UPDATES

കായികം

എനിക്കും ലക്ഷ്മണിനും ഇടയില്‍ പിടിവലി വരെ നടന്നു; ലോഡ്‌സ് ബാല്‍ക്കണിയില്‍ അന്നു നടന്നത് വെളിപ്പെടുത്തി ഗാംഗുലി

എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ഹര്‍ഭജന്‍

2002 ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാറ്റ് വെസ്റ്റ് സീരിസ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല. കൈവിട്ടെന്നു കരുതിയ കിരീടം മുഹമദ് കൈഫിന്റെയും യുവരാജ് സിംഗിന്റെ അസാമന്യ പ്രകടനത്തോടെ ടീം ഇന്ത്യ തലയിലേറ്റിയ മത്സരം മാത്രമായതുകൊണ്ടല്ല, ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തില്‍ ടീമിന്റെ അന്നത്തെ നായകനും ഇന്ത്യയുടെ പ്രിയപ്പെട്ട ദാദയുമായ സൗരവ് ഗാംഗുലി തന്റെ ജഴ്‌സി ഊരി വീശിയ കാഴ്ചയും കൂടിയാണ് ആ മത്സരം അവിസ്മരണീയമാക്കുന്നത്. എന്നാല്‍ താന്‍ അന്ന് ജഴ്‌സി ഊരുന്നത് തടയാന്‍ ശ്രമിച്ച ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഗാംഗുലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല, വിവിഎസ് ലക്ഷ്മണ്‍. ‘ എ സെഞ്ച്വറി ഈസ്് നോട്ട് ഇനഫ്’ എന്നു പേരിട്ട തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങ് നടന്ന മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡിലെ വേദിയില്‍ വച്ചാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ തടയാന്‍ ലക്ഷ്മണ്‍ പരമാവധി ശ്രമിച്ചെന്നും എന്ത് ചെയ്യണമെന്നറിയാതെ അടുത്ത് ഹര്‍ഭജന്‍ നില്‍പ്പുണ്ടായിരുന്നുവെന്നുമാണ് ഗാംഗുലി പറയുന്നത്.

ഞാന്‍ എന്റെ ജഴ്‌സി ഊരാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്മണ്‍ അത് പിടിച്ച് താഴ്ത്തിയിടാനാണ് നോക്കിയത്. ഞങ്ങള്‍ക്കിടയില്‍ ചെറിയൊരു പിടിവലി തന്നെ നടന്നു. ഹര്‍ഭജന്‍ ഈ സമയം ഞങ്ങളുടെ പുറകില്‍ നില്‍പ്പുണ്ടായിരുന്നു, ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. ഒന്നും ചെയ്യേണ്ടെന്നു ഞാന്‍ പറഞ്ഞു; ഗാംഗുലിയുടെ വാക്കുകള്‍.

ജഴ്‌സി ഊരിയ സംഭവത്തില്‍ താന്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് മുന്‍പ് ബര്‍ക്ക ദത്തുമായുള്ള സംഭാഷണത്തില്‍ ഗാംഗുലി വ്യക്തമാക്കിയിരുന്നു. ചരിത്രപരമായ മുഹൂര്‍ത്തം എന്നാണ് പലരും അതിനെക്കുറിച്ച് പറയുന്നത്. പക്ഷേ, ഇനി ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. വളയെ യാഥാസ്ഥിതികമായൊരു ബംഗാളി കുടുംബത്തില്‍ നിന്നും വരുന്നൊരാളാണ് ഞാന്‍. ആ നിമിഷത്തിന്റെ മൂര്‍ദ്ധന്യതയില്‍ സംഭവിച്ചുപോയതാണങ്ങനെ എന്നുമായിരുന്നു ഗാംഗുലി ആ സംഭവത്തെ കുറിച്ച് പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍