UPDATES

കായികം

മഞ്ഞില്‍ നിന്ന് തീ തുപ്പുന്ന രാജ്യം; ഇത് ഐസ്‌ലാന്റിന്റെ ഫുട്ബോള്‍ വീരഗാഥ

ടീം സ്പിരിറ്റിന്റെ കാര്യത്തില്‍ ലോകകപ്പിലെ മറ്റെല്ലാ ടീമുകളേക്കാളും മുകളിലാണ് ഐസ്‌ലാന്റ്. ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ഒന്നിച്ചുകൂടുന്ന സംഘമായല്ല, ഒന്നിച്ച് കളിച്ചുവളര്‍ന്ന കൂട്ടുകാരായാണ് ഐസ്‌ലാന്റ് ലോകകപ്പിനെത്തുന്നത്.

Avatar

അമീന്‍

ഉത്തര അറ്റ്ലാന്‍ഡിക്കിന്റെ ഒരു കോണില്‍ പതുങ്ങിക്കിടന്നിരുന്ന ഐസ്‌ലാന്റ്, മഞ്ഞുറഞ്ഞ ഉപരിതലത്തിനുള്ളില്‍ പ്രതിഭയുടെ അ‌ഗ്നിപർവതങ്ങൾ ഒളിപ്പിച്ചിരുന്നെന്ന് ഈ അടുത്ത കാലം വരെഅധികമാരുമറിഞ്ഞിരുന്നില്ല. എന്നാല്‍ ഐസ്‌ലാന്റിന്റെ ഫുട്ബോള്‍ പടയാളികള്‍ യൂറോപ്പിലെ പച്ചപ്പുല്‍മേടുകളില്‍ തീ പടര്‍ത്തിയപ്പോള്‍ ചാരമായത് ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ലോക ഫുട്ബോളിലെ വമ്പന്‍മാരായിരുന്നു. അത് തന്നെയാണ് ആദ്യ ലോകകപ്പായിട്ടും മരണ ഗ്രൂപ്പിലായിട്ടും ഐസ്‌ലാന്റിന്റെ സാധ്യതകളെ തള്ളിക്കളയാന്‍ ഫുട്ബോള്‍ വിദഗ്ധര്‍ തയ്യാറാകാത്തതും.

ഫിഫ റാങ്കിംഗ് ഗ്രാഫ്

വെറും ആറ് വര്‍ഷം കൊണ്ട് 131-ാം സ്ഥാനത്തുനിന്ന് 22-ാം സ്ഥാനത്തേയ്ക്ക് കുതിച്ചുകയറിയ ഐസ്‌ലാന്റിന്റെ ഉയിര്‍പ്പ് ലോക കായിക ചരിത്രത്തിലെ തിളക്കമുള്ള ഏടുകളിലൊന്നാണ്. ഫുട്ബോള്‍ കളിക്കുന്നത് പോലും ദുഷ്‌കരമായ കാലാവസ്ഥയുള്ള ഒരു രാജ്യം ലോകകപ്പിലേയ്ക്ക് നെഞ്ച് വിരിച്ചെത്തിയ വീരഗാഥയാണ് അത്. അതിന് കൃത്യമായ ആസൂത്രണത്തിന്റെയും കഠിന പ്രയത്നത്തിന്റെയും കഥ പറയാനുണ്ട്. അസാധ്യമായത് സാധ്യമാക്കിയ കാഠിന്യമേറിയ വഴികളുടെ കഥ.

മഞ്ഞുരാജ്യത്തിന്റെ കുതിപ്പ്

ജനസംഖ്യ 35 ലക്ഷത്തില്‍ താഴെ. പലപ്പോഴും മൈനസിലും താഴെ പോകുന്ന താപനില. വര്‍ഷത്തിലെ ശരാരശരി താപനില ഏഴ് ഡിഗ്രി. എപ്പോഴും വീശിയടിക്കുന്ന ശീതക്കാറ്റ്. ഫുട്ബോളെന്നല്ല മിക്കവാറും സമയത്തും എല്ലാ ഔട്ട്‌ഡോര്‍ ഗെയിമുകളും ഏറെക്കുറെ അസാധ്യമായ സ്ഥലമാണ് ഐസ്‌ലാന്റ് എന്ന ദ്വീപ്‌രാഷ്ട്രം. എന്നാല്‍, ഇച്ഛാശക്തികൊണ്ടും പ്രായോഗിക ബുദ്ധികൊണ്ടും ഐസ്‌ലാന്റ് ജനത ആ പരിമിതികളെ മറികടക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പേ ഐസ്‌ലാന്റ് ഫുട്ബോള്‍ ലോകകപ്പിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

ഐസ്‌ലാന്റില്‍ ഔട്ട്‌ഡോര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളെല്ലാമുണ്ട്. എന്നാല്‍ കാലാവസ്ഥയില്‍ ഭൂരിഭാഗം സമയവും ഫുട്‌ബോള്‍ കളി ദുഷ്‌കരമായതിനാല്‍ സോക്കര്‍ ഹൗസു’കള്‍ എന്ന പേരില്‍ ഭീമന്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അങ്ങനെ താപനില ക്രമീകരിച്ച ഇന്‍ഡോര്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി. പിന്നീട് രാജ്യത്തിന്റെ മുക്കിലും മൂലയിലും ലീഗുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. എല്ലായിടത്തും ചെറുതും വലുതുമായ സോക്കര്‍ ഹൗസുകള്‍ സ്ഥാപിച്ചു. മികച്ച പരിശീലകരെ വാര്‍ത്തെടുത്തു. ഫുട്ബോള്‍ ഒരു പ്രൊഫഷനായി മാറി. ദേശീയ ഫുട്ബോള്‍ ടീം രാജ്യത്തെ ജനങ്ങളുടെ വികാരമായി. ടീമിന്റെ മത്സരങ്ങള്‍ അവര്‍ക്ക് യുദ്ധങ്ങളായി.

ഐസ്‌ലാന്‍ഡിലെ ഇന്‍ഡോര്‍ സ്റ്റേഡിയം – വീഡിയോ

ഇന്ന് ഐസ്‌ലാന്‍ഡില്‍ ചെറുതും വലുതുമായ 200ലേറെ പരിശീലന കേന്ദ്രങ്ങളുണ്ട്. ഫിഫയുടെ ബി ലൈസന്‍സുള്ള ആയിരത്തോളം പരിശീലകരുണ്ട്. നിരവധി ഫുട്ബോള്‍ ക്ലബുകളുണ്ട്. ഫുട്ബോള്‍ കളിക്കുന്ന ഒരു കുട്ടിയ്ക്കും മികച്ച പരിശീലകനെ കിട്ടാതെ പോകില്ലെന്ന് തങ്ങള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഐസ്‌ലാന്‍ഡ് ഫുട്ബോള്‍ അസോസിയേഷനിലെ ഒരു പ്രമുഖന്‍ പറയുന്നു. ഇപ്പോള്‍ എത്തിനില്‍ക്കുന്നതല്ല അതിലുമേറെ ഉയരത്തിലാണ് ഐസ്‌ലാന്‍ഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ആരാധകവൃന്ദത്തിന്റെ കാര്യത്തില്‍ ഐസ്‌ലാന്‍ഡ് ഒരു അദ്ഭുതമാണ്. ആദ്യമായി ഐസ്‌ലാന്‍ഡ് പങ്കെടുത്ത 2016 യുവേഫ കാണാനെത്തിയത് ഐസ്‌ലാന്‍ഡ് ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേരാണ്! ഒരു ഐസ്ലാന്‍ഡ് ആരാധകന്റെ വാക്കുകള്‍ കേള്‍ക്കുക: ‘ഞങ്ങളുടേത് ഒരു കൊച്ചു രാജ്യമാണ്. ഞങ്ങള്‍ക്ക് പട്ടാളമില്ല. ഐസ്‌ലാന്റ് ഫുട്ബോള്‍ ടീം ഞങ്ങള്‍ക്ക് പടയാളികളെ പോലെയാണ്.’ ഐസ്‌ലാന്‍ഡിന് ഫുട്ബോള്‍ എന്തെന്നറിയാന്‍ ഈ വാക്കുകള്‍ക്കപ്പുറം മറ്റൊന്നും ആവശ്യമില്ല.

യൂറോയിലെ ഐസ്‌ലാന്‍ഡ് ആഘോഷം – വീഡിയോ:

യുവേഫയിലെ തീപ്പൊരി

2016 യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഐസ്‌ലാന്റ് എന്ന ഫയര്‍ബ്രാന്‍ഡ് ആദ്യമായി ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. യോഗ്യതാ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്സിനെയും തുര്‍ക്കിയെയും രണ്ട് തവണയാണ് ഐസ്‌ലാന്റ് തോല്‍പ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ ഐസ്‌ലാന്റിന്റെ തുടക്കം. യുവേഫ ചാമ്പ്യന്‍മാരായത് പോര്‍ച്ചുഗലായിരുന്നു എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കണം. പോര്‍ച്ചുഗലിനെതിരായ സമനില ഒരു യാദൃച്ഛികതയല്ലെന്ന് വ്യക്തമാക്കി അടുത്ത മത്സരത്തില്‍ ഐസ്‌ലാന്റ് ഹംഗറിയ്ക്കെതിരെ സമനില നേടി. അവസാന മത്സരത്തില്‍ ഓസ്ട്രിയയെ തറപറ്റിച്ച് അവര്‍ നോക്കൗട്ട് റൗണ്ടിലെത്തി.

ഇംഗ്ലണ്ടിന് എതിരായ ചരിത്ര ജയം – വീഡിയോ

ഇവിടെ ശക്തരായ ഇംഗ്ലണ്ടായിരുന്നു ഐസ്‌ലാന്റിന്റെ എതിരാളികള്‍. യൂറോപ്യന്‍ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ടിനെ 2-1ന് തറപറ്റിച്ച് ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഐസ്‌ലാന്റ് ടീം ക്വാര്‍ട്ടറിലെത്തി. എന്നാല്‍, ഫ്രാന്‍സിലെ അവരുടെ തട്ടകത്തില്‍ നേരിട്ട ഐസ്‌ലാന്റിന് ക്വാര്‍ട്ടറില്‍ പിഴച്ചു. ടൂര്‍ണമെന്റിലെ റണ്ണേഴ്സ് അപ്പായി ഫ്രഞ്ച് ടീമിനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പുറത്താകുമ്പോഴേക്കും യൂറോപ്യന്‍ ഫുട്ബോളില്‍ ഐസ്‌ലാന്റ് തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തിരുന്നു.

“ഈ സ്വപ്നത്തില്‍ നിന്നെന്നെ ഉണര്‍ത്തരുത്”: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഐസ്‌ലാന്റ് കമന്റേറ്ററുടെ വൈറലായ പ്രതികരണം

ഐ ഗ്രൂപ്പില്‍ നിന്ന് ആധികാരികമായി

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേത് ഒരു തുടക്കം മാത്രമായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുവേഫ ഐ ഗ്രൂപ്പിലായിരുന്നു ഐസ്‌ലാന്റിന്റെ സ്ഥാനം. ഒപ്പമുള്ളത് ക്രൊയേഷ്യ, ഉക്രെയ്ന്‍, തുര്‍ക്കി, ഫിന്‍ലാന്‍ഡ്, കൊസോവോ ടീമുകള്‍. ഇതില്‍ ഫിന്‍ലാന്‍ഡും കൊസോവോയും ഒഴികെയുള്ളവര്‍ രണ്ട് പതിറ്റാണ്ടിനിടെ ലോകകപ്പ് ക്വാര്‍ട്ടറില്‍ എത്തിയിട്ടുള്ളവയും! പക്ഷേ, ഐസ്‌ലാന്റ് ലോകകപ്പ് യോഗ്യത നേടി. അതും ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി തന്നെ.

ലോകകപ്പ് യോഗ്യതാ റൗണ്ട് – പോയിന്റ് ടേബിള്‍

പത്ത് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു സമനിലയും നേടിയപ്പോള്‍ മഞ്ഞിന്റെ പോരാളികള്‍ വഴങ്ങിയത് രണ്ട് തോല്‍വികള്‍ മാത്രം. ഫിന്‍ലന്‍ഡിനോടും ക്രൊയേഷ്യയോടും അവരുടെ നാട്ടില്‍ തോറ്റപ്പോള്‍ സ്വന്തം തട്ടകത്തില്‍ പകരം വീട്ടി. ഉക്രെയ്നിനോടാണ് ഒരു സമനില. പക്ഷേ, അവിടെയും നാട്ടിലെ മത്സരത്തില്‍ ഐസ്‌ലാന്റ് കരുത്തുകാട്ടി. തുര്‍ക്കിയ്ക്കും കൊസോവോയ്ക്കും ഐസ്‌ലാന്റിനോട് പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. ഹോം മാച്ചുകളിലും എവേ മാച്ചുകളിലും ഇവര്‍ ഐസ്‌ലാന്റിനോട് അടിയറവ് പറഞ്ഞു. ലോകകപ്പില്‍ ഇടംപിടിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമെന്ന റെക്കോഡും ഐസ്‌ലാന്റ് സ്വന്തമാക്കി.

ക്രൊയേഷ്യക്കെതിരായ മത്സരം – വീഡിയോ

കരുത്താവുക ടീം സ്പിരിറ്റ്

മഞ്ഞുമലയ്ക്ക് മുകളില്‍ നിന്ന് ഉരുട്ടിവിടുന്ന സ്നോബോള്‍ പോലെയാണ് ഐസ്‌ലാന്റ് ടീം. ഒറ്റയ്ക്കൊറ്റയ്ക്ക് ചെറുതായി തോന്നുമെങ്കിലും ഒന്നിച്ച് ചേരുന്തോറും അവരുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ കടലാസിലെ ശക്തി മാത്രം വെച്ച് ഈ ടീമിനെ അളക്കാനാകില്ല. ടീം സ്പിരിറ്റിന്റെ കാര്യത്തില്‍ ലോകകപ്പിലെ മറ്റെല്ലാ ടീമുകളേക്കാളും മുകളിലാണ് ഐസ്‌ലാന്റ്. ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ഒന്നിച്ചുകൂടുന്ന സംഘമായല്ല, ഒന്നിച്ച് കളിച്ചുവളര്‍ന്ന കൂട്ടുകാരായാണ് ഐസ്‌ലാന്റ് ലോകകപ്പിനെത്തുന്നത്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം നേടിയ മത്സര പരിചയവും പ്രമുഖ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളും ഐസ്‌ലാന്റിന് മുതല്‍ക്കൂട്ടാണ്. എവര്‍ട്ടണിന്റെ ഗില്‍ഫി സിഗുറോസണ്‍ ആണ് പ്രധാനതാരം. യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോററും സിഗുറോസണ്‍ തന്നെ. സിഗുറോസണും ക്യാപ്റ്റന്‍ ആരോണ്‍ ഗുണ്ണാര്‍സെനുമാകും റഷ്യയില്‍ ഐസ്‌ലാന്റിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഇവര്‍ക്കൊപ്പം ജൊഹാന്‍ ബെര്‍ഗ് ഗുവാമോണ്ട്സണ്‍, എമില്‍ ഹാല്‍ഫെസെറോണ്‍, ആസ്റ്റണ്‍ വില്ലയുടെ ബിര്‍കിര്‍ ബ്യാര്‍നസണ്‍ തുടങ്ങിയവര്‍ കൂടി ചേരുമ്പോള്‍ മധ്യനിര ശക്തമാകുന്നു. തന്റെ റോള്‍ ഭംഗിയാക്കുന്ന ഗോളി ഹാനസ് ഹാല്‍ഡോര്‍സണ് മുന്നില്‍ റാഗ്‌നാര്‍ സിഗുറോസണ്‍-കാരി അമാസണ്‍ ജോടി കൂടി എത്തുന്നതോടെ പ്രതിരോധനിരയും മോശമല്ലാത്തതാകും. ആല്‍ബര്‍ട്ട് ഗുവോമോണ്ട്സെന്‍, ബ്യോണ്‍ ബെര്‍ഗ്മാന്‍ സിഗുറോസണ്‍, ആല്‍ഫ്രയോ ഫിന്‍ബോഗാസണ്‍ എന്നിവരാണ് മുന്നേറ്റക്കാര്‍.

യൂറോയിലെ മികച്ച ഗോളുകള്‍ – വീഡിയോ

പൊതുവെ പ്രതിരോധത്തിലൂന്നിയ കളിയാണ് ഐസ്‌ലാന്റിന്റേത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 4-4-2ല്‍ നിന്നും കോച്ച് ഹാള്‍ഗ്രിംസണ്‍ 4-5-1ലേക്ക് കേളീശൈലി മാറ്റിയിട്ടുണ്ട്. പന്ത് എതിരാളികള്‍ക്ക് വിട്ടുകൊടുത്ത് അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുക എന്ന തന്ത്രമാകും ഐസ്‌ലാന്റ് പയറ്റുക. ടീമിന്റെ ഘടനയും ഒത്തൊരുമയും അതിന് അനുയോജ്യവുമാണ്. ചില പ്രധാന താരങ്ങളുടെ ഫിറ്റ്നസാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം.

അര്‍ജന്റീന ‘റൊമാന്റിക്’

ലോകകപ്പില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പിലാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ക്കെതിരേ കളിക്കുന്നത് ‘റൊമാന്റിക്’ ആണ് എന്നായിരുന്നു ഐസ്‌ലാന്റ് കോച്ചിന്റെ ആദ്യ പ്രതികരണം. എന്നാല്‍, അതൊട്ടും എളുപ്പമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൊയേഷ്യയും നൈജീരിയയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് മുന്നേറുക, ഐസ്‌ലാന്റിന് ഒട്ടും എളുപ്പമാവില്ല. അര്‍ജന്റീനക്കും നൈജീരിയക്കുമെതിരേ കളിക്കാത്ത ഐസ്‌ലാന്റിന് ക്രൊയേഷ്യക്കെതതിരെ നാല് തോല്‍വിയും ഒന്നുവീതം സമനിലയും ജയവുമാണ് ഇതുവരെയുള്ള സമ്പാദ്യം.

ലോകകപ്പ് ഗ്രൂപ്പുകള്‍ തീരുമാനമായപ്പോള്‍ ഐസ്‌ലാന്റ് കോച്ചിന്റെ പ്രതികരണം – വീഡിയോ:

ആറാം കപ്പില്‍ കണ്ണുനട്ട് മഞ്ഞപ്പട; മെസി പറഞ്ഞത് പോലെ ഫേവറിറ്റുകള്‍ ബ്രസീല്‍ തന്നെ

സൗദിക്ക് പ്രതീക്ഷിക്കാന്‍ കുതിപ്പ് മാത്രം

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍