UPDATES

കായികം

കോഹ്ലിയെ ടീമില്‍ എടുത്തത് കൊണ്ട് ഞാന്‍ പുറത്തായി; മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍

അന്നത്തെ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നു തന്റെ സെലക്ഷന്‍ എന്നതിനാല്‍ തനിക്ക് സെലക്ടര്‍ സ്ഥാനം നഷ്ടമായതായും വെംഗ്‌സര്‍ക്കാര്‍ പറയുന്നു.

2008ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബദ്രിനാഥിനെ തള്ളി വിരാട് കോഹ്ലിയെ ടീമിലെടുത്തത് കാരണമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന തന്റെ പണി തെറിച്ചതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഏറെക്കാലം സെലക്ടറുമായിരുന്ന ദിലീപ് വെംഗ്‌സര്‍ക്കാര്‍. അണ്ടര്‍ 23 താരങ്ങളെ ദേശീയ ടീമിലെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അണ്ടര്‍ 19 ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍ കോഹ്ലിയായിരുന്നു. അങ്ങനെ കോഹ്ലിയെ ടീമിലേയ്ക്ക് ഞാന്‍ തിരഞ്ഞെടുത്തു – മുംബയ് മറാത്തി പത്രകാര്‍ സംഘ് സംഘടിപ്പിച്ച പരിപാടിയില്‍ വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

തന്നെ ടീമിലെടുക്കുന്നതില്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍ വഹിച്ച പങ്കിനെപ്പറ്റി വിരാട് കോഹ്ലിയും നേരത്തെ പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ എമര്‍ജിംഗ് പ്ലെയേഴ്‌സ് ടൂര്‍ണമെന്റ് നടക്കുകയായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ് എന്നിവയുടെ എ ടീമുകള്‍ മത്സരിക്കുന്നു. ഇന്ത്യ എ ടീമിന്റെ ക്യാപറ്റന്‍ കോഹ്ലിയോട് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ വെംഗ്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോഹ്ലി വെല്ലുവിളി ഏറ്റെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്തു. അങ്ങനെ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോഹ്ലിക്ക് സാങ്കേതിക മികവുണ്ടായിരുന്നു. അയാള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടയാളാണെന്ന് ഞാന്‍ കരുതി. ശ്രീലങ്കന്‍ പര്യടനത്തിന്റെ സമയമായിരുന്നത് കൊണ്ട് കോഹ്ലി ടീമിലുണ്ടാകണമെന്ന് ഞാന്‍ വിചാരിച്ചു. ദിലീപ് ഭായ് നിങ്ങള്‍ പറയുന്നത് പോലെ എന്നായിരുന്നു മറ്റ് നാല് സെലക്ടര്‍മാരുടേയും പ്രതികരണം. അതേസമയം കോഹ്ലിയുടെ കളി കണ്ടിട്ടില്ലെന്നും നിലവിലുള്ള ടീമുമായി തന്നെ ശ്രീലങ്കയിലേയ്ക്ക് പോകാം എന്നുമായിരുന്നു ധോണിയുടേയും ഗാരിയുടേയും നിലപാട്. നിങ്ങള്‍ അയാളെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അയാളെ ടീമിലെടുക്കണം – ദിലീപ് വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

ക്യാപ്റ്റന്‍ ധോണിയും കോച്ച് ഗാരി കേഴ്‌സ്റ്റണും തന്റെ തീരുമാനത്തില്‍ സംശയാലുക്കളായിരുന്നു എന്നും വെംഗ്‌സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നു. അന്നത്തെ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നു തന്റെ സെലക്ഷന്‍ എന്നതിനാല്‍ തനിക്ക് സെലക്ടര്‍ സ്ഥാനം നഷ്ടമായതായും വെംഗ്‌സര്‍ക്കാര്‍ പറയുന്നു. എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് എസ് ബദ്രിനാഥ് കളിച്ചിരുന്നത്. ബദ്രിനാഥിന് സമയമാകുമ്പോള്‍ അവസരം കിട്ടും എന്ന് താന്‍ പറഞ്ഞപ്പോള്‍ 29 വയസുള്ള അയാള്‍ക്ക് ഇനി എപ്പോള്‍ അവസരം കിട്ടാനാണ് എന്ന് ചോദിച്ച് എന്‍ ശ്രീനിവാസന്‍ പൊട്ടിത്തെറിച്ചു. തനിക്ക് പകരം കൃഷ്ണമാചാരി ശ്രീകാന്ത് സെലക്ടറാവുകയും ചെയ്തു. സെലക്ടറെന്ന നിലയില്‍ തന്റെ കരിയറിന്റെ അവസാനമായിരുന്നു അതെന്ന് ദിലീപ് വെംഗ്‌സര്‍ക്കാര്‍ ഓര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍