UPDATES

കായികം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മെസി ഇറങ്ങിയിട്ടും ബാഴ്‌സ ജയിച്ചില്ല; ലിവര്‍പൂളിന് വീഴ്ച്ചയോടെ തുടക്കം

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെമ്പടയെ തകര്‍ത്തത്.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യമത്സരത്തില്‍ ഡോര്‍ട്മുണ്ടിനെ നേരിട്ട ബാഴ്‌സലോണ ഗോള്‍ രഹിത സമനില വഴങ്ങി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി കളിക്കാനിറങ്ങിയിട്ടും ഗ്രൂപ് എഫില്‍ ജര്‍മ്മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ബാഴ്‌സ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. അതേ സമയം മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നപ്പോളിക്ക് മുന്നില്‍ തോല്‍വി ഏറ്റുവാങ്ങി.

മെസ്സിയെ ബെഞ്ചില്‍ ഇരുത്തിയാണ് ബാഴ്‌സലോണ തുടങ്ങിയത്. ആദ്യ ഇലവനില്‍ 16കാരനായ അന്‍സു ഫതിയെ ഇറക്കിയെങ്കികും യുവതാരത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ബാഴ്‌സലോണക്കായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അന്‍സു. രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാല്‍, മുന്‍ ചാമ്പ്യന്മാര്‍ക്ക് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബാഴ്‌സയുടെ സമനില. 55ാം മിനിറ്റില്‍ ബാഴ്‌സ പെനാല്‍റ്റി വഴങ്ങിയെങ്കിലും ഡോര്‍ട്ട്മുണ്ട് താരം റിയൂസ് സ്റ്റെപ്‌സ് എടുത്ത കിക്ക് ബാഴ്‌സ ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷപ്പെടുത്തി.

മെസ്സിയും സുവാരസും അന്റോണിയോ ഗ്രീസ്മാനും ഒത്തു പിടിച്ചിട്ടും ഗോള്‍ വല അനങ്ങിയില്ല. മിക്ക സമയത്തും മേധാവിത്തം കാട്ടിയത് ഡോര്‍ട്ട്മുണ്ടായിരുന്നു. ഡോര്‍ട്ട്മുണ്ട് നാല് തവണ ബാഴ്‌സ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍തപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബാഴ്‌സ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്.

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെമ്പടയെ തകര്‍ത്തത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന 12 മിനിറ്റിലാണ് നാപ്പോളിയുടെ രണ്ടു ഗോളുകളും പിറന്നത്. പന്തുമായി ബോക്സിലേക്ക് കയറിയ നാപ്പോളി താരം കല്ലേഹോനിനെ റോബര്‍ട്ട്സണ്‍ ബോക്സില്‍ വീഴ്ത്തിയതിന് റഫറി നാപ്പോളിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഡ്രൈസ് മെര്‍ട്ടെന്‍സിന് പിഴച്ചില്ല. 82-ാം മിനിറ്റില്‍ നാപ്പോളി മുന്നില്‍. തുടര്‍ന്ന് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലൊറെന്റെ നാപ്പോളിയുടെ രണ്ടാം ഗോളും നേടി. യൂറോപ്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.

അതേസയം ഫ്രാങ്ക് ലാംപാര്‍ഡിനു കീഴില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് വലന്‍സി അട്ടിമറിച്ചത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ 87-ാം മിനിറ്റിലെ പെനാല്‍റ്റി പാഴാക്കിയതാണ് ചെല്‍സിയുടെ തോല്‍വിയിലേക്കു നയിച്ചത്. ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ചെല്‍സിക്ക് പക്ഷേ വലന്‍സിയ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് വലന്‍സിയ പന്ത് ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

74-ാം മിനിറ്റില്‍ ഫ്രീകിക്ക് പ്രതിരോധിക്കുന്നതില്‍ ചെല്‍സി താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്ന് റോഡ്രിഗോ പന്ത് വലയിലെത്തിച്ചു. മത്സരം കൈവിട്ടെന്ന ഘട്ടത്തിലാണ് കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. പക്ഷേ പെനാല്‍റ്റി എടുത്ത റോസ് ബാര്‍ക്ലിയുടെ ഷോട്ട് ബാറില്‍ തട്ടി പുറത്തുപോയതോടെ ചെല്‍സി തോല്‍വി ഉറപ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍