UPDATES

ലോകക്രിക്കറ്റിന് അന്ത്യകൂദാശ ചൊല്ലുന്ന ഐപിഎല്‍

മികച്ച ടെസ്റ്റ്‌ താരങ്ങളായ ഹാഷിം അംലയും ജോ റൂട്ടും ചേതേശ്വര്‍ പൂജാരയും രണ്ടു മാസം വീട്ടിലിരിക്കുന്ന ദയനീയാവസ്ഥ

ഈ ലോകത്ത് യാതൊന്നും ആഗോളീകരണത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുക്തമല്ല. മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും ആഗോളവത്ക്കരണത്തിലൂടെ ലോകത്ത് പിടിമുറുക്കിയ കാലത്ത്, വിപണിയാണ് എല്ലാ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമവാക്യങ്ങളെയും നിയന്ത്രിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് തന്നെ മുതലാളിത്തം മൂക്കുകയറിട്ടു നടത്തുന്ന സ്ഥിതിവിശേഷങ്ങളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കായികരംഗം എത്രത്തോളം കച്ചവടത്തിന്‍റെ പിടിയിലായിരിക്കുന്നുവെന്ന് പരിശോധിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന കാഴ്ചകള്‍ ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കപ്പെടുകയും താരശരീരങ്ങള്‍ ബ്രാന്‍ഡുകളായി രൂപപ്പെടുകയുമായിരുന്നു. റൊണാള്‍ഡീഞ്ഞോയെപ്പോലൊരു ഇതിഹാസ താരത്തെ ‘സൗന്ദര്യം’ കുറഞ്ഞതിന്‍റെ പേരില്‍ റയല്‍ മാഡ്രിഡ്‌ ഫുട്ബാള്‍ ക്ലബ് വാങ്ങാതിരുന്നതും, വിപണി മൂല്യത്തില്‍ റൊണാള്‍ഡീഞ്ഞോയെക്കാള്‍ മുന്നിലുള്ള ബെക്കാമിനെപ്പോലൊരു താരത്തെ വന്‍ വിലയ്ക്ക് സ്വന്തമാക്കിയതും വിപണി ഫുട്ബോളില്‍ നടത്തിയ ഇടപെടലിന്‍റെ തെളിവുകളാണ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മന്‍മോഹന്‍ സിംഗ് തുറന്നു വിട്ട നവ ലിബറല്‍ ഭൂതം ഇന്ത്യയുടെ സമസ്ത മേഖലകളിലെന്ന പോലെ കായികരംഗത്തെയും വിശിഷ്യാ ക്രിക്കറ്റിനെയും ബാധിച്ചു. സച്ചിനെപ്പോലൊരു താരശരീരം ഒരേ സമയം ക്രിക്കറ്റിന്‍റെയും വിപണിയുടെയും ബ്രാന്‍ഡ് അംബാസ്സഡറായി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെ കോരിത്തരിപ്പിക്കുകയായിരുന്നു. സച്ചിന്‍ പരസ്യങ്ങളില്‍ അഭിനയിച്ചതു കൊണ്ട് മാത്രം പെപ്സിയും ബൂസ്റ്റും വാങ്ങി ഉപയോഗിച്ച ഇന്ത്യക്കാരുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ വിപണിയുമായി കൈകോര്‍ത്ത് മുന്നോട്ട് നീങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിനെ പൂര്‍ണമായും കച്ചവടവല്‍ക്കരിച്ച പ്രതിഭാസമായിരുന്നു 2008-ല്‍ ഉദയം കൊണ്ട ഐപിഎല്‍.

ഐപിഎല്‍

കളി കച്ചവമാവുമ്പോള്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ വിപ്ലവം എന്നൊക്കെ ഐപിഎല്ലിനെ വാഴ്ത്തുന്നവര്‍ ലോകമെമ്പാടുമുണ്ട്. ഐപിഎല്ലിന്‍റെ സ്ഥാപകനായി ഇന്ത്യന്‍ നിയമവ്യവസ്ഥയെ നോക്കു കുത്തിയാക്കി ലണ്ടനിലേക്ക് പറന്ന ലളിത് മോദിയെ എടുത്ത് പറയാറുണ്ടെങ്കിലും, ഒരടിയന്തിര സാഹചര്യത്തില്‍ ബിസിസിഐ ഇങ്ങനെയൊരു ലീഗ് തുടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നതാണ് സത്യം. സീ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഐസിഎല്‍ (ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്) ബിസിസിഐയെ വെല്ലുവിളിച്ചു കൊണ്ട് കളിക്കാരെയും കാണികളെയും ആകര്‍ഷിച്ച സാഹചര്യമാണ് ഐപിഎല്ലിന്‍റെ പിറവി നിര്‍ബന്ധിതമാക്കിയത്. ബിസിസിഐ വേണ്ട വിധത്തില്‍ പ്രാദേശിക ടീമുകളെയും കളിക്കാരെയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും, ആഭ്യന്തര ടൂര്‍ണമെന്റുകള്‍ വെറും പ്രഹസനമായി നടത്തപ്പെടുകയും ചെയ്ത കാലത്താണ് സീ ഗ്രൂപ്പ് അന്നത്തെ ക്രിക്കറ്റ് വിപ്ലവമായ 20-20-യില്‍ ഒരു ലീഗ് എന്ന ആശയവുമായി എത്തുന്നത്. 2007 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു തരം നിരാശ പടര്‍ത്തിയ കാലം കൂടിയായിരുന്നു അത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് ആദ്യ വര്‍ഷം തന്നെ അക്ഷരാര്‍ഥത്തില്‍ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ച് നിരാശരായ പല യുവതാരങ്ങളും (ഇന്നത്തെ ഐപിഎല്‍ തരംഗം അമ്പാട്ടി റായിഡുവുള്‍പ്പടെ) ഐസിഎല്ലിലേക്ക് ചേക്കേറി. കപില്‍ ദേവിനെ പോലുള്ള മുന്‍ താരങ്ങളും പുതിയ സംരംഭത്തിന് പൂര്‍ണ പിന്തുണ നല്‍കി. അപകടം മണത്ത ബിസിസിഐ പുതിയ ലീഗില്‍ ചേരുന്ന കളിക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും കളിക്കാരും കാണികളും ലീഗിനെ ഏറ്റെടുത്തിരുന്നു. ഒടുവില്‍ മറ്റു വഴികളില്ലാതെ ഐപിഎല്‍ എന്ന ഔദ്യോഗിക ക്രിക്കറ്റ് ലീഗ് ആരംഭിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.

ക്രിക്കറ്റും വിപണിയും തമ്മില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ സമവാക്യങ്ങളെയും ഐപിഎല്‍ തകിടം മറിക്കുന്ന കാഴ്ചകളാണ് പിന്നീട് കായികലോകം കണ്ടത്. കളിക്ക് പുറത്ത് നിന്നിരുന്ന വിപണി ആദ്യമായി ക്രിക്കറ്റില്‍ നേരിട്ട് ഇടപെട്ട് തുടങ്ങി. ബിസിസിഐയുടെ പൊന്‍മുട്ടയിടുന്ന താറാവായി മാറുകയായിരുന്നു ഈ ക്രിക്കറ്റ് ലീഗ്. കമതന്റേറ്റര്‍മാര്‍ ബൗണ്ടറിക്കും സിക്സിനുമൊപ്പം പരസ്യവാചകങ്ങള്‍ കൂടിപ്പറയുന്നത് ടിവിയില്‍ കളി കാണുന്ന കോടിക്കണക്കിനു ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചു. കളിക്കിടയില്‍ ‘Strategic time out’ എന്ന പേരില്‍ പരസ്യം കാണിക്കാനായി മാത്രം പുതിയ ഇടവേളകള്‍ വന്നു. ഓരോ സെക്കന്റിലും കോടികള്‍ മറിയുന്ന ഒന്നാന്തരം ബിസിനസായി.

ഐപിഎല്‍, ക്രിക്കറ്റിനെ മാറ്റിയെടുത്തു. ഗ്രൌണ്ടിനു പുറത്തും കച്ചവടം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. കളിക്ക് ശേഷമുള്ള ‘ലേറ്റ് നൈറ്റ്’ ഐപിഎല്‍ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകള്‍ വന്‍ കച്ചവട ഡീലുകളുറപ്പിക്കുന്ന വേദിയായി മാറി. ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മയും സൗത്ത് ആഫ്രിക്കന്‍ താരം വെയിന്‍ പാര്‍നെല്ലും ഐപിഎല്ലിനിടെ മുംബൈയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ നിയമ നടപടി നേരിടുകയുണ്ടായി. ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചെഴ്സ് താരം മാര്‍ക്ക് പോമെഴ്സ്ബാച്ച് ഐപിഎല്‍ പാര്‍ട്ടിക്കിടെ ഒരു വിദേശ വനിതയോട് മോശമായി പെരുമാറിയതും സാക്ഷാല്‍ വിജയ്‌ മല്യയുടെ മകന്‍ സിദ്ധാര്‍ഥ്‌ മല്ല്യ താരത്തെ ന്യായീകരിച്ച് രംഗത്തെത്തിയതും വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഐപിഎല്‍ പൂര്‍ണമായും കോര്‍പ്പറേറ്റുകളുടെ കയ്യിലെത്തിച്ചു. ടീമുടമകളായി ബോളിവുഡ് താരങ്ങള്‍ കൂടിയെത്തിയതോടെ സമാനതകളില്ലാത്തവണ്ണം വിനോദ വ്യവസായം പൂര്‍ണമായും ഒരു കായിക രൂപത്തെ വിഴുങ്ങുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു വരെ കാണാത്ത കാഴ്ചകളുടെ പ്രഹമായിരുന്നു പിന്നീടങ്ങോട്ട്. കിംഗ്‌ഫിഷര്‍ കമ്പനി ഉടമയും റോയല്‍ ചലഞ്ചേഴ്സ് ഉടമയുമായ വിജയ്‌ മല്ല്യ, ദ്രാവിഡ്‌, കുംബ്ലെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഐപിഎല്ലിനു പറ്റിയവരല്ലെന്ന മട്ടില്‍ തുറന്നടിക്കുകയുണ്ടായി. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ച താരങ്ങള്‍ക്ക് ‘കുട്ടിക്രിക്കറ്റി’ന്‍റെ മഹാമഹത്തില്‍ പലപ്പോഴും അപമനിതരാവേണ്ടി വരികയായിരുന്നു. ഈയാംപാറ്റകളെപ്പോലെ പെട്ടെന്ന് പൊട്ടി മുളച്ച നിരവധി കളിക്കാര്‍ ഈ ലീഗിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടുകയും നൊടിയിടയില്‍ അസ്തമിക്കുകയുമുണ്ടായി. ആഭ്യന്തര ക്രിക്കറ്റില്‍ യാതൊരു സംഭാവനയും നല്‍കാത്ത യുവതാരങ്ങള്‍ ഒറ്റ സീസണിലെ ഐപിഎല്‍ തിളക്കത്തില്‍ ഇന്ത്യന്‍ ടീമിലെത്തുകയും വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച് വിസ്മൃതിയിലേക്ക് മറയുന്നതിനും ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയായി. ശ്രീലങ്കയുടെ ലസിത് മലിംഗയെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങള്‍ ഐപിഎല്‍ സ്നേഹം മൂത്ത് സ്വരാജ്യങ്ങളുടെ ടെസ്റ്റ്‌ ടീമുകളില്‍ നിന്ന് വിരമിക്കുന്നതും ക്രിക്കറ്റ് സമൂഹം അമ്പരപ്പോടെ നോക്കി നിന്നു. ചുരുക്കത്തില്‍ ഐപിഎല്ലിനു മുന്‍പും ശേഷവും എന്ന് ക്രിക്കറ്റിനെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.

ലോകക്രിക്കറ്റും ബിസിസിഐ എന്ന മാഫിയ സംഘവും

എന്താണ് ലോക ക്രിക്കറ്റിന് ഐപിഎല്‍ കൊണ്ടുള്ള ഗുണം? ഈ വിഷയത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ ആരംഭിക്കും മുന്‍പ്‌ ഈ ക്രിക്കറ്റ് ലീഗിന്‍റെ നിയമാവലി കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പരമാവധി നാല് അന്താരാഷ്‌ട്ര താരങ്ങള്‍ക്ക് മാത്രമേ ഒരു ടീമില്‍ പങ്കെടുക്കാനാവൂ. ഫുട്ബോള്‍ ലീഗുകളില്‍ പതിവുള്ള പോലെ ലോകത്തെമ്പാടുമുള്ള കളിക്കാരില്‍ നിന്ന് മികച്ചവരെ തിരഞ്ഞെടുത്ത് കളിപ്പിക്കാനുള്ള അവസരം ഐപിഎല്‍ നല്‍കുന്നില്ല. ചുരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കും കാണികള്‍ക്കും വേണ്ടി ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഒരു മാമാങ്കം. ഇവിടെയാണ്‌ ബിസിസിഐയുടെ മടിശീലയുടെ കനം, തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയില്‍ ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഐസിസിയെ വിലയ്ക്കെടുക്കുന്ന ദൃശ്യം അനവൃതമാവുന്നത്. പരമാവധി നാല് വിദേശ താരങ്ങള്‍ക്ക് മാത്രം ഒരു ടീമില്‍ കളിക്കാന്‍ സാധിക്കുന്ന (പാകിസ്താന്‍ താരങ്ങള്‍ക്ക് ലീഗില്‍ അയിത്തമാണ്) ഈ ലീഗിനായി ലോക ക്രിക്കറ്റിന്‍റെ കലണ്ടര്‍ തന്നെ ബിസിസിഐയുടെ സ്വാധീനത്താല്‍ മാറ്റിയിരിക്കുന്നു! അതായത് ഐപിഎല്‍ നടക്കുന്ന സമയത്ത് മറ്റു രാജ്യങ്ങളൊന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കും കാണികള്‍ക്കുമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെണ്ടിനായി രണ്ടു മാസത്തോളം മറ്റു രാജ്യങ്ങള്‍ അവരുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ ത്യജിക്കുകയാണ്. മികച്ച ടെസ്റ്റ്‌ താരങ്ങളായ ഹാഷിം അംലയും ജോ റൂട്ടും ചേതേശ്വര്‍ പൂജാരയും രണ്ടു മാസം വീട്ടിലിരിക്കുന്ന ദയനീയാവസ്ഥ!

ആരാണ് ക്രിക്കറ്റ് ദൈവം? ഉന്‍മാദമാകാം, പക്ഷേ കളിയുടെ ചരിത്രം മറക്കരുത്

ബിസിസിഐ തങ്ങളുടെ പണക്കൊഴുപ്പ് കൊണ്ട് ലോകക്രിക്കറ്റിനെ ഈ വിധത്തില്‍ നിയന്ത്രിച്ച് നിര്‍ത്തുമ്പോള്‍ ക്രിക്കറ്റ് എന്ന കളിയുടെ വിശ്വാസ്യതയാണ് തൂക്കിലേറ്റപ്പെടുന്നത്.
സ്വന്തം ലീഗിനായി മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ഷെഡ്യൂളില്‍ പോലും കൈ കടത്തുന്ന ബിസിസിഐ യുടെ തനിനിറം അറിയാന്‍ മറ്റു രാജ്യത്തെ ലീഗുകളോടുള്ള അവരുടെ സമീപനം ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും. ഓസ്ട്രേലിയയിലെ ബിഗ്‌ ബാഷ് ലീഗിലോ, വെസ്റ്റ് ഇന്‍ഡീസിലെ കരിബിയന്‍ പ്രീമിയര്‍ ലീഗിലോ ഒരൊറ്റ ഇന്ത്യന്‍ താരത്തെ പോലും കാണാന്‍ സാധിക്കില്ല. ഇന്ത്യന്‍ കളിക്കാര്‍ക്ക് മറ്റു 20-20 ലീഗുകളില്‍ കളിക്കുന്നതിന് ബിസിസിഐയുടെ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ട്. എത്ര ജനാധിപത്യവിരുദ്ധമായാണ് ഈ സംഘടന ഇടപെടുന്നത് എന്നതിന് ഇതിലും വലിയ തെളിവുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സ്വാഭാവികമായും ഐപിഎല്‍ കഴിഞ്ഞ ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടര്‍ സജീവമാകുന്നതിനാല്‍ ഐപിഎല്‍ താരങ്ങള്‍ക്ക് ഒട്ടും വിശ്രമമില്ലാതെ വരികയും അവരുടെ ആരോഗ്യത്തെയും കരിയറിനെപ്പോലും തുടര്‍ച്ചയായ ഈ മത്സരങ്ങള്‍ ബാധിക്കുകയുമാണ്.

പൊന്മുട്ടയിടുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വയറു കീറുന്ന നടപടികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിസിസിഐയില്‍ നിന്നുമുണ്ടാവുന്നത്. ബിജെപി- കോണ്‍ഗ്രസ് വൈര്യമില്ലാതെ നേതാക്കള്‍ പലരും ഒന്നിക്കുന്നതും ഈ ക്രിക്കറ്റ് സംഘടനയുടെ നടത്തിപ്പിന്‍റെ സമയത്ത് മാത്രമാണെന്നത് എത്ര മധുരിക്കുന്ന ചക്കരക്കുടമാണ് ബിസിസിഐ എന്ന് ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്.

ഇന്ത്യന്‍ കായികരംഗത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന നിരവധി സംഭവങ്ങളുടെ പെരുമഴയാണ് ഐപിഎല്ലിന്‍റെ പിറവിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണപ്പെട്ടത്. ബിസിസിഐ പ്രസിഡണ്ടായിരിക്കെ തന്നെ എന്‍. ശ്രീനിവാസന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്ന ഐപിഎല്‍ ടീമിന്‍റെ ഉടമയായി രംഗത്തെത്തിയപ്പോള്‍ കാണികള്‍ പോലും നെറ്റി ചുളിച്ചു. ശ്രീനിവാസന്‍റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുള്‍പ്പെടെ മാച്ച് ഫിക്സിംഗ് വിവാദത്തില്‍പ്പെടുകയും ആ ടീമിനെത്തന്നെ ലീഗില്‍ നിന്ന് നിരോധിക്കുകയുമായിരുന്നു. ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ മാച്ച് ഫിക്സിങ്ങിന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയുടെ ഭാര്യ സാക്ഷിയുടെ അടുത്ത സുഹൃത്തായ വിന്ദു ധാര സിംഗ് മാച്ച് ഫിക്സിംഗില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ കള്ളക്കളിയുടെ വേരുകള്‍ ആഴത്തിലുള്ളതാണെന്ന് രാജ്യം ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നാണം കെടുകയും അടുത്ത വര്‍ഷം മുതല്‍ ഈ ലീഗ് നടക്കുമോ എന്നു പോലും സംശയങ്ങളുണ്ടാവുകയും ചെയ്തെങ്കിലും, കോടികളുടെ ബിസിനസായ ഐപിഎല്‍ അതിശക്തമായി തിരിച്ചെത്തുകയായിരുന്നു.

ആദ്യ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി അഴിമതി നടത്തി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടത് മുതല്‍ ഈ സംരഭം നിരവധി സംശയങ്ങള്‍ക്ക് ഇനിയും നിവാരണം കണ്ടെത്തിയിട്ടില്ല. പണം അവസാന വാക്കായി കളിയെ പൂര്‍ണമായും വിലയ്ക്കെടുക്കുമ്പോള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ക്രിക്കറ്റ് എന്ന ‘മാന്യന്മാരുടെ കളി’ക്കുള്ള അന്ത്യകൂദാശ ചൊല്ലുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പാടത്തെ ക്രിക്കറ്റ് കളിയില്‍ ഔട്ട് വിളിച്ച് ഐസിസി

ക്രിക്കറ്റ് എന്ന ഇന്ത്യന്‍ കളി – പങ്കജ് മിശ്ര എഴുതുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴും കൊളോണിയല്‍ പാരമ്പര്യം തുടരുകയാണോ?

 

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍