UPDATES

ട്രെന്‍ഡിങ്ങ്

“സാരേ ജഹാം സേ അച്ഛാ എഴുതിയത് ഇഖ്ബാലാണ്”, അതുകൊണ്ട് ഇംഗ്ലണ്ടിനെതിരെ പിന്തുണ ഇന്ത്യക്കെന്ന് പാകിസ്താന്‍ ആരാധകര്‍

മുന്‍ ഇംഗ്‌ളണ്ട് ടീം ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ട്വിറ്ററില്‍ ഉന്നയിച്ച ഒരു ചോദ്യത്തോടുള്ള പാക് ആരാധകരുടെ പ്രതികരണ ട്വീറ്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ വലിയൊരു വിഭാഗം പാകിസ്താന്‍ ആരാധകരുടെ പിന്തുണ ഇന്ത്യക്ക്. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യക്ക് സെമിഫൈനല്‍ ഉറപ്പിക്കാന്‍ ഒരു പോയിന്റ് കൂടി മതി. അതേസമയം വളരെ കൗതുകകരമായ കാര്യം പാകിസ്താന്‍ ആരാധകരുടെ പിന്തുണ ഈ മത്സരത്തില്‍ ഇന്ത്യക്കാണ് എന്നാണ്.

മുന്‍ ഇംഗ്‌ളണ്ട് ടീം ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ട്വിറ്ററില്‍ ഉന്നയിച്ച ഒരു ചോദ്യത്തോടുള്ള പാക് ആരാധകരുടെ പ്രതികരണ ട്വീറ്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മത്സരത്തില്‍ നിങ്ങള്‍ ആരെ പിന്തുണക്കുന്നു എന്നാണ് പാകിസ്താന്‍ ആരാധകരോട് നാസര്‍ ഹുസൈന്‍ ചോദിച്ചത്. “തീര്‍ച്ചയായും ഇന്ത്യ” എന്ന് റാണ ഷാസിബ് എന്ന പാകിസ്താന്‍കാരന്‍ പറയുന്നു. രണ്ട് കാരണങ്ങളാണ് റാണ പറയുന്നത്. ഒന്ന് – അവര്‍ അയല്‍ക്കാരാണ്. രണ്ട് – ക്രിക്കറ്റിനെ അവര്‍ അത്രയധികം സ്‌നേഹിക്കുന്നു.

റാണ താല്‍ഹ അസ്ഫറിന്റെ പ്രതികരണം രസകരമാണ് – “എനിക്കറിയില്ല, ആകെ പറയാനുള്ളത് ഇതാണ്: സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന് എഴുതിയത് അല്ലാമ ഇഖ്ബാല്‍ ആണ് എന്ന് മാത്രമാണ്”.

മറ്റൊരു പാക് ആരാധകന്‍ നാസിര്‍ അലി ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണ മന ഉദ്ധരിച്ചു. “ജനഗണ മന അധിനായക ജയഹേ ഭാരത ഭാഗ്യ വിധാതാ, പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത, ദ്രാവിഡ ഉത്കല ബംഗാ…(ഇതില്‍ സിന്ധ് പ്രവിശ്യയും പഞ്ചാബ് പ്രവിശ്യയുടെ വലിയൊരു ഭാഗവും വിഭജനത്തിന് ശേഷം പാകിസ്താനിലായിരുന്നു). ഞങ്ങള്‍ അഭിനന്ദന് (പാക് പിടിയിലായി വിട്ടയച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍) ചായ കൊടുത്തിരുന്നു എന്ന് ഈ ആരാധകന്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ വൈകാരികമായ ഇത്തരം അടുപ്പങ്ങള്‍ക്ക് പുറമേ സ്വന്തം ടീമിനോടുള്ള സ്‌നേഹവും കരുതലും കൂടി ചില പാക് ആരാധകര്‍ വിരാട് കോഹ്ലിയുടെ ടീമിന് നല്‍കുന്ന ഈ പിന്തുണക്കും സ്‌നേഹത്തിനും പിന്നിലുണ്ട്. ഇംഗ്ലണ്ടിന്റെ ജയം പാകിസ്താന്റെ ലോകകപ്പിലെ സാധ്യതകള്‍ പരുങ്ങലിലാക്കിയേക്കാം എന്ന ആശങ്കയാണിത്.

പോയിന്റ് നിലയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും പാകിസ്താന്‍ നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഇനി മുന്നോട്ട് പോകണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. ന്യൂസിലാന്‍ഡിനെതിരായ ഒരു മത്സരം കൂടി ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം കഴിഞ്ഞാലുണ്ട്. പാകിസ്താന്റെ അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരം ജൂലായ് അഞ്ചിന് ബംഗ്‌ളാദേശുമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍