UPDATES

ട്രെന്‍ഡിങ്ങ്

കിവികളെ വീണ്ടും വീഴ്ത്തി ടീം ഇന്ത്യ

രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് 90 റണ്‍സിന്റെ വിജയം

ന്യൂസിലാന്‍ഡിനെതിരേ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ഉജ്ജ്വലി വിജയം. 90 റണ്‍സിനാണ് എതിരാളികളെ ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് ഇന്ത്യ മുന്നിലെത്തി. നേപ്പിയറില്‍ നടന്ന ആദ്യമത്സരത്തില്‍ കാണിച്ച അതേ ആധികാരികതയോടെയാണ് മൗണ്ട് മോന്‍ഗനൂയിലെ രണ്ടാം മത്സരത്തിലും വിരാട് കോഹ് ലിയും സംഘവും എതിരാളികളെ കീഴടക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റുകളുടെ നഷ്ടത്തില്‍ 324 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് 40.2 ഓവറില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും യൂസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ശേഷിച്ച വിക്കറ്റുകള്‍ ഷമിയും കേദാര്‍ ജാദവും പങ്കിട്ടു. ന്യൂസിലന്‍ഡ് നിരയില്‍ അര്‍ദ്ധസെഞ്ച്വറി(57) നേടിയ ബ്രെയ്‌സ്വെല്‍ ആണ് ടോപ് സ്‌കോറര്‍.

നേരത്തെ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖാര്‍ ധവാനും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 25 ഓവറില്‍ നിന്നും ഇവര്‍ 154 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ധവാന്‍ 66 റണ്‍സ് എടുത്താണ് മടങ്ങിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയാണെന്നു തോന്നിച്ച രോഹിത് 87 റണ്‍സില്‍ വീണു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 45 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ അമ്പാട്ടി റായിഡു 47 റണ്‍സും സ്വന്തമാക്കി. അവസാന ഓവറുകളില്‍ കേദാര്‍ ജാദാവിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ ആക്രമണമാണ് ഇന്ത്യന്‍ സ്‌കോര്‍ 324 ല്‍ എത്തിച്ചത്. ഓസ്‌ട്രേലിയയില്‍ കാണിച്ച ഫോം ന്യൂസിലന്‍ഡിലും തുടരുന്ന ധോണി 33 പന്തില്‍ നിന്നും 48 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്നു. ഒപ്പമുണ്ടായിരുന്ന കേദാര്‍ ജാദവ് 10 പന്തില്‍ 22 റണ്‍സ് നേടി തന്റെ ഫോമും തെളിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍