UPDATES

ട്രെന്‍ഡിങ്ങ്

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം; ചികിത്സയ്ക്ക് സഹായം തേടി കുടുംബം

കഴിഞ്ഞ മാസം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം വെന്റിലേറ്ററിലാണ്

ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ഇന്ത്യക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജേക്കബ് മാര്‍ട്ടിനാണ് ക്രിക്കറ്റ് ലോകത്തിന്റെ കനിവ് തേടുന്നത്. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാര്‍ട്ടിന് ഗുരുരമായി പരിക്കേറ്റത്. അതീവ ഗുരുതരാവസ്ഥയില്‍ വഡോദരയില്‍ വഡോദരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ട്ടിന്‍ അന്നു മുതല്‍ വെന്റിലേറ്ററിലാണ്. കരളിനാണ് പരിക്ക ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ പണമില്ലാതെ കുടുംബമാണ് സഹായം അഭ്യര്‍ത്ഥിച്ച് മുന്നോട്ടു വന്നിട്ടുള്ളത്.

മാര്‍ട്ടിന്റെ ഭാര്യ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഉള്‍പ്പെടെ സാമ്പത്തിക സഹായം അഭ്യര്‍ത്തിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ബോര്‍ഡ് അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു. ബറോഡ് ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നുലക്ഷവും അനുവദിച്ചിട്ടുണ്ട്. ബിസിസിഐ മുന്‍ സെക്രട്ടറിയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സഞ്ജയ് പട്ടേലും മാര്‍ട്ടിനു വേണ്ടി സഹായാഭ്യര്‍ത്തനയുമായി രംഗത്തുണ്ട്. ചികിത്സയ്ക്ക് ഇനിയും കൂടുതല്‍ തുക വേണ്ടി വരുമെന്നാണ് സഞ്ജയ് പട്ടേല്‍ പറയുന്നത്.

ആശുപത്രിയിലെ ഇതുവരെയുള്ള ബില്‍ 11 ലക്ഷം കഴിഞ്ഞെന്നാണ് സഞ്ജയ് പട്ടേല്‍ പറയുന്നത്. ബില്‍ കുടിശ്ശിക കൂടിയതോടെ ആശുപത്രിക്കാര്‍ ചിക്തിസ നിര്‍ത്തിവയ്ക്കുന്നൊരു സാഹചര്യം വന്നിരുന്നു. ബിസിസിഐ അഞ്ചു ലക്ഷം നേരിട്ട് ആശുപത്രിയിലേക്ക് കൈമാറിയാതോടെയാണ് ചിക്തിസ പുനരാരംഭിച്ചത്. പിന്നീട് ഇതുവരെ മുടങ്ങിയിട്ടില്ല എന്നാണ് സഞ്ജയ് പട്ടേല്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞത്.

1999 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ആയിരുന്നു ജേക്കബ് മാര്‍ട്ടിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി 10 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ചു. എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജേക്കബ് മാര്‍ട്ടിന്‍ 47 ആവറേജില്‍ 9192 റണ്‍സ് നേടിയിട്ടുണ്ട്. 2001 ബറോഡയെ രഞ്ജി ട്രോഫിയില്‍ നയിച്ചതും മാര്‍ട്ടിന്‍ ആയിരുന്നു. ബരോഡയ്ക്കായി രഞ്ജി മത്സരങ്ങള്‍ കളിച്ചുകൊണ്ടായിരുന്നു മാര്‍ട്ടിന്റെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലേക്കുള്ള കടന്നു വരവ്. റൈറ്റ് ഹാന്‍ഡ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ആയി മാര്‍ട്ടിന്‍ പാര്‍ട്ട് ടൈം സ്പിന്‍ ബൗളര്‍ കൂടിയായിരുന്നു. രഞ്ജി ട്രോഫിയില്‍ ഒരു സീസണില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍മാരില്‍ ആറാം സ്ഥാനത്ത് മാര്‍ട്ടിന്‍ എത്തിയിരുന്നു. 1998-99 സീസണില്‍ 103.70 റണ്‍സ് ആവറേജില്‍ 1037 റണ്‍സ് ആണ് മാര്‍ട്ടിന്‍ സ്വന്തമാക്കിയത്. ഇതില്‍ അഞ്ച് സെഞ്ച്വറികളും ഉള്‍പ്പെടും. ഈ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നത്. വെസ്റ്റീന്‍ഡീസിനെതിരേയുള്ള അരങ്ങേറ്റത്തിനു പിന്നാലെ പാകിസ്താന്‍ കൂടി ഉള്‍പ്പെട്ട ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും മാര്‍ട്ടിന്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ പ്രകടിപ്പിച്ച കഴിവ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തെളിയിക്കാന്‍ കഴിയാതെ പോയത് ഈ ബറോഡാക്കാരന് തിരിച്ചടിയായി. വിരമിച്ചശേഷം ബറോഡ രഞ്ജി ടീമിന്റെ പരിശീലകനായും ജേക്കബ് മാര്‍ട്ടിന്‍പ്രവര്‍ത്തിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍