UPDATES

കായികം

ലോകകപ്പിന്റെ പുതിയ അവകാശികളെ ഇന്നറിയാം; ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും കലാശപോരിന്

ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ട് ടൂര്‍ണമെന്റ് തുടങ്ങുംമുമ്പേ ഫേവറിറ്റുകളായിരുന്നു.

ലോകകപ്പിന്റെ കലാശ പോരില്‍ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലോകകപ്പിന് പുതിയ അവകാശികളാകും. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ ഉണ്ടാകും. ലോകകപ്പില്‍ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനലാണെങ്കില്‍ ന്യൂസീലന്‍ഡ് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ട് അവസാനമായി ഫൈനല്‍ കളിച്ചത് 1992-ല്‍. നിലവില്‍ റണ്ണറപ്പായ നൂസീലന്‍ഡ് 2015 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. 27 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. 1979, 1987, 1992 ലോകകപ്പുകളിലെ കലാശപ്പോരാട്ടത്തിലാണ് അവര്‍ക്ക് പിഴച്ചത്.

ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ട് ടൂര്‍ണമെന്റ് തുടങ്ങുംമുമ്പേ ഫേവറിറ്റുകളായിരുന്നു. എന്നാല്‍, പ്രാഥമികഘട്ടത്തില്‍ മൂന്ന് കളികള്‍ തോറ്റതോടെ, ഒരുഘട്ടത്തില്‍ സെമികാണാതെ മടങ്ങുമെന്ന സ്ഥിതിയിലായി. അവസാനത്തെ രണ്ടുമത്സരങ്ങളില്‍ ഇന്ത്യയെയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പട സെമി ഉറപ്പിച്ചത്. പ്രാഥമികഘട്ടത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കെ അവസാനത്തെ മൂന്നുകളികള്‍ തോറ്റ ന്യൂസീലന്‍ഡും ഒടുവില്‍ സെമികാണാതെ പുറത്താകുമെന്ന ആശങ്കയുണര്‍ന്നു. പാകിസ്താനുമായി പോയന്റില്‍ തുല്യതപാലിച്ച കിവീസ്, മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് അവസാനനാലിലെത്തിയത്. സെമിഫൈനലിലെത്തിയതോടെ രണ്ടുടീമുകളും അവരുടെ കഴിവിന്റെ പരമാവധിയിലേക്കുയര്‍ന്നു. കനത്തപോരാട്ടത്തില്‍ ഇന്ത്യയെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പിന്നിലാക്കി ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്ക് ഒരു അവസരവും നല്‍കാതെ ഇംഗ്ലണ്ടും സെമിജയിച്ചു.

ന്യൂസീലന്‍ഡ് ആകട്ടെ കെയ്ന്‍ വില്യംസന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങ് സ്ഥിരതയിലും പ്രതീക്ഷ അര്‍പ്പിക്കുന്നു. റോസ് ടെയ്‌ലര്‍, ഓള്‍റൗണ്ടര്‍മാരായ ജെയിംസ് നീഷാം, കോളിന്‍ ഗ്രാന്ദോം എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരടങ്ങിയ പേസ് നിരയും ശക്തി തന്നെയാണ് കിവീസിന്. ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഒയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍ തുടങ്ങി ഏഴാം നമ്പര്‍വരെ മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട് ഇംഗ്ലണ്ടിന്. ഓള്‍റൗണ്ടര്‍മാരുടെ നിരതന്നെയുണ്ട് ടീമില്‍. ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ് എന്നീ അഞ്ച് പേസര്‍മാരെ ഒരേസമയം അണിനിരത്താന്‍ അവര്‍ക്കാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍