UPDATES

കായികം

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഇറങ്ങുന്നു

വൈകീട്ട് ആറിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഫ്ഗാനെ നേരിടും.

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെയും ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാനെയും നേരിടും. ആതിഥേയരായ ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാം മത്സരത്തിനാണ് ഇറങ്ങുന്നത്. ലോകകപ്പില്‍ കരുത്തരെന്ന് പറയുമ്പോഴും ബംഗ്ലാദേശിനെതിരെ അനായാസം വിജയം നേടിയെടുക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞേക്കില്ല. രണ്ട് ടീമുകളും ഓരോ മത്സരം വിജയിച്ച് പോരിനിറങ്ങുന്നതുകൊണ്ട് തന്നെ ആരെയും മോശക്കാരായി പറയാന്‍ കഴിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുന്നൂറിലധികം റണ്‍സ് നേടിയ ബംഗ്ലാദേശ് അവരുടെ ബാറ്റിംഗ് നിരയുടെ കരുത്താണ് അറിയിച്ചത്.  അതേസമയം കരുത്തുള്ള ബാറ്റിംഗ് നിരയുള്ള ഇംഗ്ലണ്ട് പാകിസ്ഥാനോട് തോല്‍വി വഴങ്ങിയാണ് എത്തുന്നത്. രണ്ട് ടീമുകളുടെയും ജയം ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു.

വൈകീട്ട് ആറിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഫ്ഗാനെ നേരിടും. കളിച്ച രണ്ട് മത്സരവും ജയിച്ചാണ് കിവീസ് പട ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനാകട്ടെ രണ്ട് കളിയിലും തോല്‍വി വഴങ്ങി. നജീബുള്ള സദ്റാന്‍ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളില്‍ അഫ്ഗാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.സ്പിന്‍ നിരയുടെ മികവാണ് ഈ മത്സരത്തില്‍ ഒരു പക്ഷെ അഫ്ഗാനിസ്ഥാന് നിര്‍ണായകമാകുന്നത്. ഓപ്പണര്‍ മുഹമ്മദ് ഷഹ്സാദ് പരുക്കേറ്റ് പുറത്തു പോയതും അഫ്ഗാനിസ്ഥാന് തിരിച്ചടിയാണ്.

ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ബാറ്റിങ്ങും ബൗളിങ്ങും സ്ഥിരത പുലര്‍ത്തുന്നു. ടെയ്ലറും, കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്റ്റിലും മികച്ച ഫോമിലാണ്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മാറ്റ് ഹെന്‍ റിയും ട്രെന്റ് ബോള്‍ട്ടും കരുത്താകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍