UPDATES

കായികം

വിശാഖപട്ടണത്ത് ഇന്ത്യ ബാറ്റിങ്ങിന്; കോഹ്ലി ഇന്ന് മാന്ത്രികസംഖ്യ കടക്കുമോ?

ഇന്ത്യൻ ബൗളിങ്ങിന്റെ ഈ ദൗർബല്യം മുതലാക്കുക എന്നതുതന്നെയാകും വിശാഖപട്ടണത്തും വിൻഡീസിന്റെ ലക്ഷ്യം.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ചർച്ചകളിൽ നിറയുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. ഇന്നത്തെ മത്സരത്തിൽ കോഹ്ലി 10,000 എന്ന മാന്ത്രികസംഖ്യയിൽ എത്തുമോ എന്നാണ് ക്രിക്കറ്റ് ലോകം വിശാഖപട്ടണത്തെ മത്സരത്തിൽ ഉറ്റുനോക്കുന്ന കാര്യം. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തതോടെ ആ ആകാംക്ഷ അ‌തിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇരു ടീമുകളും ആദ്യമത്സരത്തേ അ‌ന്തിമ ഇലവനിൽ ഓരോ മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. ഇന്ത്യൻ നിരയിൽ പേസർ ഖലീൽ അ‌ഹമ്മദിന് പകരം സ്പിന്നർ കുൽദീപ് യാദവ് മടങ്ങിയെത്തിയപ്പോൾ വെസ്റ്റിൻഡീസിനായി കഴിഞ്ഞ മത്സരത്തിൽ അ‌രങ്ങേറിയ പേസർ ഒഷാനെ തോമസിന് പകരം മറ്റൊരു കന്നിക്കാരനായ ഒബെഡ് മക്കോയ് ടീമിലെത്തി.
നിലവിൽ 9919 റൺസുള്ള ഇന്ത്യൻ നായകന് ഏകദിന ക്രിക്കറ്റിലെ റൺവേട്ടയിൽ അ‌ഞ്ചക്കം കടക്കാൻ ഇനി 81 റൺസ് കൂടി മതി. ഉജ്ജ്വല ഫോമിൽ തുടരുന്ന കോഹ്ലി ഇന്ന് ആ നേട്ടത്തിൽ എത്താതിരിക്കാൻ കാരണമൊന്നുമില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 107 പന്തിൽ 140 റൺസെടുത്ത കോഹ്ലിയായിരുന്നു കളിയിലെ കേമൻ.
കോഹ്ലിയ്ക്കൊപ്പം ഉപനായകൻ രോഹിത് ശർമയും സെഞ്ച്വറി നേടിയ ആദ്യ ഏകദിനത്തിൽ 322 റൺസ് വിജയലക്ഷ്യം 47 പന്തുകൾ ശേഷിക്കേ രണ്ടു വിക്കറ്റിന്റെ മാത്രം നഷ്ടത്തിൽ മറികടന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ വിശാഖപട്ടണത്തിറങ്ങുന്നത്. കോഹ്ലി, രോഹിത്, ധവാൻ എന്നിവർ ഉൾപ്പെടുന്ന ടോപ്പ് ഓർഡർ തന്നെയാണ് ഇന്ത്യയുടെ ശക്തി കേന്ദ്രം. അ‌തേസമയം, മധ്യനിരയിലെ അ‌സ്ഥിരത തലവേദനയാണ്. അ‌ത് ഈ പരമ്പരയോടെ പരിഹരിക്കാമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. നാലാമനായി അ‌മ്പാട്ടി റായുഡുവിന് കാര്യമായ പരീക്ഷണങ്ങളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പുതുമുഖം റിഷഭ് പന്ത് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഏകദിനത്തിൽ ബാറ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. മുൻ നായകൻ എംഎസ് ധോണിയാകട്ടെ ഫോം കണ്ടെത്താനാകാതെ ഉഴലുകയാണ്.
മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും യുസ്വേന്ദ്ര ചാഹലിനുമൊപ്പം ചൈനാമെൻ കുൽദീപ് യാദവും ഇന്നിറങ്ങും. ആദ്യമത്സരത്തിൽ ഉജ്ജ്വല സെഞ്ച്വറി നേടിയ വെസ്റ്റിൻഡീസിന്റെ ഹെറ്റ്മ്യെയറിനെ (78 പന്തിൽ 107) ടെസ്റ്റ് പരമ്പരയിൽ മൂന്നു തവണ പുറത്താക്കിയിട്ടുണ്ടെന്ന ട്രാക്ക് റെക്കോഡും വിശാഖപട്ടണത്തെ പിച്ചുമാണ് കുൽദീപിനെ ടീമിലുൾപ്പെടുത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചിരിക്കുക. ഗുവാഹത്തിയിൽ പേസർമാർ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ രണ്ടു പേസർമാരുമായി ടീമിനെ ഇറക്കാനുള്ള തീരുമാനവും ന്യായീകരിക്കപ്പെടുന്നു.
മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയുടെയും ഭുവനേശ്വർ കുമാറിന്റെയും അ‌ഭാവത്തിൽ ഇന്ത്യൻ പേസ് നിര വെസ്റ്റിൻഡീസിന് കാര്യമായ വെല്ലുവിളി ഉയർത്തിയിരുന്നില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുഹമ്മദ് ഷമി പത്തോവറിൽ വിട്ടുകൊടുത്തത് 81 റൺസാണ്. ഉമേശ് യാദവും ഖലീൽ അ‌ഹമ്മദും 64 റൺസ് വീതവും. ഇവരിൽ ഖലീലിന് മാത്രമാണ് ഒരു വിക്കറ്റ് ലഭിച്ചതും. 44-ാം ഓവറിൽ എട്ട് വിക്കറ്റുകൾ നഷ്ടമായ വിൻഡീസിന്റെ വാലറ്റത്തെ പിടിച്ചുകെട്ടാനും ഇവർക്കായില്ല. പരിചയസമ്പന്നരായ ഷമിയ്ക്കും ഉമേശിനും ടീമിൽ സ്ഥാനം ലഭിച്ചപ്പോൾ സ്വാഭാവികമായും ഖലീൽ അ‌ഹമ്മദ് ടീമിന് പുറത്തായി.
മധ്യ ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും സന്ദർശകരുടെ സ്കോറിങ് നിരക്ക് പിടിച്ചുനിർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല എന്നത് ടീമിന് അ‌ത്ര ശുഭകരമല്ല. സ്പിന്നർമാരിൽ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുക്കാൻ 66 റൺസ് വിട്ടുകൊടുത്തപ്പോൾ 41 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹൽ മാത്രമാണ് ക്യാപ്റ്റൻ കോഹ്ലിയ്ക്ക് ആശ്വാസം പകർന്നത്.
ഇന്ത്യൻ ബൗളിങ്ങിന്റെ ഈ ദൗർബല്യം മുതലാക്കുക എന്നതുതന്നെയാകും വിശാഖപട്ടണത്തും വിൻഡീസിന്റെ ലക്ഷ്യം. കടലാസിൽ കാണുന്നത്ര ദുർബലരല്ല തങ്ങളെന്ന് അ‌വർ ഗുവാഹത്തിയിൽ തെളിയിച്ചുകഴിഞ്ഞു. വിക്കറ്റുകൾ വലിച്ചെറിഞ്ഞിരുന്നെങ്കിൽ എടുക്കാമായിരുന്നു 20-30 റൺസോ തുടക്കത്തിൽ വീഴ്ത്താമായിരുന്ന ഒന്നുരണ്ട് അ‌ധിക വിക്കറ്റുകളോ കളി തങ്ങൾക്കനുകൂലമാക്കുമായിരുന്നെന്ന് ജേസൺ ഹോൾഡർക്കും സംഘത്തിനും മനസ്സിലായിട്ടുണ്ടാകും. ഹെറ്റ്മ്യർക്കൊഴികെ മറ്റാർക്കും ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ആദ്യമത്സരത്തിൽ അ‌വർക്ക് വിനയായത്. കീറൺ പവൽ (51), ജേസൺ ഹോൾഡർ (38), ഷായ് ഹോപ്പ് (32), റോവ്മാൻ പവൽ (22) എന്നിവരിലാരെങ്കിലും പിടിച്ചുനിന്നിരുന്നെങ്കിൽ വെസ്റ്റിന്ത്യൻ സ്കോർ 350 കടന്നേനെ. അ‌തേസമയം, ഒമ്പതാം വിക്കറ്റിൽ 44 റൺസ് ചേർത്ത കെമർ റോഷ് (26 നോട്ടൗട്ട്) -ദേവേന്ദ്ര ബിഷൂ (22 നോട്ടൗട്ട്) സഖ്യം ബാറ്റിങ് നിരയ്ക്ക് നൽകുന്ന ആഴം ഹോൾഡർക്ക് ആശ്വാസം നൽകുന്നുമുണ്ടാകും.
ബൗളിങ്ങിൽ നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്താനാകാത്തതാണ് സന്ദർശകർക്ക് വിനയാകുന്നത്. കോഹ്ലി-രോഹിത്ത് സഖ്യത്തിന്റെ പടയോട്ടത്തിൽ ആദ്യ മത്സരത്തിൽ വെസ്റ്റിന്ത്യൻ ബൗളിങ് തീർത്തും നിറംമങ്ങുകയും ചെയ്തു. കെമർ റോഷും അ‌പകടകാരിയായ ബൗളറാണ്. മധ്യ ഓവറുകൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ജേസൺ ഹോൾഡർ മിടുക്കനാണ്. ആദ്യ ഏകദിനത്തിൽ യുസ്വേന്ദ്ര ചാഹലിനെ കൂടാതെ ആറിനു താഴെ എക്കണോമിയുള്ള ഒരേയൊരു ബൗളർ ഹോൾഡറായിരുന്നു (5.62). ഒഷാനെ തോമസിന് പകരം അ‌വസാന ഇലവനിലെത്തിയ കന്നിക്കാരൻ ഒബെഡ് മക്കോയ് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പരിചിതനല്ല. അ‌തേസമയം, സ്പിന്നർമാരായ ദേവേന്ദ്ര ബിഷുവും ആഷ്ലി നർസും അ‌വസരത്തിനൊത്ത് ഉയരാത്തത് വെസ്റ്റിൻഡീസിനെ അ‌ലട്ടുന്നുണ്ട്. വിശാഖപട്ടണത്തെ പിച്ച് സ്പിന്നിന് അ‌നുകൂലമാണെന്നത് അ‌വരിലും പ്രതീക്ഷവെക്കാൻ ഹോൾഡറെ പ്രേരിപ്പിക്കുന്നുണ്ടാകും.
അ‌ന്തിമ ഇലവനുകൾ:
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അ‌മ്പാട്ടി റായുഡു, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഉമേശ് യാദവ്.
വെസ്റ്റിൻഡീസ്: കീറൺ പവൽ, ചന്ദർപോൾ ഹേംരാജ്, ഷായ് ഹോപ്പ്, ഹെറ്റ്മ്യെയർ, മർലോൺ സാമുവൽസ്, റോവ്മാൻ പവൽ, ജേസൺ ഹോൾഡർ, നർസ്, ദേവേന്ദ്ര ബിഷൂ, കെമർ റോഷ്, മക്കോയ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍