UPDATES

കായികം

ബ്രസീലിന് ശേഷം തുടര്‍ച്ചയായി ലോകകപ്പ് നേടുന്ന ടീമാകുമോ ജര്‍മ്മനി? 66 മുതല്‍ ലോകചാമ്പ്യന്മാര്‍ക്ക് സംഭവിച്ചത്

തന്ത്രങ്ങള്‍ മെനഞ്ഞ് റോബോട്ടിക് ശൈലിയില്‍, അതിവേഗതയിലും കൃത്യതയോടെയെും സൂക്ഷ്മതയോടെയും അത് കളിക്കാരെക്കൊണ്ട് ഗ്രൗണ്ടില്‍ നടപ്പാക്കുന്ന ജോകിം ലോ ഇത്തവണയും ജയിക്കുമോ? ജര്‍മ്മനിക്ക് വേണ്ടി 1966 മുതലുള്ള ലോകകപ്പ് ചരിത്രം വഴി മാറുമോ?

ഫിഫയുടെ വെബ്‌സൈറ്റില്‍ വന്ന സ്റ്റോറി ചോദിക്കുന്നത് റഷ്യ ലോകകപ്പ് ജര്‍മ്മനിയെ സംബന്ധിച്ച് മിഷന്‍ ഇംപോസിബിള്‍ ആകുമോ എന്നാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ടേ രണ്ട് ടീമുകളെ തുടര്‍ച്ചയായി ചാമ്പ്യന്മാരായിട്ടുള്ളൂ. ഇറ്റലിയും (1934, 38) ബ്രസീലും (1958, 62). മറ്റൊരു ടീമിനും കിരീടം നിലനിര്‍ത്താനായിട്ടില്ല. 1958ല്‍ സ്വീഡനെയും 1962ല്‍ ചെക്കോസ്ലൊവാക്യയേയുമാണ് ബ്രസില്‍ തോല്‍പ്പിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം പെലയടക്കം ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളുണ്ടായിരുന്ന സമയത്തും 1966ല്‍ ബ്രസീലിന് ഹാട്രിക് കിരീടം നഷ്ടമായി.

1970ല്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെ നേതൃത്വത്തിലുള്ള, പെലെ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ബ്രസീല്‍ ടീം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ആയാണ് അറിയപ്പെടുന്നത്. അതായിരുന്നു അവസാനത്തെ യൂള്‍റിമെ ലോകകപ്പ്. 1974ല്‍ ഫിഫ ലോകകപ്പ് വന്നതിന് ശേഷം 1994ലും 2002ലുമാണ് ബ്രസീല്‍ ചാമ്പ്യന്മാരായത്. എന്നാല്‍ ഈ ചരിത്രം തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ജര്‍മ്മന്‍ കോച്ച് ജോകിം ലോയുടെ ആത്മവിശ്വാസം. 2011ല്‍ ദേശീയ ടീം കോച്ചായി ചുമതലയേറ്റ ജോകിം ലോയുടെ, കോച്ചെന്ന നിലയിലുള്ള രണ്ടാമത്തെ ലോകകപ്പാണിത്.

ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വെ പിന്നീട് കപ്പ് നേടിയത് 1950ല്‍. 1934ലെ രണ്ടാം ലോകകപ്പും 1938ലെ മൂന്നാം ലോകകപ്പും സ്വന്തമാക്കിയ ഇറ്റലി പിന്നീട് ചാമ്പ്യന്മാരാകുന്നത് 1982ലെ ഫിഫ ലോകകപ്പില്‍. പിന്നീട് അവര്‍ ലോകകപ്പ് നേടിയത് 2006ല്‍. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകചാമ്പ്യന്മാരായ, 1994ല്‍ ആദ്യമായി ഫിഫ ലോകകപ്പ് ഉയര്‍ത്തിയ ബ്രസീലിനെ 98ലെ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ സിനദിന്‍ സിദാന്റെ ഫ്രഞ്ച് പട തകര്‍ത്തു.

ഇറ്റലിയ്‌ക്കൊപ്പം നാല് തവണ ചാമ്പ്യന്മാരായ ജര്‍മ്മനി കപ്പ് നേടിയത് 1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ (പശ്ചിമ ജര്‍മ്മനി മൂന്ന് തവണ, ഐക്യ ജര്‍മ്മനി ഒരു തവണ). 1930, 34, 38 ലോകകപ്പുകള്‍ക്ക് ശേഷം ഐക്യ ജര്‍മ്മനി പിന്നീട് ലോകകപ്പ് കളിക്കുന്നത് 1994ല്‍. രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള കാലത്ത് ഫിഫ ഇരു ജര്‍മ്മനികള്‍ക്കും അംഗീകാരം നല്‍കിയിരുന്നില്ല. 1954ലെ ലോകകപ്പിലാണ് പിന്നീട് പശ്ചിമ ജര്‍മ്മനി യോഗ്യത നേടിയത്. ഇതില്‍ അവര്‍ കപ്പ് നേടുകയും ചെയ്തു. 1974ലെ ലോകകപ്പില്‍ മാത്രമാണ് ഈസ്റ്റ് ജര്‍മ്മനി യോഗ്യത നേടിയത്. പശ്ചിമ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടന്ന വാശിയേറിയ മത്സരത്തില്‍, ശീതയുദ്ധം ചൂട് പിടിപ്പിച്ചിരുന്ന രാഷ്ട്രീയ പോരാട്ടത്തില്‍, ഫ്രാന്‍സ് ബെക്കന്‍ബോവറുടെ നേതൃത്വത്തിലുള്ള അതിശക്തരായ പടിഞ്ഞാറന്‍ ജര്‍മ്മനിയെ, ബേണ്‍ഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള
സോഷ്യലിസ്റ്റ് കിഴക്കന്‍ ജര്‍മ്മനി 1-0ന് പരാജയപ്പെടുത്തിയിരുന്നു.

ആ ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനി ചാമ്പ്യന്മാരായപ്പോള്‍ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം (ഓസ്‌ട്രേലിയയെ 2-0ന് തോല്‍പ്പിച്ചു, ചിലിയുമായി 1-1ന് സമനില) കാഴ്ച വച്ച കിഴക്കന്‍ ജര്‍മ്മനി രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയെ സമനിലയില്‍ (1-1) തളച്ചു. പശ്ചിമ ജര്‍മ്മനി അര്‍ജന്റീനയെ തോല്‍പ്പിച്ച് മൂന്നാം ലോകകപ്പ് നേടി മാസങ്ങള്‍ കഴിഞ്ഞ്, 1990 ഒക്ടോബറില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും യോജിച്ച് വീണ്ടും ഒരു രാജ്യമായി. 1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്തതിലൂടെ തുടങ്ങിയ പുനരേകീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇരു ഫുട്‌ബോള്‍ ഫെഡറേഷനുകളും ടീമുകളും ഒന്നായി. 2002ല്‍ ഫൈനലില്‍ എത്തിയെങ്കിലും അവര്‍ക്ക് ബ്രസീലിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. പിന്നീട് ജര്‍മ്മനി ലോകകപ്പ് നേടുന്നത് 2014ല്‍.

അര്‍ജന്റീന 1978ലും 86ലും ലോക ചാമ്പ്യന്‍മാരായി – ഒരു ലോകകപ്പിന്റെ ഇടവേളയില്‍ തുടര്‍ച്ച നഷ്ടം. 1990ല്‍ ഫൈനലിലെത്തിയെങ്കിലും ജര്‍മ്മനിയോട് പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ട അര്‍ജന്റീന, മറഡോണയെയേയും ലോകമെമ്പാടുമുള്ള ആരാധകരേയും കണ്ണീരിലാഴ്ത്തി.

1966 മുതലുള്ള ഓരോ ലോകകപ്പിലും നിലവിലെ ലോകചാമ്പ്യന്മാര്‍ ആയിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു എന്നാണ് fifa.com പരിശോധിക്കുന്നത്.

1966 – ഇംഗ്ലണ്ട് ലോകകപ്പ് – ബ്രസീല്‍

1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന യൂള്‍റിമെ ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ ചാമ്പ്യന്‍ പടയുടെ ആദ്യ മത്സരം ബള്‍ഗേറിയയുമായിട്ടായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബള്‍ഗേറിയയെ ബ്രസീല്‍ തോല്‍പ്പിച്ചു. എന്നാല്‍ പെലെയ്ക്ക് പരിക്കേറ്റു. ഹംഗറിയോടും പോര്‍ച്ചുഗലിനോടും തോറ്റ ബ്രസീല്‍, നോക്ക് ഔട്ട് റൗണ്ടിലെത്താതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പശ്ചിമ ജര്‍മ്മനിയെ ഫൈനലില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ആദ്യമായി ലോക ചാമ്പ്യന്മാരായി.

1970 – മെക്‌സിക്കോ ലോകകപ്പ് – ഇംഗ്ലണ്ട്

1970ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളിലൊന്നില്‍ 66ലെ ഫൈനലിലെ അതേ എതിരാളികള്‍ ഏറ്റമുട്ടി. 66ലെ ഫൈനലില്‍ തങ്ങളെ 4-2ന് തോല്‍പ്പിച്ച ഇംഗ്ലണ്ടിനോട് പശ്ചിമ ജര്‍മ്മനി പകരം വീട്ടി. ലോക ചാമ്പ്യന്മാര്‍ വീണു. എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ 3-2നാണ് ജര്‍മ്മനി ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഫൈനലില്‍ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പെലെയുടെ ബ്രസീല്‍ വീണ്ടും ലോക ചാമ്പ്യന്മാരായി.

1974 – പശ്ചിമ ജര്‍മ്മനി ലോകകപ്പ് – ബ്രസീല്‍

പെലെയില്ലാത്ത ബ്രസീല്‍, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. സെമിഫൈനലില്‍ ഹോളണ്ടിനോട് (നെതര്‍ലാന്റ്‌സ്) 2-0ന് ബ്രസീല്‍ തോറ്റു. യൊഹാന്‍ ക്രൈഫിന്റെ നെതര്‍ലാന്റ്‌സിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ബെക്കന്‍ബോവറുടെ പശ്ചിമ ജര്‍മ്മനി കപ്പുയര്‍ത്തി.

1978 – അര്‍ജന്റീന ലോകകപ്പ് – പശ്ചിമ ജര്‍മ്മനി

ലോക ചാമ്പ്യന്മാരായി അര്‍ജന്റീനയിലെത്തിയ പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പില്‍ പോളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടില്‍ നെതര്‍ലാന്റ്‌സിനോടും ഇറ്റലിയോടും ഓസ്ട്രിയയോടും തോറ്റ ജര്‍മ്മനി പുറത്തായി. നെതര്‍ലാന്റ്‌സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ആദ്യമായി ലോക ചാമ്പ്യന്മാരായി.

1982 – സ്‌പെയിന്‍ ലോകകപ്പ് – അര്‍ജന്റീന

ഡീഗോ മറഡോണയുടെ ആദ്യ ലോകകപ്പ്. അര്‍ജന്റീന ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടില്‍ കടന്നത്. ഇറ്റലിയോടും ബ്രസീലിനോടും തോറ്റ ലോക ചാമ്പ്യന്മാര്‍ പുറത്തായി.

1986 – മെക്‌സിക്കോ ലോകകപ്പ് – ഇറ്റലി

ബള്‍ഗേറിയയുമായും അര്‍ജന്റീനയുമായും സമനില. ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചു. കഷ്ടിച്ച് രണ്ടാം റൗണ്ടിലെത്തി. മിഷേല്‍ പ്ലാറ്റിനിയുടെ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ 3-2ന് തോല്‍പ്പിച്ച അര്‍ജന്റീന ലോക ചാമ്പ്യന്മാര്‍.

1990 – ഇറ്റലി ലോകകപ്പ് – അര്‍ജന്റീന

1986ലേതിനേക്കാള്‍ ശക്തമായ ടീമിനെ നയിച്ചാണ് മറഡോണ ഇറ്റലിയിലെത്തിയത്. എന്നാല്‍ അര്‍ജന്റീയെ തോല്‍പ്പിച്ച് കാമറൂണ്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. അതേസമയം ബ്രസീലിനെ രണ്ടാം റൗണ്ടിലെ കടുത്ത മത്സരത്തില്‍ 1-0ന് തോല്‍പ്പിച്ച അര്‍ജന്റീന, ആതിഥേയരായ ഇറ്റലിയെ സെമിയില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ച് (4-3) ഫൈനലില്‍ കടന്നു. ഇത്തവണ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ മറഡോണയുടെ അര്‍ജന്റീന കരഞ്ഞു. ലോഥര്‍ മത്തേവൂസിന്റെ പശ്ചിമ ജര്‍മ്മനി ചിരിച്ചു. 1-0ന് അര്‍ജന്റീനയെ തോല്‍പ്പിച്ച ജര്‍മ്മനിക്ക് മൂന്നാം ലോക കിരീടം.

1994 – യുഎസ് ലോകകപ്പ് – ജര്‍മ്മനി

രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയെ ബെല്‍ജിയം വിറപ്പിച്ചു. 3-2ന് ജര്‍മ്മനി ജയിച്ചുകയറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയെ 2-1ന് ബള്‍ഗേറിയ അട്ടിമറിച്ചു. ശരിയായ ടീമല്ല യുഎസിലേയ്ക്ക് പോയതെന്ന് കോച്ച് ബെര്‍ട്ടി വോഗ്ട്‌സ് വര്‍ഷങ്ങള്‍ക്ക് ശേഷം പറഞ്ഞു. പെനാള്‍ട്ടി ഷൂട്ട് ഔട്ടിലേയ്ക്ക് നീണ്ട ഫൈനലില്‍ 3-2ന് ഇറ്റലിയെ തോല്‍പ്പിച്ച ബ്രസീല്‍ ആദ്യമായി ഫിഫ ലോകകപ്പ് ഉയര്‍ത്തി.

1998 – ഫ്രാന്‍സ് ലോകകപ്പ് – ബ്രസീല്‍

ഇത്തവണ ബ്രസീലും ഫ്രാന്‍സും ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് പല ഫുട്‌ബോള്‍ വിദഗ്ധരും പ്രവചിച്ചു. അതുതന്നെ സംഭവിച്ചു. എന്നാല്‍ റൊണാള്‍ഡോ എന്ന അതുല്യ പ്രതിഭയുടെ നിഴല്‍ മാത്രമാണ് ഫൈനലില്‍ കളിക്കളത്തില്‍ കണ്ടത്. മത്സരത്തിന് മുമ്പ് അദ്ദേഹം അസുഖ ബാധിതനായിരുന്നു. സിനദീന്‍ സിദാന്‍ എന്ന പുതിയ സൂപ്പര്‍ താരോദയം ലോകം കണ്ടു. സിദാനും സംഘവും നിറഞ്ഞാടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സ് ബ്രസീലിനെ തകര്‍ത്തു. രണ്ട് മികച്ച ഗോളുകള്‍ സിദാന്റെ വക.

2002 – ദക്ഷിണ കൊറിയ, ജപ്പാന്‍ ലോകകപ്പ് – ഫ്രാന്‍സ്

ലോകകപ്പില്‍ ആദ്യമായി പങ്കെടുക്കുന്ന ആഫ്രിക്കയിലെ ചെറു രാജ്യം സെനഗല്‍ 1-0ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ‘സെനഗലിന്റെ ഗരിമയില്‍ ഫ്രഞ്ച് കൊട്ടാരം തകര്‍ന്നു’ എന്നായിരുന്നു അന്ന് ദേശാഭിമാനിയുടെ തലക്കെട്ടുകളിലൊന്ന്. ഉറുഗ്വായോട് ഗോള്‍രഹിത സമനിലയും ഡെന്മാര്‍ക്കിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയുമായിരുന്നു ലോക ചാമ്പ്യന്മാരെ പിന്നീട് കാത്തിരുന്നത്. ഒരൊറ്റ ഗോള്‍ പോലും നേടാതെയാണ്, ലോക ചാമ്പ്യന്മാരായി എത്തിയ ഫ്രഞ്ച് പട 2002ലെ ലോകകപ്പില്‍ തകര്‍ന്നടിഞ്ഞത്. ഫൈനലില്‍ ജര്‍മ്മനിയെ 2-0ന് തോല്‍പ്പിച്ച് ബ്രസീല്‍ അഞ്ചാം ലോക കിരീടം നേടി. റൊണാള്‍ഡോ രണ്ട് ഗോളുമായി മിന്നിത്തിളങ്ങി.

2006 – ജര്‍മ്മനി ലോകകപ്പ് – ബ്രസീല്‍

1998ല്‍ ഫൈനലില്‍ തോല്‍പ്പിച്ച ഫ്രാന്‍സ് ഇത്തവണ ബ്രസീലിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചു. സിദാന്റെ ഫ്രീ കിക്ക് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തി. മറ്റരാസിയെ സീദാന്‍ തല കൊണ്ടിടിച്ചതടക്കം വിവാദമായ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇറ്റലി നാലാം കിരീടം നേടി.

2010 – ദക്ഷിണാഫ്രിക്ക ലോകകപ്പ് – ഇറ്റലി

1966 ലോകകപ്പില്‍ ഉത്തരകൊറിയയോട് തോറ്റ പോലെ പലപ്പോഴും ഇറ്റലി തോല്‍വി അറിഞ്ഞിട്ടുണ്ട്. പരഗ്വായോടും ന്യൂസിലാന്റിനോടും അവര്‍ സമനില വഴങ്ങി. സ്ലൊവാക്യയോട് 3-2ന് തോറ്റു. നാട്ടിലേയ്ക്ക് വിമാനം കയറി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലാന്റ്‌സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ആദ്യമായി ലോക ചാമ്പ്യന്മാരായി.

2014 – ബ്രസീല്‍ ലോകകപ്പ് – സ്‌പെയിന്‍

സ്‌പെയിനിന്റെ തുടക്കം ദുരന്തപൂര്‍ണമായിരുന്നു. നെതര്‍ലാന്റ്‌സുമായുള്ള ആദ്യ മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന് സ്‌പെയിന്‍ തുടര്‍ന്ന് അഞ്ച് ഗോളുകള്‍ വലിയിലേറ്റുവാങ്ങി അവരോട് തോറ്റു. ചിലിയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. ഓസ്ട്രിയയോട് എതിരില്ലാത്ത മൂന്ന് ഗോളിനും തോറ്റു. ആദ്യ റൗണ്ടില്‍ പുറത്തായി.

2018 – റഷ്യ ലോകകപ്പ് – ?

ഇത്തവണത്തെ ഫേവറിറ്റുകള്‍ ബ്രസീലും സ്‌പെയിനും ജര്‍മ്മനിയും ആണ് എന്നാണ് ലയണല്‍ മെസി പറയുന്നത്. തന്ത്രങ്ങള്‍ മെനഞ്ഞ് റോബോട്ടിക് ശൈലിയില്‍, അതിവേഗതയിലും കൃത്യതയോടെയെും സൂക്ഷ്മതയോടെയും അത് കളിക്കാരെക്കൊണ്ട് ഗ്രൗണ്ടില്‍ നടപ്പാക്കുന്ന ജോകിം ലോ ഇത്തവണയും ജയിക്കുമോ? ജര്‍മ്മനിക്ക് വേണ്ടി 1966 മുതലുള്ള ലോകകപ്പ് ചരിത്രം വഴി മാറുമോ? കാത്തിരുന്ന് കാണാം….

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടില്ല എന്ന് പെലെ പറയുന്നതില്‍ കാര്യമുണ്ട്

ആറാം കപ്പില്‍ കണ്ണുനട്ട് മഞ്ഞപ്പട; മെസി പറഞ്ഞത് പോലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെ

എല്ലാ കളികളിലും അഞ്ച് ഗോളെങ്കിലും നേടും; കഫുവിന്റെ സര്‍വകാല ബ്രസീല്‍ ഇലവന്‍

എന്നാണ് നമ്മള്‍ ‘വാമോസ് മെസി’ക്കൊപ്പം ‘കമോണ്‍ട്രാ ഛേത്രീ’യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍