UPDATES

കായികം

തകര്‍ത്തടിച്ച് സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് കൂറ്റന്‍ സ്‌കോര്‍

ശീഖര്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സെടുത്തു.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക എ ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ഇന്ത്യ നേടിയത്. 48 പന്തുകളില്‍ 91 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആറ് ബൗണ്ടറിയും ഏഴ് സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനും തിളങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ പ്രശാന്ത് ചോപ്ര (2) പുറത്തായി. തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന സഞ്ജു-ധവാന്‍ സഖ്യം അനായാസം ബാറ്റ് വീശി. ഗ്രൗണ്ടിന്റെ നാലു പാടും ഷോട്ടുകള്‍ പായിച്ച സഞ്ജു ബൗളര്‍മാരെ കടന്നാക്രമിച്ചു. സഞ്ജുവിനു പിന്നാലെ ധവാനും തിളങ്ങിയതോടെ ഇന്ത്യന്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.

വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു 48 പന്തില്‍ 91 റണ്‍സടിച്ച് മികവ് കാട്ടി. ശീഖര്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ധവാനും ചേര്‍ന്ന് 12.3 ഓവറില്‍ 136 റണ്‍സ് അടിച്ചു കൂട്ടി. ശ്രേയസ് അയ്യര്‍(19 പന്തില്‍ 36), ശുഭ്മാന്‍ ഗില്‍(10 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍