UPDATES

കായികം

കാശ്മീര്‍ ക്രിക്കറ്റിന് ഊര്‍ജ്ജം പകരാന്‍ ഇര്‍ഫാന്‍ പഠാനും കപില്‍ ദേവും

ഇരുവരെയും തങ്ങള്‍ സമീപിച്ചതായും അന്തിമ തീരുമാനം എടുക്കുന്നതിന് ഇരുവരും ഏതാനും ദിവസങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍

ജമ്മുകാശ്മീര്‍ ക്രിക്കറ്റിന് പുതിയ ഉത്തേജനം പകരാന്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും കപില്‍ ദേവും എത്തിയേക്കും. 17 വര്‍ഷമായി ജന്മനാടായ ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ഇര്‍ഫാന്‍ പഠാനെ കളിക്കാരനും മാര്‍ഗ്ഗദര്‍ശിയുമായി ടീമില്‍ ഉള്‍പ്പെടുത്താനാണ് ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിക്കുന്നത്. 1983ലെ ലോകക്കപ്പ് ഇന്ത്യയില്‍ എത്തിച്ച ടീമിന്റെ നായകന്‍ കപില്‍ ദേവിന്റെ ജമ്മുകാശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇരുവരെയും തങ്ങള്‍ സമീപിച്ചതായും അന്തിമ തീരുമാനം എടുക്കുന്നതിന് ഇരുവരും ഏതാനും ദിവസങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആഷിഖ് അലി ബുഖാരി സ്ഥിരീകരിച്ചു. ഒരു പ്രൊഫഷണല്‍ കളിക്കാരനെയാണ് തങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നതെന്നും വമ്പിച്ച അനുഭവ പരിചയമുള്ളതിനാലാണ് ഇര്‍ഫാന്‍ പഠാന് മുഖ്യ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകാശ്മീര്‍ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രണ്ട് മഹാന്മാരായ കളിക്കാരെ ടീമിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതെന്നും ബുഖാരി വിശദീകരിച്ചു.

പൂര്‍ണ സമയ പരിശീലകനാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ താഴ്വരയിലെ കളിക്കാര്‍ക്കായി ഹൃസ്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും കപില്‍ ദേവ് പറഞ്ഞതായാണ് വിവരം. ആഭ്യന്തര ക്രിക്കറ്റില്‍ ഇര്‍ഫാന്‍ പഠാന് നിലവില്‍ ബറോഡ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കുന്നില്ല. അതിനാല്‍ തന്നെ മറ്റേതെങ്കിലും ടീമിന് കളിക്കുന്നതിനുള്ള എന്‍ഒസി അദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബറോഡ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും വാങ്ങിയിരുന്നു. മൂന്ന് സീസണുകളില്‍ കളിക്കുന്നതിനാണ് ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ക്ഷണിച്ചിരിക്കുന്നതെന്ന് പഠാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അന്തിമ തീരുമാനം രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നും 33കാരനായ പഠാന്‍ വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് പഠാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍