UPDATES

ട്രെന്‍ഡിങ്ങ്

ഇംഗ്ലണ്ടില്‍ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്?

സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലണ്ട് പരമാവധി മുതലാക്കി.

Avatar

അമീന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയ തോൽവിയാണ് നിലവിൽ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഏറ്റുവാങ്ങിയത്. അ‌ഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഒന്നിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ബാറ്റ്സ്മാൻമാരുടെ പരാജയമുൾപ്പെടെ പല കാരണങ്ങളും തോൽവിയിലേക്ക് വഴി തെളിച്ചെങ്കിലും പേസ് ബൗളിങിലെ മികവുൾപ്പെടെ പോസിറ്റീവായ പല കാര്യങ്ങളും ഇംഗ്ലണ്ടിൽ നിന്നും തിരികെ പോരുമ്പോൾ ഇന്ത്യക്കൊപ്പമുണ്ട്.

1-4 എന്ന പരമ്പരയുടെ ഫലം തങ്ങളുടെ പോരാട്ടവീര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നാണ് അ‌വസാന ടെസ്റ്റിന് ശേഷം ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി പറഞ്ഞത്. ഇതിൽ ഏറെക്കുറെ വാസ്തവമുണ്ട്. ആദ്യ ടെസ്റ്റ് ഇന്ത്യ അ‌ടിയറ വെച്ചത് വെറും 31 റൺസിനാണ്. ഇംഗ്ലണ്ട് ആധികാരിക ജയം നേടിയത് രണ്ടാം ടെസ്റ്റിൽ മാത്രമാണ്. ഇന്നിങ്സിനും 159 റൺസിനും. കനത്ത തോൽവിയേറ്റുവാങ്ങുകയും 2-0ന് പിന്നിലാവുകയും ചെയ്തിട്ടും മൂന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവന്നു. നോട്ടിങ്ഹാമിൽ നടന്ന മത്സരത്തിൽ 203 റൺസിനാണ് ഇന്ത്യ ജയിച്ചത്. സതാംപ്ടണിലെ നാലാം ടെസ്റ്റിൽ ഇന്ത്യ വീണ്ടും 60 റൺസിന് തോറ്റു. അ‌വസാന ടെസ്റ്റിലെ തോൽവി 118 റൺസിനാണെങ്കിലും ഇംഗ്ലീഷ് സാഹചര്യത്തിൽ നാലാം ഇന്നിങ്സിൽ 345 റൺസ് അ‌ടിച്ചുകൂട്ടിയ ഇന്ത്യയുടെ പ്രകടനം പ്രകീർത്തിക്കപ്പെടേണ്ടതാണ്. അ‌വസാന ദിനം ജയിക്കാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറെക്കുറെ അ‌പ്രാപ്യമായ 400 റൺസിലേറെ വേണ്ട സാഹചര്യത്തിൽ വിജയപ്രതീക്ഷ പോലും ഉയർത്താൻ ഇന്ത്യക്കായി.

മത്സരഫലങ്ങൾ ഇങ്ങനെയാണെന്നിരിക്കെ എവിടെയാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ പിഴച്ചത്? സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലണ്ട് പരമാവധി മുതലാക്കി. ടീം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ അ‌ത്ര ശക്തരൊന്നുമല്ല ഇംഗ്ലണ്ട്. ഇംഗ്ലണ്ട് തങ്ങളുടെ ശക്തികളിലൂന്നി കളിച്ചപ്പോൾ ഇന്ത്യ അ‌ത്ര പ്രകടമല്ലാത്ത ദൗർബല്യങ്ങളിൽ പോലും വീണുപോയി. മത്സരങ്ങളിൽ ഇന്ത്യക്ക് പലപ്പോഴും ആധിപത്യം ലഭിക്കുകയും ചെയ്തരുന്നു. എന്നാൽ, അ‌വ ഫലപ്രദമായി കൈപ്പിടിയിലൊതുക്കാൻ ടീമിനാകാതെ പോയി. പരമ്പരയിൽ ഒറ്റപ്പെട്ട പ്രകടനങ്ങളൊഴിച്ചാൽ ഇംഗ്ലണ്ടിന്റെ ടോപ്പ് ഓർഡർ ബാറ്റിങ് ഒരു ദുരന്തമായിരുന്നു. ഇന്ത്യൻ പേസർമാർ എക്കാലത്തെയും മികച്ച ഫോമിലും. എന്നാൽ, ഓൾറൗണ്ടർമാർ നിറഞ്ഞ തങ്ങളുടെ വാലറ്റത്തിന്റെ മികവിൽ ഇംഗ്ലണ്ട് എപ്പോഴും തിരിച്ചുവന്നു. മുൻനിരയെ പുറത്താക്കുന്നതിൽ കാണിക്കുന്ന മികവ് ഇന്ത്യൻ ബൗളർമാർക്ക് പിന്നീട് കാണിക്കാനാകാതെ വരികയും ചെയ്തു. ഇന്ത്യയുടെ തോൽവികൾക്ക് ചുക്കാൻ പിടിച്ചത് ഇംഗ്ലണ്ടിന്റെ വാലറ്റ മികവും ഇന്ത്യൻ ബൗളർമാരുടെ ഈ മേഖലയിലെ ദൗർബല്യവും തന്നെയാണെന്ന് ഓരോ ടെസ്റ്റുമെടുത്ത് പരിശോധിച്ചാൽ വ്യക്തമാകും.

ഒന്നാം ടെസ്റ്റ്

ബിർമിങാമിലെ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ആദ്യ അഞ്ചു വിക്കറ്റുകളിൽ 223 റൺസ് ചേർത്ത ഇംഗ്ലണ്ടിനെ ഇന്ത്യ 287ൽ ഒതുക്കി. മറുപടി ബാറ്റിങിൽ 13 റൺസ് മാത്രം ലീഡ് വഴങ്ങിയ ടീം ഇംഗ്ലീഷ് ബാറ്റിങിനെ അ‌ഞ്ചിന് 85 എന്ന നിലയിലേക്കും എത്തിച്ചു. എന്നാൽ, സാം കുറന്റെ (63) ബാറ്റിങ് മികവിൽ അ‌വസാന അ‌ഞ്ചു വിക്കറ്റിൽ 95 റൺസ് കൂടി ചേർത്ത ഇംഗ്ലണ്ട് 193 റൺസിന്റെ ലീഡിലേക്കെത്തി. ഇന്ത്യ 31 റൺസകലെ വീഴുകയും ചെയ്തു.

രണ്ടാം ടെസ്റ്റ്

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലും ഇതാവർത്തിച്ചു. 107 റൺസിൽ ഓൾഔട്ടായ ഇന്ത്യക്കെതിരെ 131ന് അ‌ഞ്ചു വിക്കറ്റെന്ന നിലയിലായിരുന്നു ഇംഗ്ലീഷ് നിര. എന്നാൽ ബെൻ സ്റ്റോക്ക്സിന് പകരമെത്തിയ ക്രിസ് വോക്ക്സ് ഏഴാമനായിറങ്ങി നേടിയ സെഞ്ച്വറിയും (137*) എട്ടാമനായ സാം കറന്റെ (40) പ്രകടനവും ഇന്ത്യക്ക് തലവേദനയായി. ആദ്യ പകുതിയിൽ നിന്ന് ജോണി ബെയർസ്റ്റോയുടെ 93 റൺസ് കൂടിയായപ്പോൾ ഏഴിന് 397 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. ആദ്യ അ‌ഞ്ചു വിക്കറ്റിന് ശേഷം വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് കൂട്ടിച്ചേർത്തത് 265 റൺസ്! രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ (130ന് ഓൾഔട്ട്) ഇന്ത്യക്കെതിരെ ക്രിക്കറ്റിന്റെ മെക്കയിൽ ആതിഥേയർ 159 റൺസിന്റെ ഇന്നിങ്സ് ജയമാഘോഷിക്കുകയും ചെയ്തു.

മൂന്നാം ടെസ്റ്റ്

ഇംഗ്ലീഷ് ബാറ്റിംഗ് നിര അക്ഷരാർത്ഥത്തിൽ നിശബ്ദരായിപ്പോയ മത്സരമായിരുന്നു നോട്ടിങാമിലേത്. ആദ്യ ഇന്നിങ്സിൽ 108, 53; രണ്ടാമിന്നിങ്സിൽ 231, 86 എന്നിങ്ങനെയായിരുന്നു യഥാക്രമം ഇംഗ്ലണ്ടിന്റെ ആദ്യ അ‌ഞ്ചു വിക്കറ്റുകളിലും അ‌വസാനത്തെ അ‌ഞ്ചു വിക്കറ്റുകളും എടുത്ത റൺസ്. ആദ്യ ഇന്നിങ്സിൽ 320ഉം രണ്ടാം ഇന്നിങ്സിലും 359 റൺസെടുത്ത ഇന്ത്യ 203 റൺസിന്റെ വമ്പൻ വിജയം ആഘോഷിക്കുകയും ചെയ്തു.

നാലാം ടെസ്റ്റ്

ഇംഗ്ലണ്ട് പരമ്പരയുറപ്പിച്ച സതാംപ്ടണിലെ രണ്ടിന്നിങ്സുകളിലും നിർണായകമായത് വാലറ്റത്തിന്റെ ബാറ്റിങ് ആയിരുന്നു. ആദ്യ ഇന്നിങ്സിൽ അ‌ഞ്ചിന് 69 എന്ന നിലയിൽ നിന്ന് 246 റൺസിലേക്കും രണ്ടാം ഇന്നിങ്സിൽ 122 റൺസിൽ നിന്ന് 271 റൺസിലേക്കുമാണ് അ‌വസാന അ‌ഞ്ചു വിക്കറ്റുകളിൽ ഇംഗ്ലണ്ട് പിടിച്ചുകയറിയത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന്റെ ലീഡ് നേടിയെങ്കിലും രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം ഇന്ത്യക്ക് എത്തിപ്പിടിക്കാനായില്ല 184 റൺസിലൊതുങ്ങിയ ടീമിന് ലഭിച്ചത് 60 റൺസിന്റെ തോൽവി.

അ‌ഞ്ചാം ടെസ്റ്റ്

പരമ്പരയിലാദ്യമായി ഒരു ഇംഗ്ലീഷ് ഓപ്പണർ അ‌ർധസെഞ്ച്വറി നേടിയ ഇന്നിങ്സായിരുന്നു അ‌ത്. വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന അ‌ലിസ്റ്റർ കുക്കും (71) കീറ്റൺ ജെന്നിങ്സും (23) ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് ചേർത്തു. രണ്ടാം വിക്കറ്റിൽ മൊയീൻ അ‌ലിയ്ക്കൊപ്പം (50) കുക്ക് 73 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് ഒന്നിന് 133 റൺസെന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ, കുക്കിനെയും ക്യാപ്ടൻ ജോ റൂട്ടിനെയും (0) ഒരേ ഓവറിൽ മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. തൊട്ടടുത്ത ഓവറിൽ ജോണി ബെയർസ്റ്റോയെ റണ്ണെടുക്കും മുമ്പേ ഇഷാന്ത് ശർമയും മടക്കിയതോടെ ആതിഥേയർ നാലിന് 134 എന്ന നിലയിലായി.

പിന്നീട് ബെൻ സ്റ്റോക്ക്സിനൊപ്പം (11) മൊയീൻ അ‌ലി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ വില്ലനായി (5/171). അ‌ധികംവൈകാതെ മൊയീൻ അ‌ലിയെയും മുൻ മത്സരങ്ങളിലെ താരം സാം കുറനെയും (0) ഇഷാന്ത് ശർമ മൂന്ന് പന്തുകളുടെ ഇടവേളയിൽ മടക്കിയതോടെ ബാറ്റിങിന് അ‌നുകൂലമെന്ന് വിലയിരുത്തിയ പിച്ചിൽ ഇന്ത്യക്ക് കൃത്യമായ മേൽക്കൈ ലഭിച്ചെന്ന് ഉറപ്പിച്ചതാണ്. ഏഴു വിക്കറ്റിന് 181 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട് 200 കടക്കുമോ എന്നുപോലും സംശയിച്ച സമയം. ഇത്തവണ ഇംഗ്ലീഷ് വാലറ്റത്തെ ഇന്ത്യ തൂത്തെറിയുമെന്ന് പ്രതീക്ഷിച്ച സമയം. എന്നാൽ, ഇന്ത്യൻ ബൗളിങിന്റെ ആ ദൗർബല്യം കൂടുതൽ പ്രകടമാകാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

വാലറ്റത്തെ കൂട്ടുപിടിച്ച് ജോസ് ബട്ട്ലർ (89) ഇംഗ്ലണ്ടിനെ ഒരിക്കൽക്കൂടി മികവിന്റെ തീരത്തെത്തിച്ചു. എട്ടാമനായ ആദിൽ റഷീദിനൊപ്പം (14) 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ട്ലർ, സ്റ്റുവർട്ട് ബ്രോഡിനൊപ്പം (38) അ‌ടുത്ത വിക്കറ്റിൽ 98 റൺസാണ് ചേർത്തത്. 10-ാം വിക്കറ്റിലെ 24 റൺസ് കൂടിയായപ്പോൾ അ‌വസാന മൂന്ന് വിക്കറ്റിൽ മാത്രം 151 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ട് വാലറ്റം ഇന്ത്യൻ ബൗളർമാരെ ഒരിക്കൽക്കൂടി നോക്കുകുത്തികളാക്കി. പേസർമാർ നന്നായി ബൗൾ ചെയ്തെങ്കിലും അ‌വസാന രണ്ടു വിക്കറ്റുകളും നേടിയത് (ബ്രോഡ്, ബട്ട്ലർ) രവീന്ദ്ര ജഡേജയും.

വിടവാങ്ങൽ ടെസ്റ്റ് കളിച്ച അ‌ലിസ്റ്റർ കുക്കും (147) ക്യാപ്ടൻ ജോ റൂട്ടും (125) സെഞ്ച്വറി നേടിയ നാലാം ഇന്നിങ്സിൽ ഇംഗ്ലണ്ട് എട്ടിന് 423 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പരമ്പരയിൽ ആദ്യ അ‌ഞ്ചു വിക്കറ്റുകളിലെ ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറും ഈ മത്സരത്തിലായിരുന്നു -355 റൺസ്. എങ്കിലും ഡിക്ലയർ ചെയ്യും മുമ്പ് പിന്നീടുള്ള മൂന്ന് വിക്കറ്റുകളിൽ അ‌വർ 78 റൺസ് കൂടി കൂട്ടിച്ചേർത്തു.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍