51 ഏകദിനങ്ങളില്‍ നിന്നും ഇതുവരെ 90 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിക്കഴിഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയുടെ കരുത്താണ് ജസ്പ്രീത് ബുമ്ര. ബാറ്റസ്മാന്മാരെ വിറപ്പിക്കുന്ന പന്തുകളുമായി താരം ആരാധകരുടെ കൈയ്യടി നേടുമ്പോള്‍ എങ്ങനെ ഇത്ര നന്നായി പന്തെറിയാന്‍ കഴിയുന്നു എന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ താരത്തിന് ഇത്ര നന്നായി പന്തെറിയാന്‍ കഴിയുന്നതിന് പിന്നിലുള്ള രഹസ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ലണ്ടനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ്ട്രോഫി ഫൈനലാണ് താരത്തിന്റെ ബൗളിംഗിനെ മാറ്റി മറിച്ചത്. പാക്കിസ്താനായിരുന്നു മത്സരത്തിലെ എതിരാളികള്‍.
അന്ന് ബുമ്രയുടെ ഒമ്പതോവറില്‍ മൂന്നു നോബോളുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് സെഞ്ചുറി നേടി കുതിച്ച പാക്കിസ്ഥാന് ഓപ്പണര്‍ ഫഖര്‍ സമന്റെ വിക്കറ്റും ഉള്‍പ്പെട്ടിരുന്നു. നാലാം ഓവറിലായിരുന്നു അത്. ആ പന്ത് അന്നു നോബോള്‍ ആയിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. അന്ന് 180 റണ്‍സിന്റെ വിജയം പാക്കിസ്ഥാന് ആഘോഷിച്ചത്. അന്ന് ഏറെ സങ്കടപ്പെട്ട ബുമ്ര പിന്നീടൊരിക്കലും ഇത്തരമൊരു പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.
ഇപ്പോള്‍ വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ഈ രണ്ടു വര്‍ഷത്തിനിടെ ബുമ്ര എറിഞ്ഞത് 2446 പന്തുകള്‍. അതില്‍ നോബോളുകള്‍ ആയി മാറിയത് വെറും ആറെണ്ണം! 408 ഓവറുകള്‍ എറിഞ്ഞപ്പോഴാണിതെന്ന് ഓര്‍ക്കണം. ഈ കണിശതയും കൃത്യതയുമാണ് ബുമ്രയെ ലോകത്തിലെ നമ്പര്‍ വണ്‍ ഏകദിന ബൗളറാക്കി മാറ്റിയതും. 51 ഏകദിനങ്ങളില്‍ നിന്നും ഇതുവരെ 90 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിക്കഴിഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായാണ് ബുമ്രയെ വിശേഷിപ്പിക്കുന്നത്. വിക്കറ്റുകള്‍ വീഴത്തുന്നതിനൊപ്പം കുറഞ്ഞ റണ്‍സാണ് താരം വിട്ടുകൊടുക്കാറ്. ഇതുമാത്രമല്ല, ഇന്ത്യന്‍ ബൗളര്‍മാരില്‍ 2018 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെ എല്ലാത്തരം ഫോര്‍മാറ്റുകളിലും കൂടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്തെറിഞ്ഞതും ബുമ്ര തന്നെ. അദ്ദേഹം 38 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 105 ഓവറുകള്‍ മെയ്ഡന്‍ എറിഞ്ഞു. അതില്‍ തന്നെ മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.