UPDATES

കായികം

ആവേശോജ്വല പോരാട്ടം: ഇഞ്ച്വറി ടൈം ഗോളിൽ അർജന്റീനയെ തോൽപ്പിച്ച് കാനറികൾ

അടുത്ത വര്‍ഷം കോപ്പാ അമേരിക്ക നടക്കാനിരിക്കെ അര്‍ജന്റീനന്‍ യുവ ടീമിന്റെ പ്രകടനം പരിശീലകന്‍ സ്‌കലോനിക്ക് കുടുതല്‍ ആത്മവിശ്വാസം നല്‍കും.

ആരാധകരെ ഹരം കൊള്ളിച്ച ആവേശോജ്വല പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ എതിരാളികളായ  അര്‍ജന്റീനക്കെതിരെ കാനറികള്‍ക്ക് വിജയം. ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡ നേടിയ ഒരു ഗോളിന്റെ പിന്‍ബലത്തിലാണ് ബ്രസീല്‍ വിജയിച്ചത്.

പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ക്കെതിരെ അര്‍ജന്റീനയുടെ യുവനിര പൊരുതി കളിച്ചപ്പോള്‍ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്ന് എതാണ്ട് ഉറപ്പിച്ചപ്പോഴയായിരന്നു ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബ്രസിലിനായി ഗോള്‍ പിറന്നത്. മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടും ഇഞ്ച്വറി ടൈം വരെ പിടിച്ചു നില്‍ക്കാനായതില്‍ അര്‍ജന്റീനയ്ക്ക് ആശ്വസിക്കാം. ആരാധകര്‍ക്ക് നിരാശ നല്‍കാതെ മികച്ച രീതിയില്‍ തന്നെ ടീം കളിച്ചു.

ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോ കപ്പ് പോരാട്ടത്തില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ 60,000ത്തോളം കാണികളാണ് മത്സരം കാണാനെത്തിയത്. യുവനിരയുമായി ഇറങ്ങിയ അര്‍ജന്റീന ബ്രസീലിന്റെ ഫുള്‍ ടീമിനെ വിറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. കളിയുടെ 63 ശതമാനവും ബോള്‍ കയ്യില്‍ വച്ചെങ്കിലും മെസ്സിയില്ലാത്ത അര്‍ജന്റീനക്കെതിരെ ഗോള്‍ നേടാന്‍ ബ്രസീല്‍ വിയര്‍ക്കുന്ന കാഴ്ചക്കായിരുന്നു കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നെയ്മറും കുട്ടീഞ്ഞോയും ഫിര്‍മിനോയും ഗോള്‍ കണ്ടെത്താനാകാതെ വിയര്‍ത്തു. അഗ്വിറോയും ഹിഗ്വയ്‌നും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതിരുന്നിട്ടും ബ്രസീലിന്റെ മുന്‍നിര ഓടി തളര്‍ന്നു.

ക്യാപ്റ്റനും സ്റ്റാര്‍ സ്ട്രൈക്കറുമായ നെയ്മറുള്‍പ്പെടെ ഏറ്റവും ശക്തമായ ടീമിനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ അണിനിരത്തിയത്. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജിസൂസ് എന്നിവരും ആദ്യ ഇലവനില്‍ത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റീനന്‍ നിരയില്‍ താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിയുടെ ടീമില്‍ വമ്പന്‍ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൗലോ ദിബാലയെയും മൗറോ ഇക്കാര്‍ഡിയെയും ആദ്യ ഇലവനില്‍ തന്നെ കളിപ്പിച്ച സ്‌കലോനി സീനിയര്‍ താരങ്ങളായ നിക്കോളാസ് ഒട്ടാമെന്‍ഡിയെയും ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെയും പ്ലെയിങ് ഇലവനില്‍ ഇറക്കി.

മല്‍സരത്തില്‍ പ്രതിരോധത്തിലൂന്നിയ കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. ചില ഘട്ടങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ എതിരാളികളെ വിറപ്പിച്ചും അര്‍ജന്റീന കൈയടി നേടി. ഒരു പക്ഷെ ടീമില്‍ ലയണല്‍ മെസി കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒരു ഗോളെങ്കിലും അര്‍ജന്റീനയ്ക്കായി പിറന്നേനെ എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല. ഫിനീഷിംഗിലെ സ്ഥിരതയില്ലായ്മ കാരണം ഒത്തിരി അവസരങ്ങളാണ് അര്‍ജന്റീന കളഞ്ഞ് കുളിച്ചത്.

ആദ്യപകുതിയില്‍ ഇരുടീമും പതിഞ്ഞ താളത്തിലാണ് കളിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ ഓപ്പണ്‍ ഗെയിമായിരുന്നു. ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ രണ്ടു ടീമും ഇരമ്പിക്കളിച്ചു. അര്‍ജന്റീനയുടെ യുവനിര ഉള്‍പ്പെടുന്ന പരീക്ഷണ ടീമിനോടു ബ്രസീലിന്റെ പ്രകടനം നിറം മങ്ങിതതായിരുന്നുവെന്നും വിലയിരുത്താം. കളി ഷൂട്ടൗട്ടിലേക്കു നീണ്ടാല്‍ ഇരുടീമിനും തുല്യ വിജയസാധ്യതയാണുണ്ടായിരുന്നത്. എന്നാല്‍ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡ ബ്രസീലിന്റെ രക്ഷകനാവുകയായിരുന്നു. ഇടതുമൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മിറാന്‍ഡ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. അതേസമയം അടുത്ത വര്‍ഷം കോപ്പാ അമേരിക്ക നടക്കാനിരിക്കെ അര്‍ജന്റീനന്‍ യുവ ടീമിന്റെ പ്രകടനം പരിശീലകന്‍ സ്‌കലോനിക്ക് കുടുതല്‍ ആത്മവിശ്വാസം നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍