UPDATES

കായികം

ഐപിഎലില്‍ റണ്‍മല തീര്‍ത്ത് ഓറഞ്ച് ക്യാപ് അണിഞ്ഞ ഡേവിഡ് വാര്‍ണര്‍

പന്ത്രണ്ടാം സീസണില്‍ 12 മത്സരങ്ങളാണ് ഡേവിഡ് വാര്‍ണര്‍ കളിച്ചത്

ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍.സീസണിലെ 12 മത്സരങ്ങളില്‍ നിന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരമായ വാര്‍ണര്‍ 692 റണ്‍സ് നേടിയത്. സീസണില്‍ 69.20 ബാറ്റിംഗ് ശരാശരിയും 143.86 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായി ഹൈദരാബാദ് തട്ടകത്തില്‍ പുറത്താകാതെ വാര്‍ണര്‍ നേടിയ 100 റണ്‍സ് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കുന്ന ഇന്നിംഗ്‌സല്ല. 31 കാരനായ ഈ വിദേശ താരത്തിന്റെ റണ്‍മല കടക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞില്ല.

വാര്‍ണര്‍ ഉയര്‍ത്തിയ റണ്‍മലയുടെ അടുത്തെത്താന്‍ പോലും മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം. രണ്ടാം സ്ഥാനത്തുള്ള കെഎല്‍ രാഹുല്‍ 593 റണ്‍സ് നേടിയെങ്കിലും പ്ലേ ഓഫില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കടക്കാതിരുന്നത് രാഹുലിന് തിരിച്ചടിയായി. വാര്‍ണറോട് മത്സരിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല.

692 റണ്‍സ് നേടിയ വാര്‍ണറെ മറികടക്കുവാന്‍ പിന്നീടുള്ള സാധ്യത ക്വിന്റണ്‍ ഡി കോക്കിനായിരുന്നു. എന്നാല്‍ ആദ്യ ക്വാളിഫയറിലും ഫൈനലിലും താരത്തിനു വലിയൊരു ഇന്നിംഗ്‌സ് പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 529 റണ്‍സില്‍ താരത്തിന്റെ റണ്‍ വേട്ട അവസാനിക്കുകയും ഐപിഎല്‍ 2019ന്റെ ഓറഞ്ച് ക്യാപ്പിനു ഉടമയായി ഡേവിഡ് വാര്‍ണര്‍ മാറുകയും ചെയ്യുകയായിരുന്നു.

വാര്‍ണറുടെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ആണ് പുരസ്‌കാരം സ്വീകരിച്ചത്. റെക്കോര്‍ഡ് ചെയ്ത് വീഡിയോയില്‍ ഓറഞ്ച് ക്യാപ് നേടാനായത് വളരെ വലിയ ബഹുമതിയാണെന്ന് വാര്‍ണര്‍ അറിയിച്ചു. ബാറ്റ്‌സ്മാന്മാര്‍ ഇത്തരം അവാര്‍ഡുകള്‍ക്കായി അല്ല കളിയ്ക്കാനെത്തുന്നത്, ജയത്തിനായി വേണ്ടിയാണ് അവര്‍ കളത്തിലിറങ്ങുന്നതെന്നും വാര്‍ണര്‍ പറഞ്ഞു. മികച്ച വിക്കറ്റുകള്‍ സൃഷ്ടിച്ച ഹൈദ്രാബാദിലെ ക്യുറേറ്റര്‍മാര്‍ക്ക് വാര്‍ണര്‍ പ്രത്യേക നന്ദി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍