UPDATES

കായികം

‘ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുണ്ട്’;സൗരവ് ഗാംഗുലി മനസ് തുറക്കുന്നു

സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം  ഗാംഗുലി നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്.

ലോകകപ്പിന് ശേഷം ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പരിശീലക സ്ഥാനത്ത് ശാസ്ത്രി തന്നെ തുടരുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യന്‍ പരിശീലകന്‍ ആകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ഒരു ദിവസം ഇന്ത്യയുടെ പരിശീലകനായി ഞാന്‍ വരും, ഉറപ്പ്’. രവി ശാസ്ത്രിക്ക് പകരം പരിശീലക സ്ഥാനത്ത് ഗാംഗുലിയെ നിയമിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമ്പോഴാണ് ഗാംഗുലിയുടെ പ്രതികരണം.

അതേസമയം, ഇപ്പോള്‍ അതിനുള്ള സമയമല്ല ഏറ്റെടുത്ത ചില ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതിനാല്‍ ഈ പ്രാവശ്യം പരിശീലക സ്ഥാനത്തിനായി അപേക്ഷിച്ചില്ലെന്നും ഗാംഗുലി പറഞ്ഞു. ‘ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ തീര്‍ച്ചയായും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോഴില്ല. ഈയൊരു തവണ മറ്റാരെങ്കിലും ആകട്ടെ. അതിനുശേഷം തീര്‍ച്ചയായും ഞാനും മല്‍സര രംഗത്തുണ്ടാകും’ നാല്‍പ്പത്തിയേഴുകാരനായ ഗാംഗുലി പറഞ്ഞു. നിലവില്‍ ഒട്ടേറെ കാര്യങ്ങളിലായി തിരക്കിലാണ്. ഐപിഎല്‍, ടിവി കമന്ററി തുടങ്ങിയ പരിപാടികളെല്ലാമുണ്ട്. ഇതെല്ലാം ഒന്നു പൂര്‍ത്തിയാക്കട്ടെ. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ പരിശീലകനാകാന്‍ ഞാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തിരഞ്ഞെടുക്കപ്പെട്ടാല്‍ ടീം ഇന്ത്യയുടെ പരിശീലക വേഷത്തില്‍ നിങ്ങള്‍ക്കെന്നെ കാണാം ഗാംഗുലി പറഞ്ഞു.

സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം  ഗാംഗുലി നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഇതിനു പുറമെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനും ക്രിക്കറ്റ് കമന്റേറ്ററുമാണ്. മാത്രമല്ല, ബംഗാളി ഭാഷയിലെ ഒരു പ്രശസ്ത ടിവി ഷോയുടെ അവതാരകന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ അധികം വലിയ പേരുകളൊന്നും കണ്ടില്ല. മഹേള (ജയവര്‍ധനെ) അപേക്ഷിക്കുമെന്ന് കേട്ടിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹം പിന്‍മാറി ഗാംഗുലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍