UPDATES

കായികം

ബ്രസീലിനൊപ്പമെത്താന്‍ ജര്‍മനി; ചരിത്രം രചിക്കുമോ ലോവിന്റെ പടയാളികള്‍?

യോഗ്യതാ റൗണ്ടിലെ പത്തു മത്സരങ്ങളില്‍ പത്തിലും ജയിച്ച ജര്‍മന്‍ ടീം അടിച്ചുകൂട്ടിയത് 43 ഗോളുകളാണ്. വഴങ്ങിയതാകട്ടെ വെറും നാലെണ്ണവും

Avatar

അമീന്‍

താരങ്ങളിലല്ല, ടീം വര്‍ക്കിലാണ് ജര്‍മനി എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഗെയിം പ്ലാനിന് അനുസൃതമായ കളിക്കാരെ കണ്ടെത്തുന്നതിലും. അതുകൊണ്ടുതന്നെ ജര്‍മനി ഫേവറിറ്റുകളാകാത്ത ലോകകപ്പുകള്‍ ചുരുങ്ങും. ഇത്തവണ ലോകകിരീടം നിലനിര്‍ത്തുമെന്നുറപ്പിച്ചു തന്നെയാണ് 2014ലെ ചാമ്പ്യന്‍മാര്‍ ലോകകപ്പിനെത്തുന്നത്. അതിനുള്ള വിഭവശേഷിയും കെട്ടുറപ്പും പരിശീലകന്‍ യൊവാക്കിം ലോവിന്റെ പടയ്ക്കുണ്ടെന്ന കാര്യത്തില്‍ ഫുട്ബോള്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, തുടര്‍ച്ചയായി ലോകകപ്പ് നേടുക എന്ന അത്യപൂര്‍വ നേട്ടത്തിലേക്ക് ജര്‍മനിയ്ക്ക് എത്താനാകുമോ എന്നതില്‍ മാത്രമാണ് അല്‍പമെങ്കിലും സംശയമുള്ളത്, അത് കളത്തിന് പുറത്തെ കണക്കുകളുടെ കളിയാണെങ്കിലും.

(2014 ഫൈനല്‍ വിജയം

1958, 1962 വര്‍ഷങ്ങളില്‍ ബ്രസീല്‍ ലോകകപ്പ് നിലനിര്‍ത്തിയ ശേഷം ഇതുവരെ ആര്‍ക്കും ലോകകിരീടം തുടര്‍ച്ചയായി രണ്ടു തവണ നേടാനായിട്ടില്ല. അതിനു മുമ്പ് 1934, 1938 വര്‍ഷങ്ങളില്‍ ഇറ്റലി മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ബ്രസീല്‍ തുടര്‍ച്ചയായി കപ്പുനേടി അര നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രതിഭകള്‍ പലരും വന്നിട്ടും തന്ത്രങ്ങള്‍ പലതും പരീക്ഷിച്ചിട്ടും പിന്നീടിതുവരെ ആര്‍ക്കും ലോകകപ്പ് നിലനിര്‍ത്താനായിട്ടില്ല. ചാമ്പ്യന്‍മാരായ പലരും തൊട്ടടുത്ത ലോകകപ്പില്‍ തകര്‍ന്നടിഞ്ഞു. 2006ല്‍ ചാമ്പ്യന്‍മാരായ ഇറ്റലിയും 2010ല്‍ ചാമ്പ്യന്‍മാരായ സ്പെയിനും തൊട്ടടുത്ത ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത് സമീപകാല ചരിത്രം. ഇത്തവണ ജര്‍മന്‍പട ആ ചരിത്രം തിരുത്തിയാല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പുകളെന്ന റെക്കോഡിലും അവര്‍ക്ക് ബ്രസീലിനൊപ്പമെത്താം.

ലോകകപ്പ് ചരിത്രം

എല്ലാ ലോകകപ്പുകളിലും കളിച്ച ടീമെന്ന ഖ്യാതി ബ്രസീലിനാണെങ്കിലും ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ടീമെന്ന പെരുമ ജര്‍മനിയ്ക്കുള്ളതാണ്. 21 ലോകകപ്പുകളില്‍ 1930ലെ ആദ്യ ലോകകപ്പിലും 1938ലെ മൂന്നാം ലോകകപ്പിലും മാത്രമാണ് ജര്‍മന്‍ ടീം ഇല്ലാതെപോയത്. 1934ല്‍ ആദ്യമായി കളിച്ച ലോകകപ്പില്‍ തന്നെ മൂന്നാംസ്ഥാനം നേടാനും അവര്‍ക്കായി.

(ലോകകപ്പ് ടേബിള്‍) Courtesy: Wikipedia

1954, 1974, 1990, 2014 എന്നീ വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ ജര്‍മനി നാലുതവണ റണ്ണേഴ്സപ്പുമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫൈനലുകള്‍ (എട്ടു തവണ) കളിച്ച ടീമും ജര്‍മനി തന്നെ. നാലു തവണ മൂന്നാം സ്ഥാനത്തും ഒരുതവണ നാലാംസ്ഥാനത്തും എത്തിയിട്ടുള്ള ഇവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സെമി (13 എണ്ണം) കളിച്ചിട്ടുള്ള ടീമും. ലോകകപ്പില്‍ ആകെ 106 മത്സരങ്ങളില്‍ 66 വിജയങ്ങള്‍ നേടിയിട്ടുള്ള ടീം ഇത്തവണ വിജയക്കുതിപ്പ് നടത്തുകയാണെങ്കില്‍ ഒന്നാമതുള്ള ബ്രസീലിന്റെ (104 മത്സരങ്ങളില്‍ 70 വിജയം) റെക്കോഡും മറികടന്നേക്കാം.

അനായാസം യോഗ്യത

ഇത്രയും ആധികാരികമായി ഈ ലോകകപ്പിലേക്കെന്നല്ല ഏതെങ്കിലും ലോകകപ്പിലേക്ക് ഏതെങ്കിലുമൊരു ടീം എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, അസര്‍ബൈജാന്‍, സാന്‍ മാരിനോ എന്നീ ടീമുകളാണ് ജര്‍മനിയ്ക്കൊപ്പം ഉണ്ടായിരുന്നത്. യോഗ്യതാ റൗണ്ടിലെ പത്തു മത്സരങ്ങളില്‍ പത്തിലും ജയിച്ച ജര്‍മന്‍ ടീം അടിച്ചുകൂട്ടിയത് 43 ഗോളുകളാണ്. വഴങ്ങിയതാകട്ടെ വെറും നാലെണ്ണവും! ജര്‍മനി എന്തുകൊണ്ട് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാകുന്നു എന്നതിന് മറ്റൊരു ഉത്തരവും ആവശ്യമില്ല.

എളുപ്പമല്ല, കടുപ്പവുമല്ല

സ്വീഡന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ -എളുപ്പമല്ല ജര്‍മനിയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍. എന്നാല്‍, നിലവിലെ ഫോമില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിലാകും അത്ഭുതപ്പെടേണ്ടത്. ഗ്രൂപ്പ് എഫില്‍ ജൂണ്‍ 17ന് മെക്സിക്കോയ്ക്ക് എതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം. മത്സരത്തില്‍ മുന്‍തൂക്കം ജര്‍മനിയ്ക്ക് തന്നെയെങ്കിലും കഴിഞ്ഞ ആറു ലോകകപ്പിലും നോക്കൗട്ടിലെത്തിയ ചരിത്രമുള്ള മെക്സിക്കോയെ തള്ളിക്കളയാനാകില്ല. 23ലെ ജര്‍മനി-സ്വീഡന്‍ മത്സരമാകും എഫ് ഗ്രൂപ്പിലെ കടുപ്പമേറിയ കളി. ഒരു വ്യാഴവട്ടത്തിനു ശേഷം മടങ്ങിയെത്തുന്ന സ്വീഡന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കൈമെയ് മറന്നധ്വാനിക്കുമെന്നുറപ്പ്. മാര്‍ക്കസ് ബര്‍ഗിനെ പോലുള്ള കളിക്കാര്‍ സ്വീഡന് ജയം നേടിക്കൊടുക്കാന്‍ പര്യാപ്തരുമാണ്. ദക്ഷിണ കൊറിയക്കെതിരായ അവസാന മത്സരം ജര്‍മനിയ്ക്ക് താരതമ്യേന എളുപ്പമാകും.

കോച്ചെന്ന അച്ചുതണ്ട്

മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഫുട്ബോളില്‍ പരിശീലകന്‍ അല്ലെങ്കില്‍ മാനേജര്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്. ടീമിന്റെ ഫോര്‍മേഷനും തന്ത്രങ്ങളും അവസാന ഇലവനും ഇടയ്ക്കുള്ള മാറ്റങ്ങളുമെല്ലാം തീരുമാനിക്കുന്നത് പരിശീലകനാണ്. ഫുട്ബോളിലെ പരിശീലകനുള്ള പ്രാധാന്യം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തുന്ന ടീമാണ് ജര്‍മനി. 12 വര്‍ഷമായി പരിശീലകസ്ഥാനത്ത് തുടരുന്ന കോച്ച് യൊവാക്കിം ലോവ് അച്ചുതണ്ടിനെ ചുറ്റിയാണ് ജര്‍മന്‍ ടീമിന്റെ കുതിപ്പുകള്‍. കഴിഞ്ഞ തവണ കിരീടം നേടിത്തന്ന കോച്ചെന്നത് മാത്രമല്ല, ലോവിന്റെ കീഴില്‍ ഒരു പ്രധാന ടൂര്‍ണമെന്റിലും ജര്‍മനി അവസാന നാലിലെത്താതിരുന്നിട്ടില്ല. 2010 ലോകകപ്പില്‍ മൂന്നാമതെത്തിയ ലോവിന്റെ ടീം 2014ല്‍ ചാമ്പ്യന്‍മാരായി. 2008 യൂറോ കപ്പില്‍ റണ്ണേഴ്സ് അപ്പായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും സെമിയിലെത്തി.

(കോണ്‍ഫെഡറേഷന്‍ കപ്പിലെ ഗോളുകള്‍

തന്റേതായ ടീമിനെ ഒരുക്കുന്നതില്‍ ലോവിന് സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെയാകാം ലോകകപ്പിനുള്ള 23 അംഗ ജര്‍മന്‍ ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയി സാനെ ഒഴിവാക്കപ്പെട്ടപ്പോള്‍ ലോവിനെ അറിയാവുന്നവര്‍ അത്രതന്നെ ഞെട്ടിയില്ല. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി സീസണില്‍ 14 ഗോളടിക്കുകയും 19 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത സാനെയെ ഒഴിവാക്കാന്‍ ലോവിന് തന്റേതായ കാരണങ്ങളുണ്ടാകാം. ടീം ഗെയിമില്‍ നിന്നും തെല്ലും വ്യതിചലിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന സന്ദേശം കൂടിയാണ് ലോവ് സാനെയെ ഒഴിവാക്കിയ കടുത്ത തീരുമാനത്തിലൂടെ നല്‍കിയത്. ലോവിന്റെ തന്ത്രങ്ങളെന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകവും.

മികച്ച കളിക്കാര്‍; കെട്ടുറപ്പുള്ള ടീം

ടീമെന്ന നിലയില്‍ ജര്‍മനിയോളം ഉറപ്പ് അവകാശപ്പെടാന്‍ കഴിയുന്ന ടീമുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. എല്ലാ പൊസിഷനിലും മികച്ച കളിക്കാര്‍. ഒന്നിച്ചു കളിച്ചുള്ള തഴക്കം. ടീം ഗെയിമിന്റെ താളം. ജര്‍മന്‍ കോട്ട തകര്‍ക്കുക ആര്‍ക്കും അത്ര എളുപ്പമാകില്ല. ബ്യുണ്ടസ്ലിഗയില്‍ ഒന്നിച്ചുകളിച്ച് പരിചയിച്ച താരങ്ങളുള്ള ടീം കഴിഞ്ഞ വര്‍ഷം കോണ്‍ഫെഡറേഷന്‍ കപ്പും നേടി ലോകകപ്പിനൊരുങ്ങിക്കഴിഞ്ഞു.

ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ മാനുവല്‍ ന്യൂയര്‍ ലോകകപ്പിന് തൊട്ടുമുമ്പ് കായികക്ഷമത വീണ്ടെടുത്തത് ജര്‍മന്‍ ടീമിന് ഇരട്ടി ശക്തി പകരും. കഴിഞ്ഞ ലോകകപ്പില്‍ നിന്ന് അഞ്ചു താരങ്ങള്‍-തോമസ് മുള്ളര്‍, മാറ്റ്സ് ഹമ്മല്‍സ്, മെസൂത്ത് ഓസില്‍, സാമി ഖെദീര, ടോണി ക്രൂസ്-ഇത്തവണത്തെ ടീമിലുണ്ട്. 2010ല്‍ ഗോള്‍ഡന്‍ ബൂട്ടും 2014ല്‍ സില്‍വര്‍ ബൂട്ടും നേടിയ തോമസ് മുള്ളര്‍ ഇത്തവണയും ജര്‍മന്‍ ടീമിന്റെ കുന്തമുനയാകും. യോഗ്യതാ റൗണ്ടില്‍ അഞ്ചു ഗോളടിച്ച് ടീമിന്റെ ടോപ് സ്‌കോററായ മുള്ളര്‍ തനിയ്ക്കിപ്പോഴും യൗവനെമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

(മുള്ളര്‍ ലോകകപ്പ് ഗോളുകള്‍

മാരിയോ ഗോമസും തിമോ വെര്‍ണറും ചേരുന്ന ജര്‍മന്‍ മുന്നേറ്റനിര ശക്തമാണ്. പ്രതിരോധനിരയിലും അവര്‍ക്ക് കാര്യമായ തലവേദനകളില്ല. വിരമിച്ച ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിന് പകരം റൈറ്റ് ബാക്കായി ജോഷ്വ കിമ്മിച്ചിനെ കണ്ടെത്തിക്കഴിഞ്ഞു. ജെറോം ബോട്ടങും യോനാസ് ഹെക്ടറും നിക്ലസ് സുലെയുമാകും പ്രതിരോധം ശക്തമാക്കുക. മധ്യനിരയില്‍ ടോണി ക്രൂസാണ് താരം. ഈ ലോകകപ്പില്‍ ശ്രദ്ധേയരായ താരങ്ങളിലൊരാള്‍. ഖെദീരയും ഓസിലും റൂസുമെല്ലാം ചേരുന്ന മധ്യനിരയില്‍ നിന്നാകും ലോങ് പാസുകളുടെ ആചാര്യന്‍മാരായ ജര്‍മനിയുടെ കളി ഉരുത്തിരിയുക.

ഇതിനിടെ ജര്‍മനിയ്ക്ക് ഭയപ്പെടാനുള്ളത് ബോട്ടങ് ഉള്‍പ്പെടെയുള്ള ചില പ്രധാന താരങ്ങളുടെ പരിക്കിനെ കുറിച്ച് മാത്രമാണ്. ഈ വര്‍ഷത്തെ ജര്‍മനിയുടെ പ്രകടനങ്ങളും ഒരു പോരായ്മയായി പറയാം. 2018ല്‍ കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണവര്‍ക്ക് ജയം രുചിക്കാനായത്. ലോകകപ്പിന് മുന്നോടിയായി സൗദിയ്ക്കെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നിറംമങ്ങിയ (2-1) ജയമാണ് അവര്‍ക്ക് നേടാനായത്. എന്നാല്‍, സമ്പൂര്‍ണ സജ്ജരായി ഇറങ്ങുന്ന ലോകകപ്പ് മറ്റൊരു വേദിയാണ്. അവിടെ മികച്ച പ്രകടനം നടത്തുക എന്നത് ജര്‍മനിയുടെ ശീലവും.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍