UPDATES

22 വര്‍ഷത്തിന് ശേഷം ഒരു കേരള ടീമിന് ഡ്യൂറാന്‍ഡ് കപ്പ്; മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളില്‍ ഗോകുലം കേരളയ്ക്ക് ജയം

1997ല്‍ എഫ്‌സി കൊച്ചിനാണ് അവസാനമായി ഡ്യൂറാന്‍ഡ് കപ്പ് നേടിയ കേരളത്തില്‍ നിന്നുള്ള ടീം

ട്രിനിഡാഡ് താരം മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മോഹന്‍ ബഗാനെതിരായ ഫൈനലില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാനെ ഗോകുലം കേരള അവരുടെ തട്ടകത്തില്‍ കീഴടക്കിയത്. 22 വര്‍ഷത്തിന് ശേഷമാണ് ഒരു കേരള ടീം ഡ്യൂറാന്‍ഡ് കപ്പ് നേട്ടം കൈവരിക്കുന്നത്. 1997ല്‍ എഫ്‌സി കൊച്ചിനാണ് അവസാനമായി ഡ്യൂറാന്‍ഡ് കപ്പ് നേടിയ കേരളത്തില്‍ നിന്നുള്ള ടീം.

ഗോകുലം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഷൂട്ടര്‍ മാര്‍ക്കസ് ഇന്ന് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇന്‍ജുറി ടൈമില്‍ മാര്‍ക്കസ് നേടിയ പെനാല്‍റ്റിയോടെയാണ് ഗോകുലം ആദ്യപകുതിയില്‍ മുന്നിലെത്തിയത്. പിന്നീട് 51-ാം മിനിറ്റിലും മാര്‍ക്കസ് ഗോള്‍ നേടി. ഇതോടെ മാര്‍ക്കിസിന്റെ ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം 11 ആയി. 64-ാം മിനിറ്റില്‍ സാല്‍വോ ചമോരോയിലൂടെയാണ് മോഹന്‍ ബഗാന്‍ ആശ്വാസ ഗോള്‍ നേടിയത്. 16 തവണ ഡ്യൂറാന്‍ഡ് കപ്പ് നേടിയ ടീമാണ് ബോഹന്‍ ബഗാന്‍. സെമിഫൈനലില്‍ മറ്റൊരു കൊല്‍ക്കത്ത ടീമായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്താണ് ഗോകുലം ഫൈനലിലെത്തിയത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം നേടിയിട്ടുണ്ട്.

ഏത് വിധേനയും കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു മോഹന്‍ ബഗാന്‍. ഇതിനിടെ ഗോകുലത്തിന്റെ ജസ്റ്റിന്‍ ജോര്‍ജ്ജ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരുമായി പ്രതിരോധിച്ച് നിന്നാണ് ഗോകുലം കപ്പില്‍ മുത്തമിട്ടത്. 87-ാം മിനിറ്റിലാണ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് ജസ്റ്റിന്‍ പുറത്തായത്. റഫറി ആറ് മിനിറ്റ് ഇന്‍ജുറി ടൈം അനുവദിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ മോഹന്‍ ബഗാന് സാധിച്ചില്ല.

also read:പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍