UPDATES

ട്രെന്‍ഡിങ്ങ്

കളിച്ചത് ചിലി; പക്ഷേ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിടാന്‍ യോഗം ജര്‍മ്മനിക്കായിരുന്നു

ലോകകപ്പും കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ഫ്രാന്‍സിനൊപ്പം എത്തിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് ജര്‍മനി

കളം നിറഞ്ഞ്, തികഞ്ഞ ആധിപത്യത്തോടെയാണ് ചിലി, ജര്‍മ്മന്‍ യുവനിരയ്‌ക്കെതിരെ കളിച്ചത്. പക്ഷെ കോണ്‍ഫെഡറേഷന്‍സ് കപ്പ് വലയിലാക്കാനുള്ള യോഗം കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിക്കില്ലാതെ പോയി. ജര്‍മ്മന്‍ പോരാളികള്‍ 1-0 നായിരുന്നു ചിലിയെ തകര്‍ത്തത്. ആദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയ ജര്‍മനി മറ്റൊരു നേട്ടവും സ്വന്തമാക്കി. ലോകകപ്പും കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ഫ്രാന്‍സിനൊപ്പം എത്തിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് ജര്‍മനി. ഒപ്പം ഫിഫ റാംങ്കിംഗില്‍ ഒന്നാം സ്ഥാനവും.

കളിയുടെ ഇരുപതാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സ്റ്റിന്റില്‍ നേടിയ ഗോളായിരുന്നു ജര്‍മനിയുടെ വിജയത്തിന് വഴിതെളിയിച്ചത്. ചിലിയുടെ ഡിഫന്‍ഡര്‍ മാഴ്‌സലോ ഡിയാസിന്റെ പിഴവില്‍ നിന്ന് പന്ത് കൈക്കലാക്കിയ ടിമോ വെര്‍ണര്‍ നല്‍കിയ പാസ് വാങ്ങിയ സ്റ്റിന്റിലിന്റെ ഷോട്ട് കൃത്യമായി ചിലിയുടെ വല കുലുക്കി. പന്ത് കിട്ടുമ്പോള്‍ സ്റ്റിന്റിലിന്റെ മുമ്പില്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. മുന്നോട്ടു കയറിയ ഗോളിയെ കബളിപ്പിച്ച് സ്റ്റിന്റില്‍ വളരെ സുഗമമായി ഗോള്‍ നേടി.

തുടക്കം മുതല്‍ ചിലി ആക്രമിച്ചു കളിക്കുകയായിരുന്നു. എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതെല്ലാം തന്നെ പാഴാക്കുകയും ചെയ്തു ചിലി. ഏറ്റവും കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ചിലിയന്‍ കളിക്കാരായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കം നേടാനായതോടെ ജര്‍മനി അവരുടെ പ്രതിരോധം ഒന്നു കൂടി കൂട്ടി. അഞ്ചു പേരടങ്ങിയ ആ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ചിലിക്ക് കഴിഞ്ഞില്ല. ജര്‍മന്‍ പ്രതിരോധം പൊളിക്കാന്‍ ചിലി ആക്രമണനിരയുടെയും എണ്ണം കൂട്ടി കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പ്രതിരോധം കടന്ന് കിട്ടിയ ചിലിയുടെ അവസരങ്ങള്‍ ജര്‍മന്‍ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റഗനില്‍ തട്ടി അവസാനിക്കുകയും ചെയ്തു. അവസാന വിസിലിന് തൊട്ടു മുമ്പ് ചിലിയുടെ സാഞ്ചസിന്റെ ഒന്നാന്തരമൊരു ഫ്രീകിക്ക് വലയിലെത്താതിരിക്കാന്‍ ടെര്‍സ്റ്റഗന്‍ ശരിക്കും കഷ്ടപ്പെട്ടു. ആദ്യ പാദത്തില്‍ നിന്ന് വ്യത്യസ്തമായി ഇരുടീമുകളും രണ്ടാം പകുതിയില്‍ മസില്‍ പവറുകൊണ്ടുള്ള കളി പുറത്തെടുത്തപ്പോള്‍ ഏഴ് തവണയാണ് റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്.

നന്നായി കളിച്ചത് ചിലി തന്നെയായിരുന്നു. ഭാഗ്യം കൊണ്ട് കിട്ടിയ അവസരം ഗോളായതാണ് ജര്‍മനിക്ക് നേട്ടമായത്. പിന്നെ പ്രതിരോധനിരയുടെ മികവ് ജയം സമ്മാനിച്ചു. ജര്‍മന്‍ ആക്രമണ നിരയില്‍ പിഴവുകളുടെ ആവര്‍ത്തനമായിരുന്നു. ക്രോസുകളും പാസുകളും എതിര്‍ ഭാഗത്തേക്ക് എത്തിക്കുന്നതില്‍ പലപ്പോഴും പരാജയമായിരുന്നു അവര്‍.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍