UPDATES

കായികം

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ 2014 ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമോ?

മാസങ്ങളോളം പരിക്കിലായിരുന്ന ടീം നായകന്‍ പി.ആര്‍ ശ്രീജേഷ് ക്യാമ്പില്‍ തിരിച്ചെത്തിയതും മറ്റു താരങ്ങള്‍ ഫോമിലാണെന്നുള്ളതും തികഞ്ഞ ആത്മവിശ്വാസമാണ് ടീമിന് നല്‍കുന്നത്.

ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ഹോക്കി ടീമിന് 2014-ലേതു പോലെ സ്വര്‍ണതിളക്കം ആവര്‍ത്തിക്കാന്‍ കഴിയുമോ? മലയാളി താരം പി.ആര്‍ ശ്രീജേഷും സംഘം 2014-ലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ടീമില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ഇന്ത്യക്ക് സ്വര്‍ണം നിലനിര്‍ത്താന്‍ ആകുമെന്നുമാണ് കഴിഞ്ഞ ദിവസം പരിശീലകന്‍ ഹരേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞത്.

ഏഷ്യന്‍ ഗെയിംസിലെ പൂള്‍ എ യില്‍ സൗത്ത് കൊറിയ, ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോങ്, ചൈന, ഇന്തോനേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ മലേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഒമാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ ടീമുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റണ്ണറപ്പുകളായ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായാല്‍ 2020-ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നേരിട്ട് യോഗ്യത ലഭിക്കും.  ശ്രീജേഷ് ആണ് ടീം ഇന്ത്യയുടെ ഗോള്‍ കീപ്പറും ക്യാപ്റ്റനും. ക്യാമ്പില്‍ 25 കളിക്കാരാണുള്ളത്.

മാസങ്ങളോളം പരിക്കിലായിരുന്ന ടീം നായകന്‍ ശ്രീജേഷ് ക്യാമ്പില്‍ തിരിച്ചെത്തിയതും മറ്റു താരങ്ങള്‍ ഫോമിലാണെന്നുള്ളതും തികഞ്ഞ ആത്മവിശ്വാസമാണ് ടീമിന് നല്‍കുന്നത്. ബംഗളൂരു സായ് കേന്ദത്തില്‍ അവസാനട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഓഗസ്റ്റ് 22-ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യകളി.

2014 ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യ പാക്ക് പോരാട്ടം ഇങ്ങനെയായിരുന്നു. അനുദവിച്ച സമയത്തില്‍ ഇരു ടീമുകകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഈ ഘട്ടത്തില്‍ ഇന്ത്യയുടെ ഗോള്‍ പോസ്റ്റില്‍ വന്‍ മതിലായി നിന്ന ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ വിജയിച്ച് കയറി (സ്‌കോര്‍ 4-2). 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരായത്.

ഏഷ്യ ഗെയിംസിന്റെ പൊന്നിന്‍ തിളക്കം കൊണ്ടു വന്ന ആവേശത്തോടെ 2014 ന് ശേഷം നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിച്ചു കയറി. റിയോ ഒളിമ്പിംകിസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഭംഗിയായി കളിച്ചെത്തി ടീം ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സ്ഥാനം, ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനം, എഷ്യന്‍ വന്‍കരയിലെ ഒന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ ശക്തമായ നിരയിലുള്ള ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിലെ മേധാവിത്വം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍