UPDATES

മഴ, ടോസ്, രോഹിത് ശര്‍മ, ബൂംമ്ര; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ നീലപ്പട ഇന്ന് സെമി പോരാട്ടത്തിന്

ഓള്‍ഡ്‌ ട്രാഫഡിലെ അഞ്ചു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്

ഓള്‍ഡ് ട്രാഫഡില്‍ ഇന്ന് മഴമേഖങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുമോ? ടോസ് ഫലം നിര്‍ണയിക്കുമോ? ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇവയാണ്. ഓള്‍ഡ് ട്രാഫഡില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സാധ്യതകള്‍ എങ്ങനെയാണ്?

ഇന്ന് മഴ പെയ്ത് മത്സരം കുളമായാല്‍ മത്സരം നാളെ വീണ്ടും ‘റിസര്‍വ് ഡേ’യില്‍ നടക്കും. കുറച്ച് ഓവറുകള്‍ മാത്രം കളിക്കാനായാല്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് സമ്പ്രദായത്തില്‍ മത്സരലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കും. റിസര്‍വ് ഡേയിലും മത്സരം നടന്നില്ലെങ്കില്‍ ലീഗ് മത്സരങ്ങളിലെ മികച്ച പോയിന്റ് നിലയുടെ അടിസ്ഥാനത്തില്‍ ‘കളിക്കാതെ’ തന്നെ ഇന്ത്യ ഫൈനലിലെത്തും. റിസര്‍വ് ദിനത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ഫൈനലിലും ഇതുപോലെ ഒരു ദിവസം റിസര്‍വ് ഡേയുണ്ട്. രണ്ടു ദിവസവും കളി മുടങ്ങിയാല്‍ ഇരു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

ടോസ് നിര്‍ണായകം

ഈ ലോകകപ്പില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടന്ന അഞ്ചു കളികളിലും വിജയം ആദ്യം ബാറ്റ് ചെയ്തവര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് പുറമെ ഈ ഗ്രൗണ്ട് വേദിയായിട്ടുള്ള 51 മത്സരങ്ങളുടെ കണക്കെടുത്താല്‍ 27 തവണ പിന്തുടര്‍ന്നു ബാറ്റ് ചെയ്തവരാണ് വിജയിച്ചിട്ടുള്ളത്.

ടോസ് ഈ ലോകകപ്പില്‍ ഏറെ നിര്‍ണായകമാണ് എന്നത് തെളിഞ്ഞിട്ടുള്ളതാണ്. ഈ ലോകകപ്പിന്റെ ആദ്യപകുതി മഴയായിരുന്നു കളിച്ചത്. അതുകൊണ്ട് തന്നെ ടോസ് അധികം നിര്‍ണായകമായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ടോസ് നേടുന്നവര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് പതിവായി. ഈ ലോകകപ്പില്‍ മത്സരം നടന്ന 41 എണ്ണത്തില്‍ 27 എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ വിജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ മാത്രാണ് ചേസ് ചെയ്തവര്‍ വിജയിച്ചത്. മഴഭീഷണിയുടെ നിഴലില്‍ നടന്ന ആദ്യപകുതിയില്‍ നാലു തവണ മാത്രം ടോസ് നേടിയവര്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത രണ്ടു തവണ മാത്രം വിജയിച്ചപ്പോള്‍ രണ്ടാം പകുതിയിലെ 20 മത്സരങ്ങളില്‍ 15 പ്രാവശ്യവും ടോസ് നേടിയവര്‍ ആദ്യം ബാറ്റ് ചെയ്യുകയും 12 തവണ വിജയിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം

ബാറ്റിംഗ്-ബൗളിംഗിലെ മികവ് തന്നെയാണ് ഇന്ത്യയുടെ കരുത്ത്. അഞ്ച് സെഞ്ചുറികളുമായി രോഹിത് ശര്‍മയെന്ന കരുത്തന്‍ മുന്നിലുണ്ട്. കെ.എല്‍ രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി താന്‍ നാലാം നമ്പറിലും ഓപ്പണറായും ഇറങ്ങാന്‍ യോഗ്യനാണെന്ന് തെളിയിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി അര്‍ധ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഊര്‍ജസ്വലനായ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെ ഇന്ത്യക്ക് വിശ്വസിക്കാം.

ഇന്ത്യയെ ഇപ്പോഴും കുഴയ്ക്കുന്നത് മധ്യനിര തന്നെയാണ്. ഇതില്‍ പ്രധാനം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി തന്നെയാണ്. വിക്കറ്റിനു പിന്നിലും കൈകള്‍ ചോരുന്നു എന്ന പഴി ധോണി കേള്‍ക്കുന്നുണ്ട്. മധ്യ ഓവറുകളില്‍ സ്‌ളോ ബൗളര്‍മാരെ നേരിടാന്‍ കഴിയുന്നില്ല, സ്‌ട്രൈക്ക് കൈമാറാനും വൈകുന്നു എന്ന ആരോപണം ധോണി നേരിടുന്നുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലി ധോണിയുടെ സാന്നിധ്യത്തില്‍ തൃപ്തനാണ്. ധോണിയുടെ സാന്നിധ്യം ഒന്നുമാത്രം ഇന്ത്യന്‍ ടീമിന്റെ പ്രകടനം കൂടുതല്‍ മെച്ചമാക്കുമെന്ന് കഴിഞ്ഞ ദിവസവും കോഹ്‌ലി പറയുകയുണ്ടായി.

ഋഷഭ് പന്തിന് ഇന്നും അവസരം ലഭിക്കും. എന്നാല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്നില്ല എന്ന പഴി പന്ത് കേള്‍ക്കുന്നുണ്ട്. അടുത്ത നമ്പരില്‍ രവീന്ദ്ര ജഡേജയോ ദിനേശ് കാര്‍ത്തിക്കോ കേദാര്‍ ജാദവോ? ആരായിരിക്കും ഈ സ്ഥാനത്ത് ഇറങ്ങുക എന്നതായിരിക്കും ഇന്ന് കോഹ്‌ലി നേരിടുന്ന പ്രധാന വെല്ലുവിളി. മികച്ച ബാറ്റ്‌സ്മാനും മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിയുന്ന താരവുമായ ദിനേശ് കാര്‍ത്തിക്കിന് ഏതാനും അവസരം ലഭിച്ചെങ്കിലും ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രവീന്ദ്ര ജഡേജ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങി ബൗളിംഗില്‍ ‘മികച്ച’ പ്രകടനം നടത്തിയിരുന്നു. ഒപ്പം ബാറ്റിംഗിന്റെ കാര്യത്തിലും കുറച്ചൊക്കെ വിശ്വസിക്കാം. ഓള്‍ റൗണ്ടര്‍ എന്ന വിശേഷണത്തോടെ ടീമിലെത്തിയ കേദാര്‍ ജാദവിന് തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിലൊന്നും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ന്യൂസിലാന്‍ഡ് നിരയില്‍ ഇടംകൈയന്‍മാരായ നാല് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുണ്ട് എന്നതാണ് ഓഫ് സ്പിന്നര്‍ കൂടിയായ ജാദവിന് ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചാല്‍ അതിനുള്ള ഏകകാരണം.

ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബൂംമ്രയെന്ന ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ തന്നെയാണ് കോഹ്‌ലിയുടെ പ്രധാന ആയുധം. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്കും ഏത് സമയത്തും വിക്കറ്റ് വീഴ്ത്താനുള്ള കഴിവുമാണ് ഇതുവരെ 17 വിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞ ബൂംമ്രയെ ഏറ്റവും വിശ്വസ്തനാക്കുന്നത്. ന്യൂസിലാന്‍ഡ് ഏറ്റവും പേടിക്കേണ്ടത് ഈ തീപ്പൊരിയെ ആണെന്ന് അവര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ബൂംമ്രയ്‌ക്കൊപ്പം ആര് ബൗള്‍ ഓപ്പണ്‍ ചെയ്യും എന്നതാണ് കോഹ്‌ലിയെ ധര്‍മസങ്കടത്തിലാക്കുന്ന പ്രധാന കാര്യം. തന്ത്രങ്ങളുടെ ആശാനായ ഭുവനേശ്വര്‍ കുമാറും ലഭിച്ച അവസരത്തില്‍ മികച്ച പ്രകടനത്തേടെ ടീമില്‍ ഇടംപിടിച്ച മുഹമ്മദ് ഷമിയും ബൂംമ്രയ്‌ക്കൊപ്പം ഇറങ്ങുമോ അതോ അതില്‍ ഒരാള്‍ക്ക് മാത്രം അവസരം ലഭിക്കുമോ? വിക്കറ്റ് നേട്ടത്തില്‍ ബൂംമ്രയ്ക്ക് പിന്നില്‍ 14 വിക്കറ്റുമായി ഷമി ഉണ്ടെങ്കിലും ‘തല്ലുകൊള്ളി’ എന്ന പേരാണ് പ്രശ്‌നമാകുന്നത്. കളിച്ച അവസാന രണ്ടുകളികളിലും ധാരാളിത്തത്തോടെ റണ്‍ വിട്ടു കൊടുത്തു എന്നതാണ് ഷമിയുടെ പ്രശ്‌നം. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയ്‌ക്കെതിരെ 10 ഓവറില്‍ 73 റണ്‍സ് വിട്ടുകൊടുത്തതോടെ ഷമിക്ക് മുകളിലുള്ള പഴി മാറി. ഷമിയെ സെമിയില്‍ കളിപ്പിക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തു വന്നിട്ടുണ്ട്.

രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ഇന്ന് ഒരുമിച്ച് ഇറങ്ങുമോ അതോ അവരില്‍ ഒരാള്‍ക്ക് മാത്രം അവസരം ലഭിക്കുമോ എന്നതും ഇന്ന് പ്രധാനമാണ്. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്കന്‍ യാദവ് ആണെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ മുമ്പില്‍ ചഹലാണ്. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും എന്നത് സാധ്യതയുള്ള കാര്യമല്ലാത്തതിനാല്‍ ഒരാളായിരിക്കും ഇന്നിറങ്ങൂക. അല്ലെങ്കില്‍ രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഇറങ്ങും. അങ്ങനെയെങ്കില്‍ ഷമിയോ ഭുവനേശ്വര്‍ കുമാറോ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. മൂന്നാം ബൗളറായി പാണ്ഡ്യ ഉള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ബൗളിംഗ് കരുത്താണ് ന്യുസിലാന്‍ഡിന്റെ അനുകൂല ഘടകം. ട്രെന്റ് ബോള്‍ട്ട് ഇതുവരെ 15 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. വലംകൈയന്‍ ബാറ്റ്‌സ്മാരൂടെ പേടിസ്വപ്നമാണ് ബോള്‍ട്ട്. 150 കിലോ മീറ്റര്‍ വേഗതയില്‍ ഷോര്‍ട്ട് ബോളുകള്‍ എറിയുന്ന ലോക്കി ഫെര്‍ഗൂസനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ നേിടും എന്നത് പ്രധാനമാണ്. ഇതുവരെ 17 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

ബാറ്റിംഗിലാണ് ന്യൂസിലാന്‍ഡിന്റെ ദൗര്‍ബല്യം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇതുവരെ ന്യൂസിലാന്‍ഡ് നിരയില്‍ ഫോമിലുള്ളത്. രണ്ടു സെഞ്ചുറിയടക്കം ഇതുവരെ 481 റണ്‍സ് നേടിക്കഴിഞ്ഞു. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടും. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പേരുള്ള റോസ് ടെയ്‌ലര്‍ ഫോമിലേക്ക് ഉയരുമോ എന്നത് ഇന്നറിയാം. ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ ടെയ്‌ലര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യ-ന്യൂസിലാന്‍ഡ് ലീഗ് മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ കിവിപ്പടയുടെ പേസ് ബൌളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്സ്മാരെ എറിഞ്ഞിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍