ലാവിസ്ല സ്റ്റോജെനോവിച്ചിനെയുമൊക്കെ തിരഞ്ഞെടുത്തതും കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. എന്നാല്‍, സസ്‌പെന്‍ഷനെ തുടര്‍ന്ന് ആദ്യ മത്സരങ്ങളില്‍ അനസിന് ഇറങ്ങാനാവില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. വിനീതും ജിങ്കനും കറേജ് പെക്യൂസണും കിസീറ്റോയും ക്രമരോവിച്ചുമൊക്കെയുള്ള ബ്ലാസ്റ്റേഴ്‌സ് നിരയും മോശമല്ല.

എടികെ – സാധ്യതാ ടീം: അരിന്ദം ഭട്ടാചാര്യ (ഗോള്‍ കീപ്പര്‍), ആന്ദ്രെ ബികെ, ജോണ്‍ ജോണ്‍സണ്‍, എയര്‍ബോര്‍ലാങ്, സെനാ റാള്‍റ്റേ, ഗെര്‍സണ്‍ വിയേര, പ്രൊനായ് ഹാള്‍ഡര്‍, എവര്‍ട്ടണ്‍ സാന്റോസ്, മാന്വല്‍ ലന്‍സാരോട്ടെ, ജയേഷ് റാനേ, ബല്‍വന്ദ് സിങ്.

ബ്ലാസ്റ്റേഴ്‌സ് – സാധ്യതാ ടീം: ധീരജ് സിങ് (ഗോള്‍ കീപ്പര്‍), സന്ദേശ് ജിങ്കന്‍, പ്രിതം സിങ്, സിറില്‍ കാലി, ലാല്‍റുത്താര, കെസിറോണ്‍ കെസീറ്റോ, കറേജ് പെക്യൂസണ്‍, ഹലിചരണ്‍ നര്‍സാരി, സികെ വിനീത്, സ്ലാവിസ്ല സറ്റൊജനോവിച്, മാതേജ് പോപ്ലാന്റിക്.

ക്യാപ്റ്റന്‍ രോഹിത്ത്, നിങ്ങള്‍ പ്രവചിച്ച ആ ‘സൂര്യന്‍’ ഉദിച്ചിരിക്കുന്നു!

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍