UPDATES

ട്രെന്‍ഡിങ്ങ്

കെയ്ന്‍ വില്യംസണ്‍; വ്യത്യസ്തനായ ആ ക്യാപ്റ്റനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്‌

ഒന്നും, ആരും അനശ്വരമല്ലെന്നാണ് ഓരോ കളികളും നമ്മെ പഠിപ്പിക്കുന്നത്

A chain is as strong as it’s weakest link…

ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ് ഒരു ചങ്ങലക്കുള്ളത്…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ ലോകകപ്പിലെ സെമിഫൈനല്‍ പരാജയത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല ഒരു ഉദ്ധരണി ഉണ്ടോ എന്നു സംശയമാണ്?

ഇവിടെ ദുര്‍ബലമായ രണ്ടു കണ്ണികള്‍ ഉണ്ടായിരുന്നു…

ബാറ്റിങ്ങില്‍ നമ്പര്‍ 4 പൊസിഷനും, ബൗളിംഗില്‍ 6 ആം ബൗളറുടെ അഭാവവും. ഇത് രണ്ടും നിര്‍ണായക മത്സരത്തില്‍ നമ്മുടെ ദൗര്‍ബല്യമായി(നേരത്തെ ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ 6ആം ബൗളറിന്റെ അഭാവം നമ്മള്‍ അറിഞ്ഞതാണ്. അന്ന് പക്ഷേ, ബാറ്റിങ്ങില്‍ മുന്‍ നിര തിളങ്ങിയത് കൊണ്ട് ആ ദൗര്‍ബല്യം നമ്മള്‍ തിരിച്ചറിഞ്ഞില്ല എന്നു മാത്രം). എന്നാല്‍ സെമിഫൈനലില്‍ ഇത് രണ്ടും ഒരേ സമയം വെളിപ്പെട്ടു എന്നു മാത്രം.

ബാറ്റിങ് പരാജയത്തെ കുറിച്ചു മാത്രം വിലപിക്കുന്ന നമ്മള്‍ ബൗളിംഗില്‍ ചഹാല്‍ വഴങ്ങിയ 63 റണ്‍സ് മറന്നു പോവുന്നു. മൊത്തം 239 റണ്‍സ് വിട്ടു കൊടുക്കുമ്പോള്‍ ഒരാള്‍ 63 റണ്‍സ് വഴങ്ങുന്നത് ദൗര്‍ബല്യം തന്നെയാണ്(യാദൃശ്ചികമാവാം, ചഹാല്‍ തന്റെ അവസാന ഓവറില്‍ വിട്ടുകൊടുത്തത് 18 റണ്‍സാണ്. നമ്മള്‍ തോറ്റതും അതിനു തന്നെ).ആ പിച്ചില്‍ ഒരു റിസ്റ്റ് സ്പിന്നറേക്കാള്‍ ഗുണം ചെയ്യുമായിരുന്നത് ഒരു ഫാസ്റ്റ് ബൗളര്‍ തന്നെ ആകുമായിരുന്നു. മൊഹമ്മദ് ഷമി പുറത്തിരിക്കുകയായിരുന്നു എന്നും ഓര്‍ക്കുക.

ബാറ്റിങ്ങില്‍ ആദ്യ നാലു വിക്കറ്റുകളില്‍ രോഹിത് ശര്‍മയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ മികച്ച ബൗളിംഗിന്റെയും മികച്ച ക്യാച്ചിന്റെയും ഫലമാണ് എന്നു കരുതാം. എന്നാല്‍ രാഹുലിന്റെയും കോഹ്ലിയുടെയും വിക്കറ്റുകള്‍ തെറ്റായ ഷോട്ട് സെലക്ഷന്‍ മൂലമാണ്.

ക്രിക്കറ്റ് ആണ്, കളിയാണ്, ഇതൊക്കെ സംഭവിക്കാം. അത്തരം സാഹചര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഒരു ടീമിന്റെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. ഇവിടെ ടീം ഇന്ത്യയുടെ തീരുമാനം പിഴച്ചു എന്നു തന്നെ പറയേണ്ടി വരും.

തുടക്കം മുതലേ തലവേദന ആയിരുന്ന നമ്പര്‍ 4 പൊസിഷനില്‍ ഋഷഭ് പന്തിനെ തന്നെ അയച്ചത് ന്യായീകരിക്കാമെങ്കിലും നമ്പര്‍ 5 ല്‍ ദിനേശ് കാര്‍ത്തിക്കിനെയും നമ്പര്‍ 6 ല്‍ ഹാര്‍ദിക് പാണ്ഡ്യയെയും അയച്ചത് ഭാവനാശൂന്യമായ നടപടി ആയിപ്പോയി എന്നു പറയാതെ വയ്യ. ഇവിടെയാണ് ടീം ഇന്ത്യയുടെ തലച്ചോറിന് കണക്കുകൂട്ടല്‍ തെറ്റിയത്. ഈ പൊസിഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ധോണി ഇറങ്ങേണ്ടതായിരുന്നു.

350 മത്സരങ്ങളുടെ പരിചയ സമ്പത്ത് മാത്രമല്ല, ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും ‘തണുത്ത തലയുള്ള’ കളിക്കാരില്‍ ഒരാളാണ് ധോനി. പന്തിനെയും ഹാര്‍ദിക് പാണ്ഡ്യയേയും പോലുള്ള കൂറ്റന്‍ അടികള്‍ക്ക് ശേഷിയുള്ള, എന്നാല്‍ ‘സിരകളിലേക്കുള്ള രക്ത പ്രവാഹത്താല്‍ ‘ ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകപ്പിഴ സംഭവിക്കാന്‍ സാധ്യതയുള്ള, പരിചയ സമ്പത്ത് കുറഞ്ഞ അവരെ നിയന്ത്രിക്കാന്‍ കൂടെ ആളില്ലാതായി പോയിടത്താണ് നമുക്ക് പിഴച്ചത്. ആ രണ്ടു പേരും പുറത്തായ ഷോട്ടുകള്‍ നോക്കൂ. മിഡ് വിക്കറ്റിന് മുകളിലൂടെ ഇടം കയ്യന്‍ സ്പിന്നറെ അടിക്കാന്‍ നോക്കിയാണ് രണ്ടു പേരും പുറത്തായത്. ജഡേജയോടൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തുമ്പോള്‍ ധോണിയുമൊത്തുള്ള വിക്കറ്റിനിടയിലെ സംഭാഷണങ്ങള്‍ ആ ഇന്നിംഗിസിന് എത്രമാത്രം ഗുണം ചെയ്തു എന്ന് നോക്കുക. പന്തിനും പാണ്ഡ്യക്കും ഇല്ലാതെ പോയത് അതായിരുന്നു.

മാത്രവുമല്ല, ധോണി പഴയ ധോണി അല്ല. നാലോ അഞ്ചോ വര്‍ഷം മുന്‍പുള്ള ധോണി ഈ കളി ജയിപ്പിക്കുമായിരുന്നു. 45 ഓവര്‍ ആയിട്ടും റണ്‍ നിരക്ക് കൂട്ടാന്‍ ശ്രമിക്കാത്തതും (അപ്പോഴേക്കും അഞ്ച് ഓവറില്‍ 52 റണ്‍സ് വേണമായിരുന്നു) ധോണിയുടെ പണ്ടത്തെ കളി ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക് പോലും വിഷമമുണ്ടാക്കിയിരിക്കും.

ഒന്നും, ആരും അനശ്വരമല്ലെന്നാണ് ഓരോ കളികളും നമ്മെ പഠിപ്പിക്കുന്നത്. ധോണിയും അതിനു മുകളിലല്ലല്ലോ.

കളികള്‍ തോല്‍ക്കുമ്പോള്‍ പല കാരണങ്ങള്‍ നിരത്താനുണ്ടാവും. But, split milk is split… തൂവിപ്പോയ പാല്‍ തൂവിപോയത് തന്നെ. നമുക്ക് സംഭവിച്ച അബദ്ധങ്ങള്‍ നിരത്തി ന്യൂസിലാന്റിന്റെ അര്‍ഹതപ്പെട്ട വിജയം കുറച്ചു കാണേണ്ടതില്ല. നമ്മളെ പോലെ തന്നെ മികച്ച ഒരു ബൗളിംഗ് യൂണിറ്റ് തന്നെയാണ് അവരും. ഒരു പക്ഷെ, ഒരല്പം മുകളില്‍. എന്നാല്‍ ബാറ്റിങ്ങില്‍ നമുക്കല്പം താഴെ. വ്യത്യാസം അവരുടെ ക്യാപ്റ്റന്‍ ആയിരുന്നു. റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പിച്ചില്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ ഏതാണ്ട് അവസാനം വരെ കെയിന്‍ വില്യംസന്‍ ബാറ്റ് ചെയ്തു(ഒപ്പം അവരുടെ ഏറ്റവും പരിചയ സമ്പത്തുള്ള റോസ് ടെയ്‌ലറും. നമ്മളും ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ ഒപ്പമെത്താന്‍ ശ്രമിച്ചു.. പക്ഷെ, അവരുടേത് മുന്‍നിരക്കാര്‍ നേടിയപ്പോള്‍ നമുക്ക് പിറകില്‍ ആളില്ലാതെ പോയി). ഒരു ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ ഒരു ക്യാപ്റ്റന്റെ ‘ഭാവന’ക്ക് എന്തു വ്യത്യാസം വരുത്താനാകുമെന്നും വില്യംസന്‍ കാട്ടി തന്നു. രോഹിത് ശര്‍മയുടെ വിക്കറ്റ് പോയി കോഹ്ലി വന്ന ഉടന്‍ തന്നെ ഔട്ട് ഫീല്‍ഡില്‍ നിര്‍ത്താവുന്ന 2 ഫീല്‍ഡേഴ്‌സില്‍ ഒരാളെ ഇന്നര്‍ സര്‍ക്കിളില്‍ കൊണ്ടു വന്ന് ഒരു ക്യാച്ചിങ് പൊസിഷന്‍ കൂടി കൂട്ടിയതായിരുന്നൂ ആ തന്ത്രം. അത് വിജയിച്ചു. കോഹ്ലിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ അതിന്റെ ഫലമാണ്. ഷോര്‍ട് മിഡ് വിക്കറ്റിലെ ഫീല്‍ഡറേ ഒഴിവാക്കി ലെഗ് സൈഡിലേക്ക് സിംഗിള്‍ എടുക്കാന്‍ ശ്രമിച്ച കോഹ്ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തേര്‍ഡ് മാന്‍ ഇല്ലാത്ത ഓഫ് സൈഡിലേക്ക് ബൗണ്ടറി നേടാന്‍ ശ്രമിച്ച കാര്‍ത്തിക്ക് ബാക്വേഡ് പോയിന്റില്‍ ഒരു അസാമാന്യ ക്യാച്ചിലൂടെയും പുറത്തായി. ഇതാണ് ഭാവനാ സമ്പന്നമായ ക്യാപ്റ്റന്‍സി. കോഹ്ലി ഒരു മോശം ക്യാപ്റ്റന്‍ എന്ന അര്‍ത്ഥത്തിലല്ല, out of the box ചിന്തിക്കാനുള്ള കഴിവ് ആണ് വില്യംസനെ വ്യത്യസ്തനാക്കുന്നത്. നമുക്കില്ലാതെ പോയതും അതാണ്. ടീം സെലക്ഷന്‍ മുതല്‍ കളി വരെ…

പിന്‍ കുറിപ്പ്…
സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകരോട് ഒരു വാക്ക്.. കളിക്കാരെ ഇഷ്ടപ്പെട്ടോളൂ.. അവര്‍ക്ക് ജയ് വിളിച്ചോളൂ.. അവരുടെ അപദാനങ്ങള്‍ പാടിക്കോളൂ.. ഒരാളെ പുകഴ്ത്താന്‍ മറ്റൊരാളെ ഇകഴ്ത്തിക്കോളൂ.. പക്ഷെ, ഇതിനിടയില്‍ കളി മറക്കരുത്. കളിയെ കൂടി സ്‌നേഹിക്കണം.. കളിയാണ് വലുത്, കളിക്കാരല്ല…കളിയെ കളിയായി കണ്ടാല്‍ കാര്യമുണ്ട് കൂട്ടരേ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ധോണി; ഇന്നയാൾ വെറും തുഴയൻ, ഒരു പിഴവിന് ഒമ്പത് പിഴവിന്റെ വിമർശനം ഏറ്റുവാങ്ങുന്നു

 

അജയകുമാര്‍ ഉപ്പത്ത്

അജയകുമാര്‍ ഉപ്പത്ത്

എല്‍ ഐ സി ഡവലപ്‌മെന്റ് ഓഫിസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍