UPDATES

ട്രെന്‍ഡിങ്ങ്

ഗ്രൗണ്ട് കുത്തിപ്പൊളിക്കാന്‍ പറ്റില്ലെന്നു ജിസിഡിഎ; സ്റ്റേഡിയത്തിനായി ഞങ്ങള്‍ ചിലവഴിച്ച പണത്തിന് വിലയില്ലേ എന്നു ക്രിക്കറ്റ് അസോസിയേഷന്‍

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം അനിശ്ചിതത്വത്തില്‍ തന്നെ

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീരുന്നില്ല. ക്രിക്കറ്റ് മത്സരം നടത്തുന്നതിനായി രണ്ടുകോടിക്കടുത്ത് മുതല്‍ മുടക്കി നിര്‍മ്മിച്ച ടര്‍ഫ് കുത്തിപ്പൊളിക്കുന്നത് അനുവദിക്കാനാകില്ലെന്ന ജിസിഡിഎയുടെ നിലപാടാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷനു മുന്നില്‍ മാര്‍ഗ തടസമായി നില്‍ക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരങ്ങള്‍, ഐഎസ്എല്‍ മത്സരങ്ങള്‍ എന്നിവയക്കായി ഗ്രൗണ്ടൊരുക്കിയത് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നാണ് ജിസിഡിഎ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സി കെ വിനീത്, ഇയാന്‍ ഹ്യൂം അടക്കമുള്ള താരങ്ങളും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍ അടക്കമുള്ള ഫുട്‌ബോള്‍ സംഘാടകരും രംഗത്തു വന്നിരുന്നു. ഇതോടെ 30 വര്‍ഷമായി സ്‌റ്റേഡിയം കരാറെടുത്തിരിക്കുന്ന കെസിഎ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം ആദ്യം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കെസിഎ തന്നെ താല്‍പര്യം കാണിച്ച് മത്സരം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. അതിപ്പോള്‍ കുഴപ്പത്തില്‍ പെട്ടിരിക്കുന്ന അവസ്ഥയിലുമായി.

ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ പ്രധാന പിച്ചും പരിശീലനം നടത്താനുള്ള പിച്ചും ഉള്‍പ്പെടെ അഞ്ചോളം പിച്ചുകള്‍ നിര്‍മ്മിക്കേണ്ടി വരും. ഇങ്ങനെ വരുമ്പോള്‍ ഫുട്‌ബോളിന് വേണ്ടി തയ്യാറാക്കിയ മൈതാനം നശിക്കും. ദീര്‍ഘനാള്‍ സമയമെടുത്താണ് ഫുട്‌ബോളിനായി മൈതാനം ക്രമീകരിച്ചത്. ക്രിക്കറ്റിന് വേണ്ടി ഇത് കുത്തിപ്പൊളിച്ചാല്‍ ഐഎസ്എല്‍ അടുത്ത സീസണ്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്. അങ്ങനെ വന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സീസണ്‍ മത്സരങ്ങള്‍ എങ്ങനെ നടക്കുമെന്ന ആശങ്കയാണ് ഫുട്‌ബോള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെന്നുമാണ് അവര്‍ പറയുന്നത്. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ജിസിഡിഎയും തമ്മില്‍ സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ കരാറില്‍ ഏര്‍പ്പെട്ട സഥിതിക്ക് നവംബര്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയ്ക്ക് അവകാശമുണ്ട്. എന്നാല്‍ കെസിഎയുടെ ഈ നീക്കത്തിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ആരാധകരും അടക്കം രംഗത്തു വന്നിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇതിനു പുറമെയാണ് ടര്‍ഫ് കേടുപാടുകള്‍ വരുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി ജിസിഡിഎയും രംഗത്തു വന്നിരിക്കുന്നത്.

കലൂര്‍ സ്റ്റേഡിയത്തിനായി കെസിഎ ചെയ്തതിനൊന്നും വിലയില്ലെന്നാണോ?
2014 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ആണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ പണം മുടക്കിയിരുന്നത്. ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള മറ്റു മത്സരങ്ങള്‍ക്കുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കിയതും കെസിഎ ആണ്. 30 വര്‍ഷത്തെ സ്‌റ്റേഡിയത്തിന്റെ കരാര്‍ പ്രകാരം ഞങ്ങള്‍ക്കാണ് ഇവിടെ മത്സരം നടത്താന്‍ അവകാശം; കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു. ടര്‍ഫ് ഒരുക്കിയത് ക്രിക്കറ്റിനും ഫുട്‌ബോളിനും വേണ്ടിയാണ്. 2014, 2015, 2016 വര്‍ഷങ്ങളില്‍ കെസിഎ അറ്റകുറ്റ പണികള്‍ നടത്തിയ സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടന്നത്. ഞങ്ങള്‍ ആരുമായി തര്‍ക്കത്തിന് നില്‍ക്കുന്നതല്ല. ക്രിക്കറ്റ് മത്സരങ്ങളും ഫുട്‌ബോള്‍ മത്സരങ്ങളും ഇവിടെ നടക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. സ്‌റ്റേഡിയത്തിന് വേണ്ടി കോടികള്‍ സര്‍ക്കാര്‍ മുടക്കിയെങ്കില്‍ ഫ്ലഡ് ലൈറ്റിനും നവീകരണത്തിനുമായി 2010 ല്‍ കെസിഎ പത്തുകോടി മുടക്കിയതിന് വിലയില്ലേ? ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയം മാറ്റുന്നതിനോട് കെസിഎക്ക് താത്പര്യമില്ല. പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു മൈതാനത്ത് തന്നെ ക്രിക്കറ്റും ഫുട്‌ബോളും നടത്താനാകും. എന്തുകൊണ്ട് ഇവിടെ ക്രിക്കറ്റ് വേണ്ട എന്ന് പറയുന്നു. ഞങ്ങള്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരം തിരുവന്തനപുരത്ത് നടത്തി ഈ മത്സരം കൊച്ചിയില്‍ നടത്താനാണ് ആഗ്രഹിക്കുന്നത്. രണ്ടും ഞങ്ങള്‍ക്ക് എംഒയു ഉള്ള സ്ഥലമാണ്. ഇത് സംബന്ധിച്ചുള്ള യോഗം നാളെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ ഉള്‍പ്പെടുത്തി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജിസിഡിഎയും കെസിഎയും തമ്മില്‍ നടന്ന ആദ്യ യോഗത്തില്‍ കൊച്ചിയില്‍ തന്നെ ക്രിക്കറ്റ് മത്സരം നടത്താന്‍ തീരുമാനം ആയതാണെന്നും എന്നാല്‍ മന്ത്രിതലത്തില്‍ നിന്നും ജിസിഡിഎയ്ക്കു മേലുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തേണ്ടെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ത്താന്‍ ജിസിഡിഎ അധികൃതര്‍ തയ്യാറായിരിക്കുന്നതെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നു.

കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോളിന് മാത്രമായി നല്‍കണം
കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണിലും നടക്കാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എല്ലാ ഐഎസ്എല്‍ സീസണിലും ക്രിക്കറ്റും ഫുട്‌ബോളും കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്. ജിസിഡിഎയും കെസിഎയും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള വിഷയത്തില്‍ മത്സരം എവിടെ നടത്തണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്; കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടിയും കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോളിനും വേണ്ടി ക്രമീകരിക്കുന്നതാണ് നല്ലത്. എന്നാല്‍ കെസിഎക്കുള്ളില്‍ തന്നെ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളാകാം ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ തന്നെ നടത്തണമെന്ന വാശിക്കു പിന്നില്ലെന്നും അനില്‍കുമാര്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ സ്‌റ്റേഡിയം നവീകരണം ഉള്‍പ്പെടെ കെസിഎയുമായാണ് കരാറുള്ളത്. ഈ കരാര്‍ ജിസിഡിഎ അവസാനിപ്പിച്ചാല്‍ മാത്രമെ ഈ വിഷയത്തില്‍ കെഎഫ്എക്ക് തീരുമാനമെടുക്കാനാകൂ. കളി നടത്താന്‍ സാധിക്കില്ലെന്ന് ജിഡിഡിഎ പറഞ്ഞാല്‍ നിലവിലുള്ള കരാര്‍ അവസാനിക്കും. എന്നാല്‍ സ്‌റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജിസിഡിഎ തന്നെ ഏറ്റെടുത്തു ചെയ്യേണ്ടി വരും. ഈ വിഷയത്തില്‍ ഫുട്‌ബോള്‍ താരങ്ങളും ആരാധകരും പറയുന്നതില്‍ അടിസ്ഥാനമൊന്നുമില്ല. സര്‍ക്കാര്‍ സ്‌റ്റേഡിയം നവീകരണം ഏറ്റെടുത്ത് നടത്തിയാല്‍ സ്‌റ്റേഡിയത്തിന്റെ കാര്യം പോക്കാണ്. സ്റ്റേഡിയം കെസിഎ എറ്റെടുത്ത് നടത്തിയാല്‍ മാത്രമെ സ്‌റ്റേഡിയത്തിന്റെ നവീകരണവും മറ്റും കാര്യക്ഷമമാകു എന്നും അദ്ദേഹം പറഞ്ഞു. ടര്‍ഫിന് രണ്ടര കോടി രൂപയാണ് ചിലവിട്ടത്. സ്‌റ്റേഡിയത്തിനായി 25 കോടിയും. ഇതു പോരാത്തതിന് കെസിഎ കരാര്‍ പ്രകാരമുള്ള തുകയും ജിസിഡിഎയുടെ കൈവശമുണ്ട്. വര്‍ഷാവര്‍ഷം 12 ലക്ഷം രൂപ വാടക ഇനത്തിലും വാങ്ങുന്നുണ്ട് ജിസിഡിഎ; അനില്‍കുമാര്‍ പറഞ്ഞു.

ടര്‍ഫ് നശിപ്പിച്ച് ക്രിക്കറ്റ് മത്സരം നടത്താന്‍ അനുവദിക്കില്ല
ക്രിക്കറ്റോ, ഫുട്‌ബോളോ എന്ത് മത്സരം നടത്തിയാലും ജിസിഡിഎ അതിന് എതിരല്ല. എന്നാല്‍ കോടികള്‍ മുടക്കി തയാറാക്കിയ ടര്‍ഫ് നശിപ്പിച്ച് ഇവിടെ ക്രിക്കറ്റ് മത്സരം നടത്താന്‍ അനുവദിക്കില്ല; ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അഴിമുഖത്തോട് വ്യക്തമാക്കി. പറഞ്ഞു. ഇത് കെസിഎ യുമായി ബന്ധപ്പെട്ടുള്ള കരാര്‍ വിഷയമല്ല. ഇത് സംബന്ധിച്ച ആലോചനയോഗം നാളെ കെസിഎയും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റിനെയും പങ്കെടുപ്പിച്ച് നടത്തുമെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

കരാര്‍ പ്രകാരം കൊച്ചിയില്‍ മത്സരം നടത്താന്‍ കെസിഎയ്ക്ക് കഴിയുമെങ്കിലും പൊതുവായി ഉണ്ടായിരിക്കുന്ന എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടു പോകാന്‍ തന്നെയാകുമോ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം എന്ന് നാളെ നടക്കുന്ന യോഗത്തിനുശേഷമെ വ്യക്തമാകൂ. ഇപ്പോഴത്തെ എതിര്‍പ്പിനു മുന്നില്‍ വഴങ്ങേണ്ടി വന്നാല്‍ ഒരുപക്ഷേ കലൂര്‍ സ്റ്റേഡിയത്തില്‍ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന തീരുമാനം കെസിഎ എടുത്തെന്നു വരും. അങ്ങനെയാണെങ്കില്‍ കൊച്ചിക്കാരുടെ ക്രിക്കറ്റ് ആവേശത്തിന് അത് വലിയൊരു തിരിച്ചടിയായി മാറുകയും ചെയ്യും.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍