UPDATES

കായികം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോളുകളുടെ എണ്ണം കൂടുന്നത് ഗോള്‍ക്കീപ്പര്‍മാരുടെ മണ്ടത്തരമെന്ന് റിപ്പോര്‍ട്ട് നിരീക്ഷണം

മുന്നേറ്റ നിരയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രതിരോധത്തിന് ടീമുകള്‍ വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ഗോളിമാരുടെ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗോള്‍ക്കീപ്പര്‍മാരുടെ പ്രകടനത്തിലൂടെ മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചേക്കുമെങ്കിലും അത് കിരീടവിജയത്തിലേക്ക് നയിക്കില്ലെന്നും ബംഗളൂരു എഫ്‌സിയുടെ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ മന്ദാര്‍ തംഹാനെ ചൂണ്ടിക്കാണിക്കുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോളുകളുടെ എണ്ണം കൂടുന്നത് ഗോളിമാരുടെ മണ്ടത്തരങ്ങള്‍ കൊണ്ടെന്ന് നിരീക്ഷണം. ഇതുവരെയുള്ള 27 കളികളില്‍ നിന്നും സ്‌കോര്‍ ചെയ്യ്ത 74 ഗോളുകളിലെ ഏകദേശം മൂന്നില്‍ ഒന്നും ഗോളിമാരുടെ പിഴവില്‍ നിന്നും പിറന്നതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നു. ഒരു കളിയില്‍ ശരാശരി 2.74 ഗോളുകള്‍ വീതമാണ് പിറക്കുന്നത്. അതായത് ശരാശരി ഓരോ 33 മിനുട്ടിലും ഒരു ഗോള്‍ വീതം.

എഫ്‌സി ഗോവയുടെ സ്പാനിഷ് താരം ഫെറാന്‍ കൊറോമിനാസിനെയും ബംഗളൂരുവിന്റെ വെനീസ്വലന്‍ സ്‌ട്രൈക്കര്‍ മികുവിനെയും പോലെയുള്ളവര്‍ ഗോളടിച്ച് കൂട്ടുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ പല ഗോള്‍ക്കീപ്പര്‍മാരുടെയും മോശം പ്രകടനം ഇവരുടെ ജോലി എളുപ്പമാക്കുകയാണ്. ഗോള്‍ക്കീപ്പര്‍മാരുടെ പിഴവുകള്‍ കൊണ്ട് പിറന്ന 24 എണ്ണത്തില്‍ 13 എണ്ണവും അവരുടെ ശുദ്ധമണ്ടത്തരം കൊണ്ട് സംഭവിച്ചതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ടീമുകളില്‍ വിദേശതാരങ്ങളുടെ എണ്ണം കുറച്ചതോടെ ഭൂരിപക്ഷം ടീമുകളും വിദേശ ഗോള്‍ക്കീപ്പര്‍മാരെ ഒഴിവാക്കുകയാണ്. കേരള ബ്ലസ്റ്റേഴ്‌സ് മാത്രമാണ് ആദ്യ ഇലവനില്‍ വിദേശതാരത്തെ ഗോള്‍ക്കീപ്പറായി ഇറക്കുന്നത്. അതോടെ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍മാരുടെ പ്രകടനം ശ്രദ്ധയിലേക്ക് വന്നു. കഴിഞ്ഞ ആഴ്ച അവസാനം മാത്രം മൂന്ന് ഗോളിമാര്‍ പിഴവുകള്‍ വരുത്തി. ആ പിഴവുകള്‍ മൂലം അവരുടെ ടീമുകള്‍ തോല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് മുംബൈ സിറ്റി എഫ്‌സി ഗോള്‍ക്കീപ്പര്‍ അമരീന്ദര്‍ സിംഗ് തന്റെ കാലുകളുടെ ഇടയിലൂടെ പന്ത് വലയിലേക്ക് പോകാന്‍ അനുവദിച്ച. കൊല്‍ക്കത്ത ടീമും ഈ സീസണിലെ ആദ്യ ഗോള്‍ നേടുകയും ചെയ്തു. അതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ എണ്ണപ്പെട്ട ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാള്‍ എന്നു പേരുക്കേട്ട ഗുര്‍പ്രീത് സിംഗ് സന്ദു, ജെ ജെയുടെ രക്ഷിക്കാവുന്ന ഒരു ഷോട്ട് വിട്ടുകളഞ്ഞു. ഇതൊന്നും ഒറ്റപ്പെട്ട പിഴവുകളായി കണക്കാക്കാന്‍ ആവില്ല. എഫ്‌സി ഗോവയുടെ ലക്ഷ്മികാന്ത് കന്നിമണി, നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍ക്കീപ്പര്‍ ടിപി രഹനേഷ്, എടികെയുടെ ദേബ്ജിത് മജുംദാര്‍, ഡല്‍ഹി ഡൈനാമോസിന്റെ ആല്‍ബിനോ ഗോമസ് തുടങ്ങിയവരെല്ലാം എതിരാളികള്‍ക്ക് പോയിന്റ് സമ്മാനിച്ചതില്‍ കുറ്റക്കാരായിന്ന. ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍മാരുടെ നിലവാരത്തെ കുറിച്ചുള്ള വലിയ സംശയങ്ങളാണ് ഈ ഐഎസ്എല്‍ സീസ ഉയര്‍ത്തിവിടുന്നത്.

ഇന്ത്യയുടെ ഓം നമ്പര്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോപോള്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് എന്നതാണ് രസകരം. ഇത് പോളിന്റെ അവസാന ഐഎസ്എല്‍ ആകുമെന്നാണ് വിലയിരുത്തുന്നതെങ്കില്‍ പോലും. അഞ്ച് കളികളില്‍ ഒരു ഗോള്‍ മാത്രമാണ് സുബ്രതോപോള്‍ വഴങ്ങിയത്. ചില ഗംഭീര രക്ഷപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. പലരുടെയും പൊക്കക്കുറവാണ് വിനയാകുന്നതെന്ന ഒരു നിരീക്ഷണവുമുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടും മജുംദാറെയും ഗോമസിനെയും ടീമിലേക്ക് പരിഗണിക്കാന്‍ ദേശീയ കോച്ച് സ്റ്റീവന്‍ കോസ്റ്റന്റ്‌റൈന്‍ തയ്യാറാവാത്തതും അതുമൂലമാണ്. എന്നാല്‍ സാങ്കേതികമായ പരിമിതികളും ഇന്ത്യന്‍ ഗോളിമാരെ അലട്ടുന്നുണ്ട്. ഇതില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് എഫ്‌സി ഗോവയ്ക്കാണ്. മൊത്തം പത്ത് ഗോളുകള്‍ വഴങ്ങിയതില്‍ പകുതിയും ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവുകള്‍ മൂലമായിരുന്നു. ലീഗില്‍ സ്പാനിഷ് ആധിപത്യം കൂടിയത് ഗോളിമാരുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. പന്ത് നീട്ടിയടിക്കുന്നതിന് പകരം പിന്നില്‍ നിന്നും പന്ത് സ്വീകരിച്ച് കുറിയ പാസുകളിലൂടെ മുന്നേറുന്ന സ്പാനിഷ് ശൈലിയുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍മാര്‍ക്ക് സാധിക്കുന്നില്ല. അത്തരം ശൈലിയില്‍ ഒരു ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരുന്നു.

മുന്നേറ്റ നിരയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രതിരോധത്തിന് ടീമുകള്‍ വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ഗോളിമാരുടെ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗോള്‍ക്കീപ്പര്‍മാരുടെ പ്രകടനത്തിലൂടെ മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചേക്കുമെങ്കിലും അത് കിരീടവിജയത്തിലേക്ക് നയിക്കില്ലെന്നും ബംഗളൂരു എഫ്‌സിയുടെ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ മന്ദാര്‍ തംഹാനെ ചൂണ്ടിക്കാണിക്കുന്നു. മികച്ച ഗോള്‍ക്കീപ്പറും കരുത്തുറ്റ പ്രതിരോധവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവൂ. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഏറ്റവും കുറവ് പിഴവുകള്‍ വരുത്തു ഗോള്‍ക്കീപ്പര്‍ ഉള്ള ടീം ഐഎസ്എല്‍ ജയിക്കാനാണ് സാധ്യത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍