UPDATES

കായികം

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 നാളെ; സുപ്രധാന നീക്കങ്ങളുമായി ബിസിസിഐയും

ഒരു വശത്ത് മൈതാനത്ത് ഇന്ത്യന്‍ ടീം പൊരുതുമ്പോള്‍ കളിയെക്കാള്‍ സുപ്രധാന കാര്യങ്ങളിലാകും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയത്രയും.

അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 ആദ്യ മത്സരം നാളെ നടക്കും. ലോകകപ്പ് ക്രിക്കറ്റിനു ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും നടക്കുന്നത് ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ്. നാളെ ഇന്ത്യന്‍ സമയം രാത്രി 8നാണ് ആദ്യ മത്സരം. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമാകയാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം. ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും ലോകമെമ്പാടും വിവിധയിടങ്ങളില്‍ ട്വന്റി-20 ലീഗ് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള നിരവധി പേര്‍ കരീബിയന്‍ പടയിലുണ്ട്.

എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ വെസ്റ്റീന്‍ഡീസിനേക്കാളും ഏറെ മുന്നിലുള്ള കോഹ്ലിപ്പടയ്ക്ക് ഇതൊന്നും ഒരു ഭീഷണി ആകാന്‍ ഇടയില്ല. ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കരുത്താവും. ട്വന്റി -20 യ്ക്കു ശേഷം ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയും ബാക്കിയുണ്ട്. ട്വന്റി-20 യില്‍ വിജയിക്കുന്ന ടീമിന് ഈ മത്സരങ്ങളില്‍ കൂടൂതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നുറപ്പ്. പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത് ഇവരില്‍നിന്നാകും: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് (വൈസ് ക്യാപ്റ്റന്‍), ധവാന്‍, രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, പന്ത് (കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.

ഒരു വശത്ത് മൈതാനത്ത് ഇന്ത്യന്‍ ടീം പൊരുതുമ്പോള്‍ കളിയെക്കാള്‍ സുപ്രധാന കാര്യങ്ങളിലാകും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയത്രയും. യുഎസിലും വെസ്റ്റിന്‍ഡീസിലുമായി ഇന്ത്യ കളിക്കുമ്പോള്‍ പുതിയ പരിശീലകരെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂവിന്റെ തിരക്കിലാകും ബിസിസിഐ. രവി ശാസ്ത്രിയെ തന്നെ പരിശീലകനയി മതിയെന്ന് നായകന്‍ കോഹ്‌ലി പറഞ്ഞെങ്കിലും അന്തിമ തീരുമാനം എന്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍