UPDATES

ട്രെന്‍ഡിങ്ങ്

നമുക്ക് ബെലോട്ടെല്ലിയാവണ്ട ഡാനി ആല്‍വ്‌സാകാം; അഭിനവ് മുകുന്ദിന് ഐഎം വിജയന്‍ പകരുന്ന ആത്മവിശ്വാസം

എല്ലാ നാട്ടിലുമുണ്ട് വംശീയാധിക്ഷേപം നടത്തുകയും നിറത്തെ കളിയാക്കുകയും ചെയ്യുന്ന ബോറന്മാര്‍

കറുത്ത നിറത്തിന്റെ പേരില്‍ താന്‍ ഏറെ അധിക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ അഭിനവ് മുകുന്ദിന് പിന്തുണയുമായി ഫുട്‌ബോള്‍ താരം ഐം എം വിജയന്‍. അഭിനവ്, നീ കളിച്ചു മുന്നേറെടാ മുത്തേ എന്ന തലക്കെട്ടില്‍ മലയാള മനോരമയുടെ എഡിറ്റ് പേജിലാണ് വിജയന്റെ ലേഖനം. കാലം മാറി ഭായ്; ഇക്കാലത്തും നിറത്തെ കളിയാക്കുന്നവരുണ്ടെങ്കില്‍ അവന്മാര്‍ക്ക് കോമണ്‍സെന്‍സ് ഇല്ലെന്നാണ് അര്‍ത്ഥം. ഏതു ലോകത്താണിവര്‍ ജീവിക്കുന്നത്? വിജയന്‍ ചോദിക്കുന്നു. കറുപ്പാണ് നമ്മുടെയൊക്കെ അഴകും കരുത്തും, കായികരംഗത്ത് കറുത്തവര്‍ തന്നെയാണ് ഒന്നാം പന്തിയില്‍ കൂടുതലെന്നും വിജയന്‍ അഭിനവ് മുകുന്ദിനോടായി പറയുന്നു.

നിന്നെ കളിയാക്കുന്നവരോട് കാള്‍ ലൂയിസിനെ അറിയാമോ എന്നു ചോദിക്ക്, ഉസൈന്‍ ബോള്‍ട്ടിനെ കണ്ടിട്ടുണ്ടോയെന്നു ചോദിക്ക്. ആ ബോള്‍ട്ടിനെ ഓടിത്തോല്‍പ്പിച്ച ജസ്റ്റിന്‍ ഗാഡ്‌ലിന്‍, ബാസ്‌കറ്റ്‌ബോള്‍ താരം മൈക്കള്‍ ജോര്‍ദ്ദാന്‍…എന്തിനധികം നമ്മുടെ ഫുട്‌ബോള്‍ രാജാവ് പെലെയുടെ നിറമെന്താ? ലേഖനത്തില്‍ വിജയന്‍ ചോദിക്കുന്നു.

നിന്നെ കളിയാക്കവര്‍ വെളുപ്പാണെങ്കില്‍ ആ വെളുപ്പിനെക്കാള്‍ വലിയ കറുപ്പ് അവരുടെ മനസിലുണ്ട്. കറുത്തിട്ടായാലും വെളുത്തിട്ടായാലും വേണ്ടില്ല. മനുഷ്യനായാല്‍ മതി; വിജയന്‍ പറയുന്നു.

എന്റെ കറുപ്പിന്റെ പേരില്‍ എന്നെ ആരും മാറ്റിനിര്‍ത്തിയിട്ടില്ല. പകരം എന്നെ ഫുട്‌ബോളിലെ കറുത്തമുത്ത് എന്ന് എന്നെ നാടുവിളിച്ചു. ഈ നിറവുമായി ഞാന്‍ സിനിമയില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചത് നിറത്തിന്റെ പ്രത്യേകതകൊണ്ടല്ല ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന മികവും പ്രശസ്തിയുംകൊണ്ടാണ്. കളിയാണ് പ്രധാനമെന്ന് ഇതില്‍പരം തെളിവുവേണോ? വിജയന്‍ പറയുന്നു.

ഇവിടെ മാത്രമല്ല എല്ലാ നാട്ടിലുമുണ്ട് വംശീയാധിക്ഷേപം നടത്തുകയും നിറത്തെ കളിയാക്കുകയും ചെയ്യുന്ന ബോറന്മാര്‍ എന്നു വിജയന്‍ കുറ്റപ്പെടുത്തുന്നു. കാണികള്‍ നടത്തിയ വംശീയാധിക്ഷേപം സഹിക്കാതെ കളി മതിയാക്കി പവലിയനില്‍ പോയിരുന്നു കരഞ്ഞ ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മാരിയോ ബലോട്ടെല്ലിയെപോലെയല്ല, ആള്‍ക്കുരങ്ങനോട് ഉപമിച്ചു കളിയാക്കാനായി കളത്തില്‍ നിന്ന തനിക്കുനേരെ കാണികള്‍ എറിഞ്ഞ വാഴപ്പഴം എടുത്തു തിന്നിട്ടും തൊലിയെറിഞ്ഞു കളഞ്ഞിട്ടു പന്തിനു പിന്നാലെപോയ ഡാനി ആല്‍വ്‌സിനെപ്പോലെയാകണം നമ്മളെന്നും വിജയന്‍ അഭിനവിന് ആത്മവിശ്വാസം പകരുന്നു.

അടുത്ത കളിയില്‍ നൂറടിക്കണം നിന്നെ പരിഹസിച്ചവര്‍ പഴത്തൊലിയില്‍ ചവിട്ടി വീണോളും; വിജയന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍